ലെവി വിഷയത്തിൽ കുടുംബങ്ങളുടെ തിരിച്ചുപോക്ക് പല രീതിയിൽ ചർച്ച ചെയ്യുന്ന സമയമാണിത്.
ഏറെ വർഷങ്ങൾ വിയർപ്പൊഴുക്കിയിട്ടും സ്വന്തമായി കൂരയൊന്ന് കെട്ടിയുയർത്താൻ കഴിയാത്തവർ. നാട്ടിലെ പല പ്രശ്നങ്ങളും ഇനിയും പരിഹരിക്കാൻ പ്രയാസപ്പെടുന്നവർ.
അവരിലധികപേരും അല്ലലില്ലാതെ ഇവിടെ കഴിയുകയായിരുന്നു.
മറ്റു സമ്പാദ്യങ്ങളൊന്നുമില്ലെങ്കിലും കുടുംബത്തോടൊപ്പം കഴിയുകയാണല്ലോ എന്നൊരു സന്തോഷത്തിലായിരുന്നു പലരും.
ചെറിയ രീതിയിൽ വരുമാനമുള്ളവർ കുടുംബത്തെ നാട്ടിലേക്ക് അയക്കാനുള്ള അനിവാര്യതയെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നു. ചർച്ച ചെയ്യുന്നു.
ഏറെ അടുപ്പമുള്ള അത്തരം ചില കുടുംബങ്ങളിലെ കുട്ടികളാണ് വല്ലാതെ മനസ്സിനെ പിടിച്ചുലച്ചത്.
'എനിക്ക് നാട്ടിൽ പോവണ്ട അങ്കിളേ..
ഒരു രസമുണ്ടാവില്ല അവിടെ. പിന്നെ....'
മുഴുമിക്കാതെ കൊച്ചു കണ്ണുകളിൽ എന്തോ ഒരു വല്ലായ്മ തെളിയുന്നു.
ഞാനവരോട് നാട്ടിലെ നല്ല കാര്യങ്ങൾ പറഞ്ഞു.
പ്രകൃതിയെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെകുറിച്ചും പറഞ്ഞു. തേന്മാവിൻ കൊമ്പത്തെ മധുരമുള്ള മാങ്ങയെക്കുറിച്ചും നാടൻപാട്ടിനെ കുറിച്ചും പറഞ്ഞു. അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും പഠിച്ച സ്‌കൂളിലെ ചോക്കുമണത്തെക്കുറിച്ച് പറഞ്ഞു.
എല്ലാം കേട്ടു കഴിഞ്ഞും കുട്ടികളുടെ മറുപടി.
എന്നാലും വേണ്ട അങ്കിളേ.. എനിക്ക് ഇവിടെയാ ഇഷ്ടം.
അമ്മയും അച്ഛനും മുത്തച്ഛനും മുത്തശ്ശിയുമൊക്കെ അവിടെ ജനിച്ചു വളർന്നു പഠിച്ചു
ഞാൻ ജനിച്ചു വളർന്നതിവിടെയല്ലേ ?
വലിയ ചോദ്യവുമായി എന്റെ മുഖത്ത് തൊട്ട കുഞ്ഞുനോട്ടം നേരിടാനാവാതെ ഞാൻ പതറി.
എങ്കിലും ഈ കുട്ടികളെ കുറിച്ച് എനിക്ക് ബോധ്യമുണ്ട്.
മൂന്ന് മാസം നാട്ടിലെ കാറ്റേറ്റാൽ ഈ കുഞ്ഞുങ്ങൾ തന്നെ ചോദിക്കും.
അച്ഛനും അമ്മയും ഞങ്ങളെ നാട്ടിലേക്ക് കൊണ്ടുവരാൻ എന്തേ ഇത്രയും വൈകിയതെന്ന്.
പുതിയ അവസ്‌ഥ ആശാവഹമല്ലെങ്കിലും, ഇനിയും വറ്റാത്ത നാട്ടുനന്മ അവർ തിരിച്ചറിയും.
മണ്ണിന്റെ മണം ഇഷ്ടപ്പെടാൻ തുടങ്ങും.
നാടിന്റെ ചലനങ്ങൾക്കൊപ്പം ചേർന്ന് നിൽക്കും.
അവരതിലേക്ക് അറിയാതെ അലിഞ്ഞു ചേരും തീർച്ച.
നാട്ടിലേക്ക് പറിച്ചു നടപ്പെടുന്ന ഇവിടുത്തെ എല്ലാ കുട്ടികൾക്കും വിജയം നേരുന്നു.
*****************************************************************
No comments:
Post a Comment