Showing posts with label വായന. Show all posts
Showing posts with label വായന. Show all posts

Wednesday, October 4, 2017

ആർക്കുമാവില്ല ഈ തീവെളിച്ചം കെടുത്തിക്കളയാൻ




തോക്കാണ് ആയുധം ; ഗോഡ്സെയാണ് ഗുരു..! എന്ന പുസ്തകത്തെ കുറിച്ച്
**************************************************************************

ഞാൻ ഗൗരി ലങ്കേഷ്.
എന്റെ രാജ്യത്തെ ഭരണഘടന എന്നെ പഠിപ്പിക്കുന്നത് മത നിരപേക്ഷത പാലിക്കുന്ന പൗരനാകാനാണ്. അല്ലാതെ വർഗീയ വാദിയാകാനല്ല. അതുകൊണ്ട് വർഗീയവാദികളെ എതിർക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ കരുതുന്നു
.


തോക്കാണ് ആയുധം ; ഗോഡ്സെയാണ് ഗുരു..! 
ഫാസിസ്റ്റ് വെടിയുണ്ടകൾ ഇല്ലാതാക്കിയ ഗൗരി ലങ്കേഷിനെ അനുസ്മരിക്കുന്ന ഈ പുസ്തകം ഇന്നത്തെ ഇന്ത്യൻ യാഥാർഥ്യത്തെ അടയാളപ്പെടുത്തുകയാണ്.

ഗൗരി ലങ്കേഷ് പുതിയ കാലത്തിന്റെ പോരാളി മാത്രമല്ല. അവർ ഒരു തുടർച്ച മാത്രമാണ്. നന്മയുടെ വക്താക്കൾക്ക് ഇനിയും കൂടുതൽ പ്രതിഷേധങ്ങളി ലേക്ക് ഇറങ്ങിച്ചെല്ലാൻ ഉൾപ്രേരണ തരുന്ന പോരാട്ടവീര്യത്തിന്റെ പ്രതീകം.
ഗൗരി ലങ്കേഷിന്റെ രാഷ്ട്രീയ ചിന്തകളും കാഴ്ചപ്പാടുകളും ഈ പുസ്തകത്തി ൽ കടന്നു വരുന്നു.
  
സച്ചിദാനന്ദൻ, സക്കറിയ, ശശികുമാർ. കെ. ഇ .എൻ, പ്രകാശ് രാജ്, ചിദാനന്ദ രാജ്‌ഘട്ട, ചേതന  തീർത്ഥഹള്ളി, കെ.ആർ. മീര, ബെന്യാമിൻ, അജയ് പി. മങ്ങാട്ട്, കെ.ടി. കുഞ്ഞിക്കണ്ണൻ തുടങ്ങിയ എഴുത്തുകാരുടെ ലേഖനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

നമ്മളെല്ലാം ഗൗരി ലങ്കേഷുമാരാണെന്ന് പ്രഖ്യാപിക്കുന്ന നിലപാട് പുസ്തത്തിന്റെ എഡിറ്റർ വി. മുസഫർ അഹമ്മദ്.

"പശു അമ്മയാണ്. അത് പാവനമാണ്. മനുഷ്യസ്ത്രീ എന്താണ്? മനുഷ്യസ്ത്രീയുടെ രക്തത്തിനു പാവനതയില്ലേ? 
ഫാഷിസത്തിന് ഒരു രക്തവും പാവനമല്ല എന്നതാണ് വാസ്തവം. രക്തം ഒരു ഉപകരണം  മാത്രമാണ്. ഇത് വർഗീയ ഫാഷിസ ത്തിന്റെ കാര്യം മാത്രമല്ല. എല്ലാ ഫാഷിസങ്ങളുടെയും കാര്യമാണ് എന്നു മറക്കേണ്ട താനും.
ഗൗരി ലങ്കേഷ് നൽകപ്പെട്ടത് പോലുള്ള ഒരു ഫാഷിസ്റ്റ് കൊലയുടെ ഉദ്ദേശ്യം സത്യത്തിന്റെ ശബ്ദത്തെ നിശ്ശബ്ദമാക്കുക എന്നത് മാത്രമല്ല.  ഇത്തരം കൊലകൾ എല്ലായ്പ്പോഴും അഹന്ത നിറഞ്ഞ ആധിപത്യ പ്രകടനവും രാഷ്ട്രത്തിന്റെ അന്തസത്തക്ക് നേരെയുള്ള വെല്ലുവിളിയും കൂടിയാണ്.
ഇന്ത്യ എന്ന രാഷ്ട്രം അതിന്റെ 70  വർഷം  നീണ്ട ചരിത്രത്തിൽ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ഒരു പ്രതിസന്ധിയിൽ എത്തിയിരിക്കുന്നുവെന്നതാണ് ഗൗരിയുടെ  ദാരുണമായ മരണം നമ്മോടു പറയുന്നത്. നാം സ്നേഹിച്ച ഇന്ത്യ എന്ന ജനാധിപ്ത്യ രാഷ്ട്രം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഗോരക്ഷകർ പോലുള്ള കൊലയാളിക്കൂട്ടങ്ങൾ മനുഷ്യജീവിതങ്ങൾ കശക്കിയെറിയുന്നു. വിദ്വേഷവും വർഗവെറിയും ജാതി-മത സ്പർധയും  ചങ്ങല പൊട്ടിച്ച ഭൂതങ്ങളെപ്പോലെ വേട്ടക്കിറങ്ങിയിരിക്കുന്നു.
ദാരിദ്ര്യം ഉന്മൂലനം ചെയ്യുന്നതിലുമെളുപ്പം ദരിദ്രരെ ഉന്മൂലനം ചെയ്യുകയാണ് എന്നു വിശ്വസിക്കുന്നവർ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആയിരം നാവുകളിൽ നിന്ന് കാളകൂടവിഷം വമിക്കുന്നു. സത്യം വിളിച്ചു പറയേണ്ട നാവുകൾ നിശ്ശബ്ദത പാലിക്കുന്നു.
ഇന്ത്യയാണ് നമ്മുടെ അമ്മ. മറ്റൊന്നുമല്ല.
ആ ഇന്ത്യ മൻ  കീ ബാത്തുകളുടെ മധുരപദങ്ങൾക്കപ്പുറത്തെ കൂരിരുട്ടിൽ വിവരണാതീതമായ ആപത്തുകളിലേക്ക് കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുക യാണ് എന്നതിന്റെ മറ്റൊരു ഭയാനകമായ സൂചനയാണ് ഗൗരി ലങ്കേഷ് എന്ന ഭാരതീയ പൗരന്റെ വാതിൽപ്പടിയിൽ കട്ട പിടിച്ചിരിക്കുന്ന സ്വന്തം ഹൃദയ രക്തം.
സക്കറിയ - പേജ് 45,46, 47, 48 (ഗൗരി ലങ്കേഷിന്റെ രക്തം)

"പ്രശസ്ത അമേരിക്കൻ പത്രപ്രവർത്തകനായ നോർമൻ കസിൻസ് ഹിറ്റ്ലറുടെ കുപ്രസിദ്ധമായ 'മെയ് കാഫി'നെക്കുറിച്ചെഴുതിയത്  ശശികലടീച്ചർ മോഡൽ പ്രഭാഷണങ്ങൾ കേൾക്കേണ്ടി വരുമ്പോൾ നിർബന്ധമായും നമ്മളോർമ്മിക്ക ണം.
നോർമൻ കസിൻസ് എഴുതിയത് ഹിറ്റ്ലറുടെ 'മെയിൻ കാഫി'ലെ ഓരോ വാക്കിനും നൂറ്റിയിരുപത്തിയഞ്ചു ജീവിതങ്ങൾ നഷ്ടമായി എന്നാണ്. 
പ്രകോപന പ്രസംഗങ്ങൾ കേട്ട് ഉന്മത്തരാവുന്ന ആൾക്കൂട്ടങ്ങൾക്ക് നഷ്ടമാവുന്നത് ചിന്തിക്കാനുള്ള കഴിവാണ്. അതെത്ര ജീവിതങ്ങൾ ഇല്ലാതാക്കുമെന്ന് മുൻ‌കൂർ പ്രവചിക്കുക അസാധ്യമാണ്.
എന്നാൽ, എത്ര പേരെ തന്നെ കൊന്നുതള്ളിയാലും തല്ലിത്തകർത്താലും  'മൃത്യു ഞ്ജയഹോമങ്ങൾ' ശുപാർശ ചെയ്തു സ്നേഹപൂർവ്വം വിരട്ടിയാലും അടിച്ചമർത്തപ്പെടുന്ന ഒരു ജനതയുടെ ഓർമകൾ ഒരിക്കലും ഇല്ലാതാവില്ല. അവ ഇല്ലാതാവാൻ, സ്വപ്നങ്ങളിൽ ജീവിതം നിറയുന്ന കാലത്തോളം സാംസ്കാരിക പ്രവർത്തകർ അനുവദിക്കില്ല. എത്ര തന്നെ മർദ്ദനങ്ങൾ നടത്തിയാലും, ആ ഓർമകളെ മായ്ച്ചു കളയാൻ നിങ്ങൾക്കാവില്ല.
ഹൊർവാഡ് ഫാസ്റ്റ് എഴുതിയത് പോലെ, ഓർമകളുള്ള ഒരു ജനതയുടെ തൊലി ക്കു താഴെ കലാപം മുഷ്ടി ചുരുട്ടി നിൽക്കുന്നുണ്ടായിരിക്കും"
കെ.ഇ .എൻ. - പേജ് 68,69,70,71,72,73 
(വാക്കുകൾ കൊയ്യുന്ന ജീവിതങ്ങൾ)

"ഈ നാട്ടിൽ യു.ആർ. അനന്തമൂർത്തിയും ഡോ. കൽബുർഗിയും എന്റെ പിതാവ് പി. ലങ്കേഷും പൂർണ്ണചന്ദ്ര തേജസ്വിയും  ഒക്കെയുണ്ടായിരുന്നതാണ്. അവരൊക്കെ ജവഹർലാൽ നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും ഒക്കെ നിശിതമായി വിമർശിച്ചിട്ടുള്ളവരാണ്.
പക്ഷെ, അതിന്റെ പേരിൽ അവർ ശാരീരികമായി ആക്രമിക്കപ്പെട്ടിരുന്നില്ല. കൊല്ലപ്പെട്ടിരുന്നില്ല. അവർക്ക് വധഭീഷണികൾ ലഭിച്ചിരുന്നില്ല"
എന്നു ഗൗരിലങ്കേഷ് പറഞ്ഞിട്ട് അധികം നാളുകൾ കഴിഞ്ഞിട്ടില്ല.
വെടിയുണ്ടയേറ്റ്  തൊണ്ട തുളഞ്ഞാൽ അവരുടെ ശബ്ദം നിലയ്ക്കുമോ? വാക്കുകളും അർത്ഥങ്ങളും ഇല്ലാതാകുമോ?
കൊല്ലപ്പെടുന്നവർക്കാണ് കൊല്ലുന്നവരേക്കാൾ ദീർഘായുസ്സ്. അവർ പിന്നെയും പിന്നെയും ഉയിർത്തെഴുന്നേറ്റു കൊണ്ടിരിക്കും.
കെ.ആർ. മീര - പേജ് 77,78 
(നിത്യമായി ഉയിർക്കുക, ഗൗരി ലങ്കേഷ്) 

"അവൾ ചോദ്യങ്ങളുയർത്തി 
അവൾ എഴുതി 
അവൾ പോരാടി 
അവൾ ചെറുത് നിന്നു
അവൾ വെടിയേറ്റ് കൊല്ലപ്പെട്ടു"
ചേതന തീർത്ഥഹള്ളി - പേജ് 85,86,87
(ഉയരും ആയിരം ഗൗരിമാർ)

മറുശബ്ദമുയർത്തുന്നവരെ ഇല്ലാതാക്കുന്ന ഫാഷിസരീതി ഇല്ലാതാക്കേണ്ടതുണ്ട്. ഹിന്ദുത്വ തീവ്രവാദവും മുസ്‌ലിം തീവ്രവാദവും രാജ്യമൊന്നാകെ നേരിടുന്ന വെല്ലുവിളികൾ തന്നെയാണ്.
ഗൗരി ലങ്കേഷിനെ മാത്രമല്ല. അതുപോലുള്ള അനേകം പോരാട്ടവീര്യങ്ങളെ മായ്ച്ചു കളഞ്ഞവർ ഒന്നോർക്കുക. ഇവരുടെ ആശയങ്ങൾ ഇല്ലാതാക്കാൻ നിങ്ങൾക്ക് കഴിയില്ല. ഇവർ ജ്വലിപ്പിച്ചു നിർത്തിയ ആദർശത്തിന്റെ തീവെളിച്ചം കെടുത്തിക്കളയാൻ ആർക്കുമാവില്ല.
അത് നമ്മുടെ മണ്ണിലെ സകല മൂലകളിലും ആളിപ്പടരും.നന്മ വറ്റാത്ത മനുഷ്യ മനസ്സുകളിൽ മരണമില്ലാതെ സ്മരണീയമാവും.
എതിർശബ്ദങ്ങളെ,  വിമർശനങ്ങളെ  ഇല്ലാതാക്കാൻ  ശ്രമിക്കുന്ന രാഷ്ട്രീയത്തെ പ്രതിരോധിക്കുകയാണ് ഈ പുസ്തകം.
പ്രോഗ്രസ്സ് ബുക്ക്സ് (കോഴിക്കോട്) ആണ് പ്രസാധകർ.


**************************************

Wednesday, April 6, 2016

കടൽദൂരം



എന്റെ
കടൽദൂരം 
എന്ന പുസ്തകത്തെക്കുറിച്ച്
അയിഷ എഴുതിയത്

കടൽദൂരം എന്ന ഈ പുസ്തകത്തിലുള്ളത് 45 കവിതകൾ ആണ്.
എല്ലാം വിശദീകരിക്കുവാൻ കഴിഞ്ഞില്ലെങ്കിലും, വളരെ മനസ്സടുത്ത കുറച്ച് കവിതകൾ ഇവിടെ പ്രതിപാദിക്കാം.

ഈ പുസ്തകത്തിലെ  ആദ്യത്തെ കവിത തന്നെ എല്ലാവർക്കും ഇഷ്ടമുള്ള പുഴയെ ആണ് പ്രതിപാദിച്ചിരിക്കുന്നത്.
നമുക്ക് നിശ്ചയമുണ്ട് ഇന്നത്തെ പുഴയുടെ അവസ്ഥ.
സത്യത്തിൽ വളരെ പരിതാപകരമായ അവസ്ഥയാണ് ഇന്നുള്ളത്.
ഒന്നാമതായി പുഴ ഇന്ന് കാണാനില്ല. കുട്ടികൾക്ക് പുഴ സൗഹൃദങ്ങൾ ഇല്ലെന്നു തന്നെ പറയാം.

ഒരു പഴയ കവി പാടിയപോലെ 'മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ...' എന്നതുപോലെ നമ്മളൊക്കെ ഒരു കാലത്ത് നമ്മുടെ മുഖം പുഴയുടെ കണ്ണാടിയിൽ കണ്ടവരാണല്ലോ എന്നോർത്തു പോകുന്നു.
ഇന്ന് സകല മാലിന്യങ്ങളും പുഴയിൽ വലിച്ചെറിയുമ്പോൾ  എഴുത്തുകാരന്റെ എഴുത്തുപോലെ തന്നെ ഇനിയുള്ള കാലം പുഴ മണ്ണിനടിയിൽ ശ്വാസംമുട്ടി മരിക്കുകയാവും എന്നതിന് സംശയമില്ല .....

'പച്ചിലകൾ തളിർക്കാതിരിക്കുന്നത്' എന്ന കവിത വായിച്ചാൽ  പക്ഷികൾ ചിലക്കുന്നത് അതവയുടെ തേങ്ങലുകളായി തോന്നാം. പക്ഷികൾക്ക് കൂടും ഇരിപ്പിടങ്ങളും ഇല്ലാതെ അവ തേങ്ങുമ്പോൾ ആണ് അവ ചിലക്കുന്നതായി നമുക്ക് തോന്നുന്നത്. വേട്ടക്കാരുടെ ഒാട്ടപ്പാച്ചിലിൽ  പക്ഷികൾ അങ്കലാപ്പിലാ കുന്നു.
അവയുടെ സ്വരമിടറുമ്പോൾ  നമ്മുടെ കവിതകൾ നിലക്കുന്നു.

ആക്രോശങ്ങളും അധികാര ദുർവിനിയോഗവുമെല്ലാം ഏറ്റുമുട്ടലുകളുടെ പാതയോരത്ത് സദാ ജാഗരൂകമാണ്. അങ്ങനെ വരുമ്പോൾ ആവശ്യമേറുന്നത് മാരകായുധങ്ങൾക്കും. കവിഹൃദയത്തിൽ അത് സ്പഷ്ടവുമാണ്.

'ആൽമരം തണലന്വേഷിക്കുകയാണ്' എന്ന കവിത അതുപോലെ നന്മയും സ്നേഹവും അറിവും ഒക്കെ നമുക്കുണ്ടായിട്ടും അതു നാം മറ്റുള്ളവരിൽ തിരയുകയാണ്ചെയ്യുന്നത്. പലപ്പോഴും ചുറ്റുപാടുകളിൽ, ഞാൻ എന്നഭാവം നമ്മുടെ കാഴ്ചകളെ മറയ്ക്കുന്നു.

'വിരൽ' പലപ്പോഴും നാം വിരൽതൊടുത്ത് വിലക്കാൻ മടിക്കുന്നു. ഇനി വലിപ്പച്ചെറുപ്പങ്ങളുടെ പട്ടികയിൽ വിരലും, അമ്മയുടെ തുറിച്ച നോട്ടവും,
ആദ്യക്ഷരവേളയിൽ  വളരെയധികം യാഥാർഥ്യങ്ങളിലേക്ക് സങ്കോചമില്ലാതെ കടന്നു വരികയാണ്  എഴുത്തുകാരന്റെ വരികൾ. വായനക്കാർക്ക് അത് ഒാർമ്മകളും ഉണർവ്വും നൽകുന്നു.

'ഓലവീട്' സൂചിപ്പിക്കുന്നത് കോൺക്രീറ്റ് ഭിത്തികളുടെ ശ്വാസംമുട്ടലുകളാണ്.
സുരക്ഷിതത്വം പ്രദാനംചെയ്യുമെന്ന് വിശ്വസിക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ, മണ്ണുമായും പ്രകൃതിയുമായുമുള്ള നമ്മുടെ ബന്ധത്തെ ഉലയ്ക്കുന്നു എന്നു പറയാതെ വയ്യ. ഒാലവീടുകാരുടെ അന്തസ്സിനെ ചോദ്യം ചെയ്യുമ്പോൾ ,
ഏതിരുളിന്റെ മറ നുകർന്നും അന്തസ്സ് ഉയർത്തുന്ന മലയാളിയുടെ ഭാവത്തെ യാണ് ഒാലവീട് നമ്മെ ഓർമ്മിപ്പിക്കുന്നത്.

'ഒരുനാൾ' എന്ന കവിതയിലൂടെ കണ്ണോടുമ്പോൾ ജീവിതത്തിൽ ദൈനംദിനകാഴ്ചകളകന്ന് താഴ്ചയുള്ള കാഴ്ചകളിലേക്ക്
കണ്ണിലെ കൃഷ്ണമണികളെ പൊന്തിച്ച് സൂക്ഷ്മ ദർശനമാണുദ്ദേശിക്കുന്നത്. എല്ലാ ഇടങ്ങളിലും ദാരിദ്ര്യം, ദുരിതം ഇവയെല്ലാം വലിയ വ്യത്യാസമില്ലാതെ കാണാം. അതു കാണാനുള്ള  കണ്ണ് നമുക്കില്ല എന്നതാണ് സത്യം.

'സ്വർഗ്ഗപുഷ്പ'ത്തിൽ തോന്നുന്ന സൂചന, ഏത് യുദ്ധങ്ങളും അതിക്രമങ്ങളും, അന്യായങ്ങളും ഒടുവിൽ ചെന്ന് പതിക്കുന്നത് സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അരികിലേക്കാണ്. അവരുടെ ജീവിതത്തിലേക്കാണ് എന്ന സത്യം കവി എഴുത്തിലും നമ്മെ ബോധ്യപ്പെടുത്തുന്നു.

'പ്രണയാർദ്ര'ത്തിൽ അകലങ്ങളിൽ പാർക്കുന്നവരുടെ നൊമ്പരങ്ങളും ഏകാന്തതയും വിരഹവും വേദനകളുമെല്ലാം നിഴലിക്കുന്നതായി കാണാം. ഒാരോ പ്രവാസിയും എവിടെയൊക്കെയോ പ്രാരാബ്ദപ്പാടുകളാലും അല്ലാതെയും ഉരുകുന്ന നിത്യകാഴ്ചകളാണ് മനസ്സിലേക്കോടി വരുന്നത്... കാരണം ഇതിലെ വരികൾ എന്നിലും ഏറെ ആഘാതങ്ങൾ സൃഷ്ടിച്ചവ ആയതു കൊണ്ടാവാം.

'അടുക്കള' എന്ന കവിതയിൽ ഞാനുണ്ട് നിങ്ങളും.
കാലം മുക്കു പണ്ടം പോലും അണിയാനനുവദിക്കാത്ത ഈ കാലത്ത് എരിഞ്ഞു ചുവന്ന കണ്ണുകൾ  കാണാതെ പോകുന്നവരല്ലേ അധികവും. അവരെ കാട്ടി തരികയാണ് ഇവിടെ കവി.

'അനുസരണ'യിൽ കവിയുടെ നേർക്കാഴ്ചകളാണ് നാം ദർശിക്കുന്നത്. ഒടുവി ൽ  പാപങ്ങൾ കാടായിരിക്കുന്ന കാഴ്ച. ചെറിയ ഒരു കവിത അതിൽ കവി ഉൾക്കൊള്ളിച്ചിരിക്കുന്നത് അങ്ങേയറ്റം ചിന്താശേഷി വർദ്ധിപ്പിക്കുന്ന, അല്ലെങ്കിൽ പുനർചിന്തനം നടത്തേണ്ടുന്ന ഒരു നഗ്നസത്യം തന്നെയാണ്.
കവിത ഭംഗിയായും ലളിതമായും സത്യത്തിന്റെ നാവ് കവി മുളപ്പിച്ചിരി ക്കുന്നു.

'ഗർഭപാത്രം ചോദിക്കുന്നത്' എന്ന കവിത ഇന്നത്തെ യഥാർത്ഥ സാഹചര്യങ്ങ ൾ വളരെ പ്രാധാന്യം അർഹിക്കുന്നതും, വായനക്കാർക്ക് മനസ്സിൽ തട്ടിക്കുന്നതു മായ രീതിയാണ്‌ അവതരിപ്പിച്ചിട്ടുള്ളത്. എഴുത്തുകാരന്റെ ആശയങ്ങൾ  ആശങ്കകൾ എല്ലാം തന്നെ വായനക്കാര്‍ക്ക് എത്തിച്ചുകൊടുക്കാൻ അദ്ദേഹത്തിന്റെ അഗാധ പരിശ്രമം നമുക്ക് കാണാം.

'കറുത്തകാലം' എന്ന കവിത നമ്മോട് തുറന്ന് സംവദിക്കുകയാണ്.
എന്തെന്നാൽ നമ്മുടെ പെൺപൂക്കളുടെ സംരക്ഷണം. ഇന്ന് ഈരേഴുലോകത്തും മാതാപിതാക്കളുടെ പരിഭ്രാന്തി തങ്ങളുടെ പെൺപൂക്കളെ എങ്ങനെ
സുരക്ഷിതമായി സൂക്ഷിക്കും എന്നത് തന്നെയാണ്.

കറുത്തപെട്ടിയും തൂക്കി കവി സ്വയം കവിതകളിലൂടെ നമ്മുടെ ഒാരോ വീട്ടിലേക്കും കയറി വരികയാണെന്നു തോന്നുന്നു. തീർച്ചയായും കവിയുടെ ഈ തിരിച്ചറിവും അതു നമുക്ക്‌ പകർന്നു തരുന്നതും അഭിനന്ദനാർഹമാണ്.

'കോഴിക്കോട്' എന്ന കവിത കവി തന്റെ ചുറ്റുപാടുകളെ കാണുന്ന കാഴ്ചയാണ്. സന്തോഷിച്ചും, സങ്കടപ്പെട്ടും സ്വന്തം നഗരത്തെ നോക്കി കാണുകയാണ്. ഒാരോ ഇടങ്ങളിലും സംഭവിക്കുന്ന വ്യതിയാനങ്ങളെ വളരെ കൃത്യതയോടെ ഒാർമ്മപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഒരു പ്രവാസിയാണ് കവി.അതുകൊണ്ട് തന്നെ വ്യക്തമായ പ്രവാസാനുഭവ ങ്ങൾ കവിയുടെ കവിതകളിൽ തെളിഞ്ഞു കാണാം.

'നിഴൽമുഖ'ത്തിലെ നിഴൽ ഉയർത്തെഴുന്നേൽക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ ആണ് ഉദ്ധരിക്കുന്നത്.അതു നിങ്ങളാവാം, ഞാനാവാം...  സാമൂഹ്യ തലങ്ങളിലെ ആരൊക്കെയോ ആവാം.. അപ്പോഴും പ്രതികരണമനോഭാവം സ്ത്രീകൾക്ക് നശിക്കുന്നില്ല.

'ഒാഫർ' പറയുന്നത് എന്തു വാങ്ങിയാലും ഫ്രീകിട്ടുന്ന കേരളം, എന്തിനും തയ്യാറായി വിപണി. അക്രമവും അനാചാരവും ഈ നിലയ്ക്കു തുടർ ന്നാൽ ഇനി ഫ്രീ കിട്ടുന്നത് റിവോൾവർ ആയിരിക്കും. എന്നത് കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് പ്രാധാന്യമേറുന്നു. കവിയുടെ ഈ തുറന്നടിക്കൽ നാം മുഖവിലയിൽ വയ്ക്കണം. അത് അധികവും ഗൗരവതരമത്രേ.

ഒടുവിൽ  കവി പടുവൃദ്ധരായ കല്ലായി പുഴയും പുഴയുടെ നൊമ്പരവും രോദനവുമെല്ലാം കുറേയധികം ശരികളെയാണ് അദ്ദേഹം കുറിച്ചിട്ടിരിക്കു ന്നത്. അതുകൊണ്ട് തന്നെ വായനയ്ക്കൊട്ടും വിഘ്നം അനുഭവപ്പെടുന്നുമില്ല.
ഏറെ ഹൃദ്യമായ വായനാനുഭവം നൽകുന്ന കവിതകൾക്കും  കവിക്കും  ഹൃദയം നിറഞ്ഞ ആശംസകൾ..

*


അയിഷ 

യഥാർത്ഥ പേര് ഹസീന മുഹമ്മദ്‌.
എം.എം. മുഹമ്മദ്‌ കുഞ്ഞിന്റെയും അസുമാ ബീവിയുടെയും മകൾ.
സ്വദേശം തിരുവനന്തപുരം വിതുര.
എഴുത്തിലും ചിത്രരചനയിലും സംഗീതത്തിലും താൽപ്പര്യം.
ഫ്രീലാൻസ് പത്ര പ്രവർത്തന രംഗത്തും സാംസ്കാരിക രംഗത്തും സജീവം.


********************************************************************************
 

Friday, August 14, 2015

വെയിലത്തിരുന്ന് കളിയെഴുതാം, കഥയും!





സിതാര, എസ്.  രചിച്ച 
‘വെയിലില്‍ ഒരു കളിയെഴുത്തുകാരി’ 
എന്ന പുസ്തകത്തെക്കുറിച്ച്...


സാഹിത്യശാഖയിലെ മറ്റേത് വിഭാഗങ്ങളിലുള്ള രചനകളേക്കാളും കഥകള്‍ക്ക് വേറിട്ടൊരു സ്ഥാനം  ലഭിക്കുന്നത് വൈവിധ്യപൂര്‍ണ്ണമായ ബിംബങ്ങള്‍ കൊണ്ട് ജീവിതത്തിന്റെ സര്‍വ്വ പ്രധാനമായ ഇടങ്ങളെയൊക്കെയും ചര്‍ച്ച ചെയ്യാന്‍ ഉതകുംവിധം പാകപ്പെടുത്തി വെക്കുന്നു എന്നുള്ളത് കൊണ്ടാണ്.

മലയാളത്തിലെ കഥയെഴുത്തുകാര്‍ യഥാതഥമായ സംഭവ വികാസങ്ങളോട് ഐക്യപ്പെടുകയും എന്നാല്‍ കഥയെഴുത്തെന്ന വൈയക്തികവും ഒപ്പംതന്നെ സാമൂഹികവുമായ ചിന്താധാരയെ ചേര്‍ത്തു പിടിക്കുകയും ചെയ്തുകൊണ്ടാണ് രചനാ സാമര്‍ഥ്യം പ്രകടമാക്കുന്നത്.

അനുഭവങ്ങള്‍ക്കപ്പുറത്തെ ജീവിത നിരീക്ഷണ പാടവം കൊണ്ട് മനോഹരമായ കൈയൊപ്പ് ചാര്‍ത്തിയ കഥാപുസ്തകമാണ് സിതാര എസ്സിന്റെ വെയിലില്‍ ഒരു കളിയെഴുത്തുകാരി.

പെണ്‍ജീവിതങ്ങളുടെ നിസ്സഹയാവസ്ഥയും ദുരിതങ്ങളും രതിവേഗത്തിന്റെ ആലസ്യവുമൊക്കെ വരച്ചു കാട്ടുന്ന ചടുലവും എന്നാല്‍ ഏറെ ലളിതവുമായ ആഖ്യാന ശൈലിയാണ് സിതാരയുടെ എഴുത്തിന്റെ സവിശേഷത എന്ന പുതിയ പ്രഖ്യാപനം  തീര്‍ത്തും അനാവശ്യമാണ്.  കാരണം ഉത്തരാധുനി ക കഥാസാഹിത്യത്തില്‍ വേറിട്ട ഇടം കണ്ടെത്തിയ ചുരുക്കം ചില എഴുത്തുകാരു ടെ കൂട്ടത്തില്‍ ഒരാളാണ് സിതാര.

ഒ. ചന്തുമോന്‍ നേരമ്പോക്കിന്  സ്വന്തം ഭാര്യക്ക് വായിച്ചു കൊടുക്കാന്‍ എഴുതിയ ഇന്ദുലേഖ മലയാളത്തിലെ ലക്ഷണമൊത്ത സാഹിത്യകൃതികളില്‍ ആദ്യത്തേതെന്ന് അനുമാനിക്കുന്നു.
പക്ഷെ, പുതിയ കാലത്തെ എഴുത്തിനെ  വെറുതെ വായിച്ചു രസിക്കാനോ  ശേഷം വലിച്ചെറിയാനോ നമുക്കാവില്ല. കാരണം ആനന്ദിപ്പിക്കുക എന്ന പരമ്പതാഗത രീതിയില്‍ നിന്നും വിഭിന്നമായി മനുഷ്യജീവിതാവസ്ഥയുടെ നീറുന്ന പ്രശ്നങ്ങളും വരാന്‍ പോകുന്ന ദുരന്തങ്ങളുമൊക്കെ സര്‍ഗദൃഷ്ടിയിലൂടെ നിരീക്ഷിക്കാന്‍, അനുവാചകനു  മുമ്പില്‍ പൊള്ളുന്ന സത്യങ്ങളായി വരച്ചിടാന്‍ ശ്രമിക്കുന്ന എഴുത്തുകാര്‍ നമുക്കുണ്ടാവുമ്പോള്‍ അവരുടെ ഓരോ രചനയും ഓരോ പ്രവചനവും വിളംബരവുമൊക്കെയായി മാറുന്നത് എങ്ങനെയൊക്കെയാണെന്ന് തീര്‍ച്ചയായും ബോധ്യപ്പെടും.

എഴുത്തുകാരികളുടെ തുറന്നെഴുത്ത് പണ്ടുമുതല്‍ക്കേ സംശയദൃഷ്ടിയോടെ മാത്രമേ സമൂഹം അനുവദിച്ചു കൊടുത്തിട്ടുള്ളൂ.
പെണ്‍മനസിന്റെ നിഷ്ക്കളങ്കമായ താന്തോന്നിത്തം യാഥാര്‍ഥ്യമായി വിശ്വസിക്കിക്കാനാണ് വായനാസമൂഹത്തിനിഷ്ടം. മാധവിക്കുട്ടിയുടെ എന്റെ കഥ വായിച്ച് അതിലെ സംഭവങ്ങള്‍ നേരോ  പൊള്ളോ എന്നറിയാതെ നെറ്റി ചുളിച്ച സമൂഹം ഇനിയും നാമാവശേഷമായിട്ടില്ല എന്നത് ഒരു  യാഥാര്‍ഥ്യം!

വ്യത്യസ്തമായ ഉള്‍ക്കാഴ്ചയോടെ, സ്ത്രീയുടെ വികാരവിചാരങ്ങളില്‍ ആണ്ടിറങ്ങുകയും ചാരുതയേറിയ ഭാഷയുടെ താങ്ങുപറ്റിക്കൊണ്ട് നിലവിലെ ലോകവ്യവസ്ഥകളോട് സമരസപ്പെട്ടു കൊണ്ട് ജീവിക്കുന്ന പെണ്‍വിചാരങ്ങളെ, അവളുടെ ചുറ്റുപാടുകളെ ഏറ്റവും തീക്ഷ്ണമായ വാക്കുകളാല്‍ കോര്‍ത്ത്, നിറം ചേര്‍ത്ത് വരച്ചു വെയ്ക്കുകയാണ് സിതാര ഓരോ കഥകളിലൂടെയും ചെയ്യുന്നത്.

എഴുത്തിന്റെ കേവലമായ അര്‍ത്ഥങ്ങള്‍ക്കും ആശയങ്ങള്‍ക്കുമപ്പുറത്തേക്ക് മനസ്സിനെ  കൊളുത്തി വലിക്കാന്‍ പാകത്തിലുള്ള രംഗച്ചേര്‍ക്കലുകളോടു കൂടിയാണ് സിതാര ഓരോ കഥയും പറഞ്ഞു തുടങ്ങുന്നതും വായനയെ ഉത്സാഹപ്പെടുത്തിക്കൊണ്ട് തുടര്‍ന്നു പോവുന്നതും അവസാനിപ്പിക്കുന്നതും.

വെയിലില്‍ ഒരു കളിയെഴുത്തുകാരി എന്ന കഥ തുടങ്ങുന്നതിങ്ങനെ ..

‘ഇരുട്ടിന്റെ കൊഴുത്ത കാട്ടുതേന്‍തുള്ളി ഞങ്ങള്‍ക്കിടയില്‍ പരലായുറഞ്ഞ ഒരു നി മിഷത്തിലാണ് അവള്‍ എന്റെ അമ്മയായി ജനിച്ചത്. അവള്‍ക്ക് അപ്പോള്‍ കുട്ടിമൂത്രത്തിന്റെ ഗന്ധമായിരുന്നു..'

കളിയെഴുത്തുകാരിയും പത്രാധിപനും  തമ്മിലുള്ള സൗഹൃദ ബന്ധം ഏതെല്ലാം തലങ്ങളിലേക്ക്  വഴുതിത്തെറിച്ച് നീങ്ങുമെന്നും അതിന്റെ ദുരന്തക്കറുപ്പ് ഏതു രീതിയില്‍ അവളിലേക്ക് പാമ്പുകളെപ്പോലെ ഇഴഞ്ഞെത്തുമെന്നും പുതിയ ചില രാഷ്ട്രീയക്കളിക്കാഴ്ചയിലേക്ക് കൂടി നമ്മെ കൊണ്ടെത്തിച്ചു കൊണ്ട് വായന തീരുമ്പോള്‍ ശേഷമെന്തെന്ന ഒരു ഉത്കണ്ഠ അറിയാതെ നമ്മില്‍ ചുര മാന്തിയെത്തുമെന്നത് സത്യം.

ഇതിലെ ഗോസ്റ്റ് റൈറ്റര്‍ എന്ന കഥയാണ് ഏറെ ആകര്‍ഷകമാണ്.
എഴുതാനുള്ള ഉള്‍പ്രേരണയുണ്ടാവുകയും കുടുംബിനി  എന്നതിന്റെ ഭാരപ്പെരുക്കങ്ങളില്‍ ഉഴറി സര്‍ഗഭാവനയെ ഉള്ളിലമര്‍ത്തി ഏതൊക്കെയോ ഇരുള്‍മൂലകളിലേക്കൊതുക്കുകയും ചെയ്യുന്ന ഒരു ശരാശരി കുടുംബിനിക്ക് ഭര്‍ത്താവിന്റെ സുഹൃത്ത് അയാളുടെ പേരില്‍ നോവലെഴുതിക്കൊടുക്കാന്‍ പറയുമ്പോള്‍ കുടുംബഭാണ്ഡത്തിന്റെ മുഷിവില്‍ നിന്നും ഇറങ്ങി നടന്ന് കഥയെഴുത്തിന്റെ പുതിയ ആകാശം തൊട്ടു നോക്കുന്നുണ്ടവള്‍.

പിന്നീട്, വീണ്ടും നിരന്തരം എഴുത്തിനായി നിര്‍ബന്ധിക്കപ്പെടുമ്പോള്‍, എത്രയെഴുതിയാലും സ്വന്തം പേര് വെച്ചെഴുതാത്തിടത്തോളം കാലം സമൂഹം തന്നെ ഒരെഴുത്തുകാരിയായി അംഗീകരിക്കില്ല എന്ന നേരിലേക്ക് അവളെത്തിപ്പെടുന്നു.
അവളുടെ ഉള്ളിലെ എഴുത്തുകാരി ഉണരുന്നു.
ആ ഉണര്‍വ്വില്‍ അവള്‍ നടത്തുന്ന പ്രഖ്യാപനം  ‘ക്ഷമിക്കണം സാര്‍.. ഞാന്‍ എഴുത്ത് നിര്‍ത്തി’ എന്നാണ്.
ആരാലും അംഗീകരിക്കാന്‍ സാധ്യതയില്ലാത്ത ഒരാള്‍ എഴുത്തു നിര്‍ത്തിയെന്ന ധീരമായ വാക്കുകള്‍ അടയാളപ്പെടുത്തുന്നത് ഉള്ളിന്റെയുള്ളിലെ ആത്മവിശ്വാസം തന്നെയാണ്.

‘സത്യം പറഞ്ഞാല്‍ ജീവിതത്തില്‍ ഇതുവരെ ഒരു കഥയോ കവിതയോ ഞാന്‍ എഴുതിയിട്ടില്ല. എന്നുവെച്ച് ഞാന്‍ എഴുത്തുകാരി അല്ലാതാവുന്നില്ല. ഒരെഴുത്തുകാരി കടലാസിലോ കമ്പ്യൂട്ടറിലോ മാത്രമേ എഴുതാവൂ എന്നൊന്നുമില്ലല്ലോ. കുനുകുനാ നുരയ്ക്കുന്ന അക്ഷരങ്ങള്‍ തലച്ചോറിലാകെ പരന്നൊഴുകുമ്പോള്‍, ഞരമ്പില്‍ വാക്കുകള്‍ തീയായി ഇറ്റുമ്പോള്‍, ലോകത്താര്‍ക്കാണ് എന്നെ എഴുത്തുകാരിയെന്നു വിളിക്കാതിരിക്കാനാവുക?'

കന്യക, ചാന്തുപൊട്ട്, പലതരം കവിതകള്‍, പുതിയ നാവികയുടെ പാട്ട്, ചില പേരില്ലായ്മകള്‍, ഉറങ്ങിക്കിടന്ന ഒരു കാറ്റ് എന്നിങ്ങനെ ഒമ്പത് കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
വായന എത്ര ആസ്വാദ്യകരമായ പ്രവൃത്തിയാണെന്ന് ഈ പുസ്തകം വായിച്ചു തീരുമ്പോള്‍ ഒരു ചെറുചിന്ത നമ്മുടെ ഉള്ളില്‍ ചുറ്റിവരിയുമെന്നത് തീര്‍ച്ച!




                                                                സിതാര, എസ്. 


                          (2015 ആഗസ്റ്റ്‌ 14, ഗൾഫ് മാധ്യമം ചെപ്പ് വാരപ്പതിപ്പ്)

********************************************************************************


Sunday, July 14, 2013

കണ്ണെത്തുംദൂരത്തെ കാണാക്കാഴ്ചകള്‍

‘മൈന  ഉമൈബാന്‍ രചിച്ച ആത്മദംശനം  എന്ന പുസ്തകത്തെക്കുറിച്ച്’


പണ്ട്, വീടിന്റെ  പുറകിലെ മലയുടെ തുഞ്ചത്ത് മിന്നാമിനുങ്ങുകള്‍ ചേക്കേറുന്നൊരു മരമുണ്ടായിരുന്നു!
അക്കരെയും ഇക്കരെയും കണ്ണെത്തുംദൂരം മലകളായിരുന്നതു കൊണ്ട് ഞങ്ങള്‍ കുട്ടികളുടെ മനസ്സെപ്പോഴും മലയുടെ തുഞ്ചങ്ങളിലായിരുന്നു.
നിരന്നു നിന്ന മരങ്ങള്‍ ഏതൊന്നൊന്നും അറിയില്ലെങ്കിലും അവ
ഓരോ രൂപങ്ങളായി ഞങ്ങള്‍ കണ്ടു...

പ്രകൃതി വരച്ചു വെയ്ക്കുന്ന മ നോഹരദൃശ്യങ്ങള്‍ ഇതുപോലുള്ള വാക്കുകളാക്കി അടര്‍ത്തിയെടുത്ത് നമ്മള്‍ പിന്നെയും പിന്നെയും ചിന്തയിലേക്ക് എടുത്തു വെക്കുമ്പോള്‍ പ്രകൃതിയിലാകമാനം  കലരുന്ന അരുതുകളുടെ നിറമില്ലായ്മകളിലേക്ക് കണ്ണ് തുറന്നു വെക്കുവാന്‍
നാം  ജാഗരുകരാവും.

അതെ, നമുക്ക് ചുറ്റിലുമുള്ള, എന്നാല്‍ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന നമ്മുടെ ജീവിതത്തിനും  മണ്ണിനും  ആവശ്യമായി വരുന്ന നാട്ടറിവുകളുമായി വായനയുടെ പുതിയ തലം അനുഭവപ്പെടുത്തുകയാണ് മൈന ഉമൈബാന്‍ രചിച്ച പരിസ്ഥിതി പ്രാധ്യാമുള്ള 'ആത്മദംശനം' എന്ന പുസ്തകം.

‘ദൈവം എല്ലാം ദേശങ്ങളെയും ഒരു കൈ കൊണ്ടേ അുഗ്രഹിച്ചിട്ടുള്ളൂ. എന്നാല്‍ കേരളത്തെ മാത്രം ഇരുകൈ കൊണ്ടുമാണ് അനുഗ്രഹിച്ചിട്ടുള്ളത്'
ഈ വാക്കുകള്‍ വര്‍ഷത്തിലൊരിക്കല്‍ തെക്കേ ഇന്ത്യയിലേക്ക് തീര്‍ത്ഥയാത്ര നടത്താറുള്ള നാട്ടുമ്പ്രദേശത്തുകാരന്‍ നാണപ്പന്‍ ചേട്ടന്റെത്.
നമ്മുടെ മണ്ണില്‍ എവിടെ നോക്കിയാലും പച്ചപ്പുണ്ടായി രുന്നു.
ആവശ്യത്തിനു  വെള്ളം, മഴയും വേനലും..  മിതോഷ്ണമായ കാലാവസ്ഥ.  
ഇന്നത്തെ കേരളത്തിന്റെ അവസ്ഥ കണ്ടാല്‍ ഒരു പക്ഷെ, ദൈവം ഒരു കൈ താഴ്ത്തിയിട്ടിട്ടുണ്ടാവുമെന്ന് നാണപ്പന്‍ പറയുമോ?
ലേഖികയുടെ ഉള്ളിലെ സംശയമാണ്.
കാരണം മനു ഷ്യന്റെ ചെയ്തികളുടെ ഫലങ്ങള്‍ പ്രകൃതിയിലെ
വന്‍ മാറ്റങ്ങളായി വിലയിരുത്തപ്പെടുന്നു.

വേനലിലും നി റഞ്ഞൊഴുകിയിരുന്ന നമ്മുടെ ആറുകള്‍, പുഴകള്‍ ഒക്കെ വൃശ്ചികത്തില്‍ തന്നെ വറ്റിവരളുന്നു..
കേരളത്തിന്റെ തനത് വൃക്ഷലതാദികള്‍ നമ്മള്‍ വെട്ടി വെടിപ്പാക്കി മുറ്റത്തും നടപ്പാതകളിലും മിനുത്ത കല്ലുകള്‍ പാകി അതിനെ  പുരോഗതി, വികസനം  എന്നൊക്കെ പേരിട്ടു വിളിക്കുന്നു. നമ്മളറിയാതെ നമ്മുടെ മണ്ണില്‍ വിരുന്നുവന്ന സസ്യങ്ങളും ചെടികളും താലോലിച്ചു വളര്‍ത്തുന്നു. അവ നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്നതാണോ നമ്മുടെ മ ണ്ണിനു   യോജിച്ചതാണോ എന്ന കാര്യമൊന്നും ആരും ചിന്തിക്കുന്നില്ല.

ആഗോളതാപനത്തിന്റെ നി ഴല്‍ നമ്മുടെ മുറ്റത്ത് എത്തിയിരിക്കുന്നു എന്നതിന്റെ അടയാളങ്ങള്‍ നാമിപ്പോള്‍ അനുഭവിക്കുകയാണ്. വര്‍ഷങ്ങള്‍ക്കപ്പുറത്ത് ആഗോളതാപനം  ഊഹാപോഹങ്ങളുടെ കണക്കെടുപ്പില്‍ കുഴഞ്ഞു മറിഞ്ഞു പോയതായിരുന്നു. ആഗോളതാപത്തിനു  കാരണം കാര്‍ബണ്‍ഡയോക്സൈഡ് അടക്കമുള്ള ഹരിതഗൃഹ വാതകങ്ങള്‍ അമിതമായി അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതാണ്. ഊര്‍ജോത്പാദം, വാഹന ഗതാഗതം, ഭക്ഷ്യോത്പാദം തുടങ്ങിയവയാണ് വാതക വ്യാപനത്തിന്  മുഖ്യകാരണമെന്ന് ഉദാഹരണസഹിതം ലേഖിക സമര്‍ത്ഥിക്കുന്നു.

നമ്മുടെ മണ്ണില്‍ നിന്നും വേരറ്റു പോകുന്ന സസ്യലതാദികള്‍.. ഒപ്പം നമ്മുടേതെന്ന്  വിശ്വസിച്ച് നാം  ജീവിതത്തോട് ചേര്‍ത്തു വെച്ച അധിനിവേശ ജീവജാതികളുമൊക്കെ ഏതെന്നറിയുമ്പോള്‍ നമ്മുടെ അറിവില്ലായ്മയും അഹങ്കാരവും ഏതറ്റം വരെയെത്തി നില്‍ക്കുന്നു എന്നു നാം  തിരിച്ചറിയും.

‘ഇരുപത്തിയൊന്ന് കൊല്ലം ജീവിച്ച ആ ലോകത്തല്ല ഇന്ന്.
മലയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഒന്നുമില്ലാത്തൊരിടത്തായിരി ക്കുമ്പോള്‍ കാണുന്നത് സൂപ്പര്‍മാര്‍ക്കറ്റിലെ കര്‍ക്കിടകക്കഞ്ഞിയുടെ പാക്കറ്റുകളാണ്. ആരോഗ്യം പുഷ്ടിപ്പെടുത്തേണ്ടുന്ന ഈ പാക്കറ്റുകളോട് ചേര്‍ന്ന് രാമായണത്തിന്റെ  പല വര്‍ണ്ണ കോപ്പികളുമുണ്ട്.
ദേവിയാര്‍ രണ്ടായിപ്പിരിഞ്ഞ് തുരുത്തായി തീര്‍ന്നിടത്ത് അമ്പലമുണ്ടാവുന്നത് പത്തില്‍ പഠിക്കുമ്പോഴാണ്. അമ്പലമുറ്റത്തെ അടയ്ക്കാമരത്തില്‍ കെട്ടിവെച്ചിരുന്ന കോളാമ്പിയിലൂടെ അക്കൊല്ലം കുത്തിയൊഴുകുന്ന കലക്കുവെള്ളത്തിന്റെ ഇരമ്പലിനൊപ്പം രാമായണ വായന കേട്ടു.
ഇപ്പോള്‍ സമതലത്തിലിരിക്കുന്നവര്‍ ആ വഴി പോയി വരുമ്പോള്‍ ‘ഹോ.. പേടിയാവുന്നു കുന്നും മലയുമൊക്കെ കണ്ടി ട്ട്.. മഴയത്ത് ഇതൊക്കെക്കൂടി ഇടിഞ്ഞു വീണാലോ...’ എന്ന് ആശങ്കപ്പെടാറുണ്ട്.
‘ആ മലമൂട്ടില്‍ നി ന്ന്, പാറയിടുക്കില്‍ നി ന്ന്  നീ രക്ഷപ്പെട്ടു’ എന്നു കേള്‍ക്കുമ്പോള്‍ ഉള്ളില്‍ സങ്കടം നി റയും.
എന്റെ അയല്‍ക്കാരും നാട്ടുകാരും വീട്ടുകാരും എല്ലാവരുമെല്ലാവരും ഇപ്പോഴും അവിടെത്തന്നെയുണ്ട്. സ്വപ്നങ്ങളെത്ര ഒഴുകിപ്പോയിട്ടുണ്ടെങ്കിലും ഒരു ദേശം അവരുണ്ടാക്കിയിട്ടുണ്ട്.
മഴക്കാറു കാണുമ്പോള്‍ പലായനം  ചെയ്തവരല്ല ഞങ്ങള്‍..’

ഗ്രന്ഥകാരിയുടെ ആത്മഭാഷണങ്ങളില്‍ ചിലതാണ് മുകളിലെ വരികള്‍.
മഴയുടെ നൂലിഴകളും രാക്ഷസഭാവം പൂണ്ട പേമാരിയും നമ്മുടെ മുമ്പില്‍ വാക്കുകളിലൂടെ പെയ്തു നിറച്ച് ഒറ്റയിരു പ്പില്‍ വായിച്ചു തീര്‍ക്കാന്‍ കഴിയുന്ന ലളിതമായ ആഖ്യാനരീതിയാണ് ഗ്രന്ഥകാരി കൈകൊണ്ടിരിക്കുന്നത്. ഒപ്പം തന്നെ പ്രകൃതിയോട് എത്രമാത്രം ക്രൂരമായാണ് മുഷ്യന്‍ ഇടപെടുന്നതെന്നുള്ള യാഥാര്‍ത്ഥ്യം ചടുലമായി അവതരിപ്പിക്കുന്നുമുണ്ട്.
പ്രകൃതിയുമായി ഇണങ്ങി ജീവിക്കണമെന്ന കാര്യം നമ്മെ അടയാള സഹിതം ഓര്‍മപ്പെടുത്താന്‍ ഈ പുസ്തകത്തിലെ വരികള്‍ സഹായിക്കും.


                                                                             മൈന  ഉമൈബാന്‍

ആത്മദംശനം, പച്ചയുടെ ഭൂപടം, കാട്ടുപൊന്തകളിലെ സഞ്ചാരം, ആത്മവിദ്യാലയം, ഒഴുകിപ്പോയ സ്വപ്നഭൂപടങ്ങള്‍, പച്ചയെല്ലാം പച്ചപ്പല്ല, ഞങ്ങളുടെ മഞ്ഞും തണുപ്പും പോയൊളിച്ചിടം! തുടങ്ങിയ ലേഖനങ്ങളെല്ലാം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പലപ്പോഴായി പ്രസിദ്ധീകരിച്ചവയാണ്. കൃഷിയുടെയും വിഷചികിത്സയുടെയും പാരിസ്ഥിതിക അറിവുകളുമെല്ലാം അനുവാചകരുടെ ഉള്ളില്‍ നിറക്കാന്‍ ഉതകുന്നതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

ലോകം നേ രിടുന്ന വലിയ പാരിസ്ഥിതിക പ്രശ്നത്തിന്   നമുക്ക് എന്തെല്ലാം ചെയ്യാം എന്നൊരു ചിന്ത ഈ പുസ്തകം മ്മുടെ ഉള്ളില്‍ നിറച്ചാല്‍ ഈ കൃതിയുടെ ലക്ഷ്യം പൂര്‍ണ്ണമാകുന്നു.

നാട്ടിലെ മഞ്ഞും തണുപ്പുമൊക്കെ ഏതെങ്കിലും മലയ്ക്കപ്പുറം ഒളിച്ചിരിപ്പുണ്ടെന്നും എന്നെങ്കിലുമൊരു നാള്‍ മടങ്ങി വരുമെന്നും സ്വപ്നം  കാണാം. വെറുതെയെങ്കിലും!
ഞങ്ങളുടെ ആ മഞ്ഞിനെ  കൊണ്ടു പോയതാരാണ്?
ആഗോളതാപനമല്ലാതെ..
എന്ന വലിയ ചോദ്യത്തോടെയാണ് പുസ്തകം അവസാനിക്കുന്നത്.

***************************************

മലയാളം ന്യൂസ്‌, സണ്‍ഡേ പ്ലസ്, 2013 ജൂലൈ 14

Thursday, September 30, 2010

അസുരകാലത്തിന്റെ നിരാര്‍ദ്രതകള്‍



റഫീഖ് പന്നിയങ്കരയുടെ കഥകള്‍ പുതുകാലത്തിന്റെ നിരാര്‍ദ്രതകള്‍ക്കും,ആസുരതകള്‍ക്കും നേരെ പിടിച്ച കണ്ണാടിയാണ്.
സാമൂഹ്യജീവിതത്തിന്റെ ഒഴുക്കു തടസപ്പെടുത്തുന്ന ചെറിയ ഇളക്കങ്ങള്‍ക്കു പോലും ഭാവിയില്‍ വലിയ വിലകൊടുക്കപ്പെടേണ്ടി വരുമെന്ന മുന്നറിയിപ്പ് ഈ കഥകള്‍ മുന്നോട്ടു വെക്കുന്നുണ്ട്.
-------------------------------------------
നഗരക്കൊയ്ത്ത് എന്ന കഥാപുസ്തകത്തെ കുറിച്ച് റഹ് മാന്‍ കിടങ്ങയം എഴുതിയ വായനാനുഭവം
-------------------------------------------


നമ്മുടെ സാഹിത്യ മാധ്യമങ്ങള്‍ക്ക് കാലം വരുത്തിയ ക്ഷതങ്ങളില്‍ നിന്ന് ഏറെക്കുറെ രക്ഷപ്പെട്ട സാഹിത്യരൂപമാണ് ചെറുകഥ.അതാതുകാലത്തിന്റെ രാഷ്ട്രീയ,സാമൂഹ്യ ജീര്‍ണ്ണതള്‍ക്കെതിരെ പൊരുതി നിന്നു എന്നിടത്താണ് അതിന്റെ പ്രസക്തി.തിരിച്ചറിവിന്റെയും പ്രതിരോധത്തിന്റെയും ഒരു അക്ഷരയുദ്ധമായി നില്‍ക്കുമ്പോള്‍ തന്നെ പരീക്ഷണാത്മകമായ വഴക്കങ്ങള്‍ക്കു വിധേയമായി നിത്യയവ്വനം സൂക്ഷക്കാനും ഈ സാഹിത്യ ശാഖക്ക് കഴിഞ്ഞു.പുതിയ തലമുറയില്‍പ്പെട്ട റഫീഖ് പന്നിയങ്കര എന്ന കഥാകാരന്റെ നഗരക്കൊയ്ത്ത് എന്ന കഥാസമാഹാരം വായിക്കുമ്പോഴും ചെറുകഥയുടെ മേല്‍പ്പറഞ്ഞ ആര്‍ജ്ജവവും താന്‍ പോരിമയും ലക്ഷ്യബോധവും നഷ്ടപ്പെട്ടിട്ടില്ല.എന്നു ബോധ്യപ്പെടുത്തുകയാണ്.പുതിയ കാലഘട്ടത്തിന്റെ അതിവേഗങ്ങള്‍ക്കിടക്ക് പരിക്ക് പറ്റിയും ചൂഷണങ്ങളുടെ ഞെരുക്കങ്ങളില്‍ ചതയപ്പെട്ടും പോകുന്ന മാനവികതയ്ക്ക് ഇനിയും കൂടുതല്‍ ക്ഷതം പറ്റാതെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് റഫീഖിന്റെ ഈ പുസ്തകം മുന്നോട്ട് വെക്കുന്നത്.മനുഷ്യബന്ധങ്ങള്‍ യാന്ത്രികമായി പോകുമ്പോള്‍ നശിപ്പിക്കപ്പെടുന്ന നൈതികതയുടെ നേര്‍ക്ക് കണ്ണടച്ചു പിടിക്കാതിരിക്കാനെങ്കിലും നാം ശ്രമിക്കേണ്ടതുണ്ട്.എന്ന് ഈ കഥകള്‍ ഓര്‍മ്മിപ്പിക്കുന്നു.
ഒരു ശരാശരി കുടുംബത്തിന്റെ സാധാരണ ക്രയ വിക്രയങ്ങളില്‍ പോലും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളോടെ കടന്നു കയറി അധിനിവേശം നടത്തുന്ന പുതിയ കാലത്തിന്റെ വിപണി സംസ്കാരത്തെക്കുറിച്ചാണ് ആദ്യ കഥയായ അടുപ്പില്ലാത്ത വീട്.വീട്ടമ്മമാരെ സഹായിക്കുക,അവരുടെ ജോലിഭാരം ലഘൂകരിക്കുക,എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞാണ് ലോണ്‍ ഫോര്‍ കേരള എന്ന സ്ഥാപനത്തിന്റെ പ്രതിനിധി നമ്പീശന്റെ ഭാര്യയെ സമീപിക്കുന്നത്.അയാളുടെ വാഗ്ധോരണിയില്‍ മയങ്ങിപ്പോവുന്നതോടെ ഇതുവരെ താമസിച്ച വീടും അനുഭവിച്ച ജീവിതവും പഴഞ്ചനായിരുന്നുവെന്നും നഗര ജീവിതത്തിന്റെ വര്‍ഷണങ്ങളിലാണ് ജീവിതസുഖത്തിന്റെ യഥാര്‍ത്ഥ ഭാവങ്ങളുള്ളതെന്നും ചിന്തിക്കുന്ന തരത്തിലേക്ക് അവര്‍ പരുവപ്പെടുകയാണ്.
ദാഹനീരില്‍ പോലും അമേദ്യം കലക്കി ദുഷിപ്പിക്കുന്ന കെട്ടകാലത്തിന്റെ ജാതീയ കലാപങ്ങളെ ചര്‍ച്ച ചെയ്യുന്ന ബല്‍ക്കീസിന്റെ ഒരു ദിവസം എന്ന കഥ ജലദൌര്‍ബല്യം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഒരു സാധാരണ വീട്ടമ്മയുടെ ജീവിതത്തിനു മേല്‍ എങ്ങനെയാണ് പരോക്ഷമായ അരക്ഷിതത്വം സൃഷ്ടിക്കുന്നതെന്ന് പറഞ്ഞു തരുന്നുണ്ട്.വിചിത്രമായ സ്വപ്നങ്ങള്‍ കണ്ട് വിഭ്രമപ്പെട്ടു പോകുന്ന ബല്‍ക്കീസിനു വെള്ളം വണ്ടിയുടെ മുന്നില്‍ നിന്നു തുടങ്ങുന്ന പ്രഭാതങ്ങളും പണിയെടുത്തു തകരുന്ന പകലുകളും ചുഴലിക്കാറ്റു കണക്കെ വീട്ടിനുള്ളില്‍ ചുറ്റിതിരിയുന്ന പേടി സ്വപ്നങ്ങളുടെ രാത്രികളും സമ്മാനിക്കുന്നത് ആ അരക്ഷിതത്വമാണ്.
ഭര്‍ത്താവ് ജമാല്‍ഖാനും പ്രിയകൂട്ടുകാരി മുംതാസുപോലും സ്വപ്നങ്ങളില്‍ അവള്‍ക്ക് വിഭ്രമിപ്പിക്കുന്ന പേടികളായി മാറുകയാണ്.
ദൃശ്യമാധ്യമങ്ങളുടെ ചതുരവടിവുള്ള ചമഞ്ഞൊരുക്കങ്ങളിലേക്ക് പ്രലോഭിപ്പിക്കപ്പെടുന്ന യുവത്വത്തിന്റ കഥയാണ് ചതുരക്കാഴ്ച.റിയാലിറ്റി ഷോയിലെ ഇഷ്ടതാരത്തിന്റെ വിജയത്തില്‍ ആശങ്കപ്പെട്ടു കൊണ്ടിരിക്കുന്ന സെറീന എന്ന കഥാപാത്രത്തിന് സ്വന്തം ഉപ്പയുടെ മരണം പോലും അതിനേക്കാള്‍ പ്രധാനമല്ല എന്ന സത്യം നടുക്കത്തോടെ വായിച്ചെടുക്കുമ്പോഴാണ് ഈ കഥ നമ്മെ ഭയപ്പെടുത്തുക.പുതിയ യവ്വനങ്ങളുടെ ശിഥിലമായ ജീവിതക്കാഴ്ചകള്‍ എത്രത്തോളം ബാലിശമാണ് എന്നൊരു കറുത്ത പരിഹാസവും ഈ കഥ ഉള്‍ക്കൊള്ളുന്നുണ്ട്.
രൂപവും ഭാവവും ബ്രാന്റുകളായി മാറുമ്പോള്‍ ചില സാഹചര്യങ്ങളില്‍ അതെങ്ങനെ ജീവിതത്തിനു മേല്‍ അപകടകരമായ ആധിപത്യമുറപ്പിക്കുന്നു എന്ന് സഹയാത്രികരുടെ ശ്രദ്ധക്ക് എന്ന കഥയിലുണ്ട്.ഒരു ചെറിയ ന്യൂനപക്ഷം തീവ്രവാതത്തിന്റെ പേരില്‍ ചെയ്യുന്ന അതിക്രമങ്ങള്‍ ഒരു സമുദായത്തിന്റെ മുഴുവന്‍ തലക്കു മുകളില്‍ തൂങ്ങുന്ന വാളായ് മാറും എന്ന് കഥാകാരന്‍ തിരിച്ചറിവ് നല്‍കുകയാണ്.നിരാലംബരും ദരിദ്രരുമായ പെണ്‍ബാല്യങ്ങളുടെ മാനത്തിനുമേല്‍ പണക്കൊഴുപ്പിന്റെ ദുര്‍മേദസ്സുകള്‍ കൌശലപൂര്‍വ്വം അതിക്രമിച്ചു കയറുന്നതിനെപ്പറ്റിയാണ് മൌനമുദ്ര എന്ന കഥ.ഇനിയും വറ്റിപ്പോയിട്ടില്ലാത്ത ഗ്രാമ്യനിഷ്കളങ്കതയുടെ രസികത്വമുള്ള ഒരു പകലിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു പുഴക്കര വിശേഷം ഈ കഥാസമാഹാരത്തിലെ കഥകളുടെ പൊതുസ്വഭാവത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഒന്നാണ്.
സ്വാര്‍ത്ഥലാഭത്തിന് വേണ്ടി ചതിക്കുഴികള്‍ തീര്‍ക്കുന്ന അഭിനവകാലത്തിന്റെ അവതാരങ്ങളെ പരിചയപ്പെടുത്തുന്നു നഗരക്കൊയ്ത്ത്,അജ്ഞാതവാസം എന്നീ കഥകള്‍.സാഹചര്യങ്ങളാല്‍ അടിമയാക്കപ്പെട്ട്, സാമൂഹ്യനാശത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്നവരുടെ പിണിയാളുകളായി തരം താഴേണ്ടി വരുന്ന നിസ്സഹായരായ മനുഷ്യരുടെ ജീവിതമാണ് ഈ കഥകളിലുള്ള ത്.നഗരത്തിന്റെ സ്വച്ഛതയിലേക്ക് കറുത്ത പാടുകള്‍ വീഴ്ത്തി കലക്കവെള്ളത്തില്‍ നിന്നു മീന്‍ പിടിക്കുന്ന അധോലോകനായകന്റെ ആജ്ഞകള്‍ അനുസരിക്കുമ്പോള്‍ സ്വന്തം മനസാക്ഷി പണയം വെക്കേണ്ടി വരുന്ന ചെറുപ്പക്കാരനായ അയാളുടെ ഡ്രൈവര്‍ക്ക് കൂട്ടായി നിസ്സഹായത മാത്രമേയുള്ളു.
റഫീഖ് പന്നിയങ്കരയുടെ കഥകള്‍ പുതുകാലത്തിന്റെ നിരാര്‍ദ്രതകള്‍ക്കും,ആസുരതകള്‍ക്കും നേരെ പിടിച്ച കണ്ണാടിയാണ്.സാമൂഹ്യജീവിതത്തിന്റെ ഒഴുക്കു തടസപ്പെടുത്തുന്ന ചെറിയ ഇളക്കങ്ങള്‍ക്കു പോലും ഭാവിയില്‍ വലിയ വിലകൊടുക്കപ്പെടേണ്ടി വരുമെന്ന മുന്നറിയിപ്പ് ഈ കഥകള്‍ മുന്നോട്ടു വെക്കുന്നുണ്ട്.പൊലുപ്പിച്ചെടുത്ത വര്‍ണ്ണനകളുടെ അകമ്പടിയില്ലാതെ,യഥാര്‍ഥമായ ജീവിതാവിഷ്കാരങ്ങളുടെ ലാളിത്യമാര്‍ന്ന അവതരണരീതിയാണ് കഥാകാരന്‍ പിന്തുടരുന്നത്.അതുകൊണ്ട് തന്നെ കഥ ലക്ഷ്യം വെക്കുന്ന ഇടങ്ങള്‍ ചിത്രഭാഷയിലേക്ക് മാറ്റാന്‍ വായനക്കാരന് ഏറെയൊന്നും ഏറെയൊന്നും പണിപ്പെടേണ്ടി വരില്ല.


കഥാസമാഹാരം. നഗരക്കൊയ്ത്ത്
പ്രസാധനം. ലിപി പബ്ളിക്കേഷന്‍ കോഴിക്കോട്,
വില 50, പേജ് 80


വര്‍ത്തമാനം ആഴ്ച്ചപ്പതിപ്പ് 2010 ഫെബ്രുവരി 14