ഒളിഞ്ഞുനോട്ടം
ഉദാത്തമായതും അന്യം നിന്നുപോവാത്തതുമായ
കലയെന്നാണ് ചരിത്രം പറയുന്നത്.
ചരിത്രം ആരാണ് നിർമ്മിച്ചെടുക്കുന്നതെന്നും
പൊളിച്ചടുക്കുന്നതെന്നുമുള്ള ചോദ്യം ഞാനും നിങ്ങളും
അബദ്ധത്തിൽ പോലും ചോദിച്ചേക്കരുത്.
പൊൻവെയിൽ നേരത്ത്
ചാറ്റൽ മഴയുണ്ടാവരുതെന്നാണ്
സദാചാരക്കമ്മിറ്റിയുടെ പുതിയ താക്കീത്.
കാരണം,
മഴയും വെയിലും ഒന്നിച്ചു തിമിർക്കുമ്പോൾ
കുറുക്കൻ കല്യാണം കഴിക്കുമത്രെ!
ഈ രീതിയിലാണോ കുറുക്കന്റെ കല്യാണമെന്ന്
ചാനൽചർച്ചയിൽ തീരുമാനമാവാത്തൊരു
വാചകക്കസർത്ത്.
ചവച്ചു ചവച്ച് മോണ വേദനിച്ചാലും
തുപ്പാനും ഇറക്കാനും കഴിയാതെ
ഓരോ വാർത്താ ബുള്ളറ്റിനിലും
എത്ര വിധ ഇറച്ചിക്കഷ്ണങ്ങളാണ്
എന്റെയും നിങ്ങളുടെയും വായിലേക്കവർ നിത്യേന
ചുരുട്ടിത്തിരുകുന്നത്.
മൂന്നുദിവസം മുമ്പത്തെ ലൈവ് ചർച്ച
സ്വീകരണമുറിയും കുഞ്ഞുസ്‌ക്രീനും തീ പടർന്നൊടുക്കം
മാഞ്ഞു മറഞ്ഞതെങ്ങനെയെന്ന്
ഓർക്കുന്നുണ്ടോ ഞാനും നിങ്ങളും..
മറവിയുടെ മഞ്ഞുമറയിലേക്ക് ഇനിയുമേറെ വരും
കാതും നെഞ്ചും പൊള്ളിക്കുന്ന വർത്തമാനങ്ങൾ
മറവി വല്ലാത്തൊരനുഗ്രഹമാണ്.
മറവി ഉത്തമമായൊരു ഔഷധമാണ്
അതുകൊണ്ടാണല്ലോ വാർത്തകളിലെ തീമണം
ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും ഞാനും നിങ്ങളും
വിസ്മരിക്കുന്നത്.
ഇനി നമുക്ക് ചെയ്യാൻ പറ്റുന്ന സൂത്രമിതാണ്.
കണ്ണുകൾ പൊത്താം.. കാതുകൾ മൂടാം.
ചുണ്ടിനു മീതെ വിരലൊട്ടിച്ചു നിർത്താം.
ഇനിയുമൊരുപാട് കാണാനും കേൾക്കാനുമുണ്ടല്ലോ
ശബ്ദചിത്രങ്ങളും ചിത്രമില്ലാ ശബ്ദങ്ങളും.
********************************
No comments:
Post a Comment