Tuesday, July 3, 2012

ബല്‍ക്കീസിന്‍റെ ഒരു ദിവസം


അനേകം കഥകളൊന്നും ഞാനെഴുതിയിട്ടില്ല.
എഴുതിയവയില്‍ എനിക്കേറെ പ്രിയപ്പെട്ടതും
വായിച്ചവര്‍ നേരിട്ടും അല്ലാതെയും ഇഷ്ടമറിയിച്ചതും
രണ്ടു കഥാസമ്മാനങ്ങള്‍ തരപ്പെട്ടതുമായ
ഈ രചന മുമ്പ് വായിക്കാത്തവര്‍ക്കായി
ഇവിടെ തുറന്നു വെയ്ക്കുന്നു









സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഹൈദ്രോസ്മാമന്‍ കൊടുത്തയച്ച ചെന്തെങ്ങിന്‍ തൈ പറമ്പിന്‍റെ മൂലയില്‍ നടാന്‍ വേണ്ടി കുഴിയെടുക്കുമ്പോള്‍ ഒരു കറുത്ത കുതിരയുടെ അഴുകിയ ജഢം മണ്ണിനു മുകളിലേക്ക് ഉയര്‍ന്നു വരു ന്നത് സ്വപ്നം കണ്ടാണ് സുബ്ഹിക്കു തൊട്ടുമുമ്പ് ബല്‍ക്കീസ് ഞെട്ടിയെഴുന്നേ റ്റത്.
തറയില്‍ വീണു കിടന്ന തട്ടം എടുത്ത് കുടഞ്ഞ് തലയിലിട്ട് പുറത്തിറങ്ങാന്‍ ഭാവിക്കുമ്പോള്‍ മുഹ്സിന ഉണര്‍ന്നു കരഞ്ഞു.
ജമാല്‍ഖാന്‍റെ കൂര്‍ക്കം വലി മുറിഞ്ഞു. അയാളെന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് മലര്‍ന്നു.
മുഹ്സിനയെ തൊട്ടിലില്‍ നിന്നെടുത്ത് മടിയിലിരുത്തി മൂത്രത്തില്‍ കുതിര്‍ന്ന അവളുടെ ഉടുപ്പഴിച്ച് മാറ്റുമ്പോഴാണ് കോട്ടുമ്മലെ ജുമാഅത്ത് പള്ളിയില്‍ നിന്നും ബാങ്ക് വിളിയുയര്‍ന്നത്. തോളിലേക്ക് വീണ തട്ടം തലയില്‍ നേരെയാക്കി യിട്ടു കൊണ്ട് മേല്‍ക്കൂരയിലേക്ക് നോക്കി ബല്‍ക്കീസ് നെടുവീര്‍പ്പിട്ടു.
കുഞ്ഞിനെ തൊട്ടിലിലിട്ടു നിവര്‍ന്നപ്പോള്‍ നേര്‍ത്ത വെളിച്ചത്തില്‍ ജമാല്‍ ഖാ ന്‍റെ ഉണങ്ങിയ ചുണ്ടിനിടയിലെ ആഭാസച്ചിരി അവളില്‍ വല്ലാതെ വിമ്മിട്ടമു ണ്ടാക്കി.
'..ങ്ങക്ക് ഏത് നേരത്തും ഈയൊരൊറ്റ വിചാര്വല്ലേ ഒള്ളൂ.. ഇപ്പോ പോയില്ലേല് ഇന്ന് വെള്ളം കിട്ടൂല...മോളാണെങ്കീ നല്ല ഒറക്കോം... ങ്ങളെണീറ്റ് മൊഖം കഴ്കീം... ഞാന്‍ ചായക്ക് വെള്ളം.. '
ജമാല്‍ഖാന്‍ മടുപ്പോടെ എഴുന്നേറ്റിരുന്ന് മൂരി നിവര്‍ന്നു. പിന്നെയൊരു സിഗരറ്റെടുത്ത് അറ്റം കത്തിച്ച് പുക വിഴുങ്ങാന്‍ തുടങ്ങി.

റുക്കിയത്താത്തയും സരോജിനിയും വെള്ളപ്പാത്രവും പിടിച്ച് വഴിയോരത്ത് അനങ്ങാതിരിക്കുന്നത് ദൂരെ നിന്നും കണ്ടപ്പോള്‍ ഖബറുങ്കാട്ടിലെ മീശാന്‍കല്ലാ ണ് ബല്‍ക്കീസിനോര്‍മ വന്നത്.
'.. ഇന്നലെ ഈ നേരായപ്പോഴേക്കും വെള്ളം വണ്ടി തിരിച്ച് പോയിരുന്നു.. ഇന്ന് വൈഗോ.. ആവോ...'
അവര്‍ രണ്ടു പേരും അതിനു മറുപടിയൊന്നും പറയാതെ അക്ഷമരാവുന്നത് കണ്ടപ്പോള്‍ ബല്‍ക്കീസ് മൂന്നാമത്തെ മീശാന്‍കല്ലായി മാറി.
'..റുക്കിയത്താത്തക്കോര്‍മയുണ്ടോ.. പണ്ടൊക്കെ കുഞ്ഞമ്മദ് സാഹിബിന്‍റെ വീട്ടുവളപ്പിലെ കെണറ്റീന്ന് എല്ലാവരും കൂടി വെള്ളം കോരുന്നതും ആ ഒച്ചേം.. ബഹളോമൊക്കെ.. ഏത് വേനലിലും വറ്റാത്ത കെണറായിര്ന്ന്..പളുങ്ക് പോലത്തെ വെള്ളോം.. '
അവര്‍ക്കിടയില്‍ മൌനം പെയ്തിറങ്ങുന്നതില്ലാതാക്കാന്‍ വേണ്ടിയാണ് ബല്‍ക്കീസത്രയും പറഞ്ഞത്. അപ്പോഴേക്കും വെള്ളംവണ്ടി ഒരിരമ്പലോടെ അവര്‍ക്കു മുമ്പില്‍ വന്നു നിന്നു.
റുക്കിയത്താത്തയും സരോജിനിയും പെരുംനിശ്വാസത്തോടെ എഴുന്നേറ്റു.

ഇപ്പോള്‍ നേര്‍ത്ത വെയിലിന് വിങ്ങല്‍. കാറ്റില്ലാത്തിനാല്‍ ഇലകള്‍ പിടയാതെ മരങ്ങളെല്ലാം ചലനമറ്റു നില്‍ക്കുന്നു.
ബല്‍ക്കീസിന്‍റെ കഴുത്തും മാറുമൊക്കെ വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു.
അവളുടെ വിയര്‍പ്പിന് വെളുത്തുള്ളിയുടെ മണമാണെന്ന് ജമാല്‍ഖാന്‍ ഇടക്ക് പറയാറുള്ളത് ബല്‍ക്കീസ് ഓര്‍ത്തു. അങ്ങനെ തന്നെയാണോ എന്നറിയാന്‍ വെറുതെ കക്ഷത്തിന് നേരെ മൂക്കടുപ്പിച്ചു. അസഹ്യമായ നാറ്റത്താല്‍ അവളു ടെ മുഖം ചുളിഞ്ഞു.
വെള്ളം നിറച്ച പാത്രവുമായി ഇടര്‍ച്ചയോടെ അടുക്കളയിലേക്ക് കയറി, പാത്രം താഴെ വെച്ച് ചുമരില്‍ ചാരി നിന്നു. ബല്‍ക്കീസ് എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല.
പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്ന പോലെ തട്ടമെടുത്ത് മുഖം തുടച്ച് മുഹ്സിനയുടെ തൊട്ടിലിനരികിലെത്തിയപ്പോള്‍ ഒരു തുണ്ട് മലം കൈവെള്ളയില്‍ മുറുകെ പിടിച്ച് മറുകൈ വിരലു കൊണ്ട് അത് തോണ്ടിക്കളിക്കുന്ന മുഹ്സിന. അവള്‍ അവ്യക്തമായി എന്തൊക്കെയോ പറയുന്നുണ്ട്.
'വൃത്തിയില്ലാത്ത കുഞ്ഞിക്കുട്ട്യേ.. യ്യെ ന്തൊക്കെയാണീ കാണിച്ചു വെച്ചേക്കണേ.. '
അതിന് മറുപടിയായി മുഹ്സിന കൈകാലിട്ടടിച്ചു.

കഴിഞ്ഞ രാത്രിയില്‍ ബാക്കി വന്ന മീന്‍കറി പുട്ടിലൊഴിച്ച് കുഴച്ചുരുളയാക്കി ജമാല്‍ഖാന്‍ വിഴുങ്ങുമ്പോള്‍ ബല്‍ക്കീസ് വിറകെടുത്ത് അടുപ്പിനു മുകളില്‍ പാകി അടുക്കളയുടെ കതകടച്ചു.
'..രാത്രി വല്ലാണ്ട് വൈകര്ത്.. പണി കഴിഞ്ഞാ പിന്നെ പൊരേലേക്ക് വന്നു കേറാന്‍ നോക്കണം.. '
ബല്‍ക്കീസിന്റെ വരണ്ട കണ്ണിലേക്ക് നോക്കി ജമാല്‍ഖാന്‍ പുഞ്ചിരിച്ചു.

ഉച്ചക്ക് തിളക്കുന്ന വെള്ളത്തിലേക്ക് അരി കഴുകിയിടുന്ന നേരത്ത് മുംതാസ് കയറി വന്നതറിഞ്ഞില്ല.
'..ഇത്തയീ ദുനിയാവിലൊന്നുമല്ലേ..' എന്ന ചോദ്യം പിന്നില്‍ നിന്നുയര്‍ന്ന പ്പോഴാണ് തന്‍റെയടുത്തൊരാള്‍ വന്നു നില്‍പ്പുണ്ടെന്ന് ബല്‍ക്കീസറിഞ്ഞത്.
മുംതാസിന് പൂച്ചക്കാല്‍ വെപ്പാണെന്ന് ഇടയ്ക്ക് പറയാറുള്ളത് ഉള്ളിലോര്‍ത്ത് ബല്‍ക്കീസ് ചിരിച്ചു. അല്ലെങ്കിലെങ്ങനെയാണ് ഒച്ചയില്ലാതെ ഇത്രേം അടുത്ത് വന്നു നില്‍ക്കാന്‍ കഴിയുക.
'..നാലഞ്ച് ദെവസ്വായല്ലോ നിന്നെയീ വഴിക്ക് കണ്ടിട്ട്.. എവ്ട്യാര്ന്നു.. '
ചോറിന്‍കലം മൂടിവെച്ച് മുംതാസിനെ സ്റ്റൂളില്‍ പിടിച്ചിരുത്തി ബല്‍ക്കീസ് തറയിലിരുന്നു.
'..ഉപ്പയുടെ ലീവ് തീരാറായില്ലേ.. തിരിച്ചു പോണേയ്ന്‍റെ മുമ്പായിട്ട് പറമ്പില് ഒര് കെണറ് കുഴിക്കണംന്നാ ഉപ്പ പറയണത്.. ഇന്നലേം മിഞ്ഞാന്നുമൊക്കെ യായിട്ട് പൊരേല് പണിക്കാര്ടെ ബഹളായിര്ന്ന്.. ഈ പ്രദേശത്ത് കെണറ് കുഴിച്ചിട്ടും വല്ല്യ കാര്യല്ലാന്നാ.. കുടിക്കാംമ്പറ്റൂലെങ്കിലും മറ്റാവശ്യങ്ങള്‍ക്ക് വെള്ള ത്തിന് ബുദ്ധിമുട്ടണ്ടല്ലോ എന്നോര്‍ക്കുമ്പോ.. '
മുംതാസിന്റെ മുഖത്ത് ഗൌരവം മിന്നി.
'..എന്‍റെ ഹൈദ്രോസ്മാമന്‍ താമസിക്കുന്നേടത്ത് വെള്ളം തന്നെ കിട്ടാനില്ല്യാന്നാ അമ്മായി കയിഞ്ഞായ്ച്ച വന്നപ്പോ പറഞ്ഞത്.. '
പുറത്തേക്ക് തെറിച്ചു നിന്ന വിറകുകൊള്ളി അടുപ്പിലേക്ക് തള്ളി ബല്‍ക്കീസ് കണ്ണടച്ച് തീയൂതി.
'..ദുനിയാവ് മുയ് വന്‍ വെള്ളംല്ല്യാതെ നരകിക്കുമ്പോ കുടിക്കണ വെള്ളത്തില് തീട്ടം കലക്ക്ണ ആളുക ളും ഒണ്ടെന്ന് കേള്‍ക്കുമ്പഴാ.. '
ആരോടെന്നില്ലാത്ത ഈര്‍ഷ്യയില്‍ മുംതാസിന്‍റെ മുഖം ചുവന്നു.
ബല്‍ക്കീസിനൊന്നും മനസ്സിലായില്ല. അവള്‍ സംശയത്തോടെ തറയില്‍ നിന്നെഴുന്നേറ്റു.
'..ഇത്തയറിഞ്ഞിട്ടുണ്ടാവില്ല്യ.. വടക്കെങ്ങാണ്ട് ഒര് ഗ്രാമത്തിലെ ജനങ്ങള് രണ്ട് ചേര്യായി തമ്മില് തല്ലീന്ന്.. പരസ്പ്പരം സ്നേഹിച്ച് കയിഞ്ഞിര്ന്ന ആള്കള്‍ ക്കിപ്പോ തമ്മില് കാണണതു തന്നെ പേട്യാത്രേ.. ഇതെല്ലാം ഉപ്പ പത്രം വായിച്ച് പറഞ്ഞ് തന്നതാ.. അതിലൊര് ജാതിക്കാരന്‍റെ കെണറ്റില് മറ്റേ കൂട്ടര്..'
മുംതാസ് മുഴുമിക്കാനാവാതെ വായ പൊത്തി ഓക്കാനിച്ചു.
'..ഉപ്പ പോണേയ്ന്‍റെ  മുമ്പായ്ട്ട് നിന്‍റെ നിക്കാഹ്ണ്ടാവുംന്ന് പറഞ്ഞിര്ന്നല്ലോ.. '
ബല്‍ക്കീസ് വിഷയം മാറ്റാന്‍ ശ്രമിച്ചു.
'..ഈ ഇത്താക്ക് ആനക്കാര്യത്തിനെടക്കാ ചേനക്കാര്യം.. ഞാം പോവ്വാ..'
മുംതാസ് ഇറങ്ങി നടക്കുന്നതും നോക്കി നിസ്സംഗതയോടെ ബല്‍ക്കീസ് ചിരിച്ചു.

പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച വെയില്‍ ചായുന്നു.
മുഹ്സിന എന്തിനോ ശാഠ്യം പിടിച്ച് കരയുകയാണ്.
അവളുടെ കരച്ചിലടക്കാന്‍ ബല്‍ക്കീസ് ആവും വിധം ശ്രമിച്ചിട്ടും..
ചില നേരത്ത് അവളങ്ങനെയാണ്.
വെറുതെ കരഞ്ഞ് പൊളിക്കും. അമ്മിഞ്ഞ കൊടുത്താലും തൊട്ടിലിട്ട് വാവാവോ പാടിയാലും അവളടങ്ങില്ല. കട്ടിലില്‍ ചെരിഞ്ഞു കിടന്ന് മുഹ്സി നയുടെ നെറ്റിയിലും കവിളിലുമൊക്കെയായി വിരലോടിച്ച് ഇക്കിളിപ്പെടു ത്തിക്കൊണ്ട് കിടന്നതോര്‍മയുണ്ട്.

പിന്നീട്..
ബല്‍ക്കീസിപ്പോള്‍ നില്‍ക്കുന്നത് വിജനമായ മരുഭൂമിയിലാണ്. 
ആ സ്ഥലമൊരു മരുഭൂമിയല്ലെന്നും അതിലൂടെ മുമ്പൊരു നദിയൊഴുകിയിരു ന്നെന്നും തിരിച്ചറിയാന്‍ ഏറെ നേരം വേണ്ടി വന്നില്ല.
അന്യം നിന്നു പോയ മത്സ്യങ്ങളുടെ മുള്ളിന്‍കൂട് മണ്ണിലമര്‍ന്നു കിടക്കുന്നു.
ജലനിരപ്പിന് മുകളിലേക്ക് അഹങ്കാരത്തോടെ പൊങ്ങി വരികയും ചെറുജീവി കളെ വായിലാക്കി അടിത്തട്ടിലെ ചേറിലേക്ക് പുളച്ചു കൊണ്ടൂളിയിടുകയും ചെയ്തിരുന്ന മത്സ്യങ്ങളായിരിക്കാമിത്..
ബല്‍ക്കീസ് മുമ്പോട്ട് നടക്കാനാവാതെ വിയര്‍ത്തു.
എത്രനേരം കഴിഞ്ഞിരിക്കുമെന്നറിയില്ല. 
മത്സ്യങ്ങളുടെ അസ്ഥിപഞ്ജരക്കൂനക്കപ്പുറത്തെ പൊള്ളുന്ന വെയിലിനു ചോട്ടിലിരുന്ന് തങ്ങളുപ്പാപ്പ ഖുഃര്‍ആന്‍ സൂക്തങ്ങള്‍ ഉരുവിടുന്നു.
വല്ലാത്തൊരു മുഴക്കമായിരുന്നു ആ ശബ്ദത്തിന്.
ബല്‍ക്കീസ് തങ്ങളുപ്പാപ്പാക്ക് അഭിമുഖമായി ഇത്തിരി ദൂരത്തിരുന്നു.
'..അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്.. '
സലാം ചൊല്ലാന്‍ മനസ്സിലുറച്ചെങ്കിലും നാവിന്‍തുമ്പത്തു നിന്നും ശബ്ദം പുറ ത്തേക്ക് വരുന്നില്ല. ബല്‍ക്കീസ് ആ വാക്കുകള്‍ വീണ്ടും ഉള്ളിലുരുവിട്ടു.
പക്ഷേ.. അവളെന്തെങ്കിലും പറഞ്ഞു തുടങ്ങുന്നതിനു മുമ്പേ തങ്ങളുപ്പാപ്പ ദൂരേക്ക് നടന്ന് മറഞ്ഞിരുന്നു.
'..റബ്ബുല്‍ ആലമീനായ തമ്പുരാനേ.. അവിടുന്നീയുള്ളവളോട് പൊറുക്കണേ.. '
പ്രാര്‍ത്ഥനയോടെ ബല്‍ക്കീസ് നെറ്റി മണ്ണിലമര്‍ത്തി.
കത്തുന്ന സൂര്യന്‍റെ ചൂട് നെറ്റി പെള്ളിച്ചപ്പോള്‍ ഒരുള്‍ക്കിടിലത്തോടെ ബല്‍ക്കീസ് കണ്ണു തുറന്നു.
നേരം ഇരുട്ടിത്തുടങ്ങുന്നു.  കുറേയേറെ ഉറങ്ങിപ്പോയോ..?
മുറ്റത്ത് ജമാല്‍ഖാന്‍റെ  മുരടനക്കം. ഇന്ന് നേരത്തെ എത്തിയിരിക്കുന്നു.
കാപ്പിയുമായി ഉമ്മറത്തേക്ക് ചെന്നപ്പോള്‍ വിയര്‍പ്പു മണത്തു, കുതിരച്ചാണകം പോലെ.
വിചിത്രമായ സ്വപ്നങ്ങളാണ് ഈയിടെയായി കാണുന്നതെന്നും അതിന്‍റെ അര്‍ത്ഥമെന്താണെന്നും അന്ന് രാത്രി ജമാല്‍ഖാനോട് ചോദിച്ചപ്പോള്‍ അയാളുറക്കെ ചിരിച്ചു.
ഏറെ പരിചിതമായിരുന്നിട്ട് കൂടി അരോചകമായി തോന്നി ആ ചിരി.
സിഗരറ്റിന്‍റെ ചൂരുള്ള ചുണ്ട് മുഖത്ത് നിന്നുയര്‍ത്തി, കിതപ്പോടെ അയാള്‍ തന്‍റെ നെഞ്ചില്‍ നിന്നുമടര്‍ന്ന് തലയണക്കീഴിലും മേശപ്പുറത്തും തീപ്പെട്ടി പരതുമ്പോള്‍ സ്വന്തം കഴുത്തും മാറുമൊക്കെ കുതിരച്ചാണകം മണക്കുന്നി ല്ലെന്ന് ഉറപ്പു വരുത്തുകയായിരുന്നു ബല്‍ക്കീസ്.
കണ്ണില്‍ ഉറക്കം വന്നു മൂടിയിട്ടും അനന്തരം തെളിയുന്ന വിഹ്വല സ്വപ്നങ്ങളെ ക്കുറിച്ചോര്‍ത്തപ്പോള്‍ അവളുടെ ഉള്ള് വെന്തു. ഉറങ്ങാതിരിക്കാനുള്ള സൂത്രമൊന്നും മനുഷ്യനിതു വരെ കണ്ടുപിടിച്ചിട്ടില്ലേ..
നാളെ മുംതാസ് വരുമ്പോള്‍ ചോദിക്കണം. അവള്‍ക്കറിയാതിരിക്കില്ല.
അങ്ങനെ ചിന്തിച്ചു തീരുന്നതിന് മുമ്പ് തന്നെ ജമാല്‍ഖാന്‍ ഒരു മലപോലെ സ്വന്തം നെഞ്ചിലമര്‍ന്ന് കത്താന്‍ തുടങ്ങിയവത് അവളറിഞ്ഞു.
അയാളില്‍ കാട്ടുവള്ളി പോലെ പടരുമ്പോള്‍ ഈ മനുഷ്യന് ക്ഷീണോം തളര്‍ച്ചയുമൊന്നുമില്ലേ എന്ന് പല പ്രാവശ്യം ചിന്തിച്ചു കൊണ്ടേയിരുന്നു.
'..വെളുത്തുള്ളിയുടെ മണമാണ് നിന്‍റെ.. നിന്‍റെ... '
മാറത്ത് മുഖമമര്‍ന്നതിനാല്‍ ജമാല്‍ഖാന്‍ പിന്നീടെന്താണ് പറഞ്ഞതെന്ന് ബല്‍ക്കീസ് കേട്ടില്ല.
പക്ഷേ, ഇത് സ്ഥിരം കേള്‍ക്കുന്ന പല്ലവിയായത് കൊണ്ട്..

പിന്നീടെപ്പോഴോ തലയണയ്ക്കു മേല്‍ മുഖം പൂഴ്ത്തി കുതിരച്ചാണകം മണക്കുന്ന ദേഹത്തോടെ ബല്‍ക്കീസ് തളര്‍ന്നുറങ്ങി.
മുന്തിരിച്ചാറ് നിറച്ച സ്ഫടികപ്പാത്രങ്ങളുമായി ആകാശത്തു കൂടി പറക്കുന്ന സ്വര്‍ണ്ണരഥമാണ് അന്നവള്‍ സ്വപ്നം കണ്ടത്.
അപ്പോള്‍ ഭൂമിയിലെ സസ്യങ്ങളെല്ലാം പൂത്തു തളിര്‍ക്കുന്നതും സ്വര്‍ഗ്ഗത്തിലെ ഹൂറിമാര്‍ മണ്ണിലേക്ക് വന്നിറങ്ങുന്നതാവുമോ ഇതെന്ന് സ്വപ്നത്തില്‍ ഞെട്ടുകയും ഭൂമിയിലുള്ളവര്‍ക്ക് ദാഹം തീര്‍ക്കാന്‍ മണ്ണില്‍ തെളിനീരുറവയു ണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ശരീരം മുഴുവന്‍ മത്സ്യത്തിന്‍റെ ചെതുമ്പലുകളുള്ള ഒരു സുന്ദരിയാണ് സ്വര്‍ണ്ണരഥത്തില്‍ സഞ്ചരിച്ചിരു ന്നതെന്ന് മുംതാസ്.
അവളുടെ അന്നേരത്തെ അവസ്ഥ കണ്ട് ബല്‍ക്കീസിന്‍റെ ഹൃദയമിടിപ്പേറി.
സാധാരണ മുംതാസ് ധരിക്കാറുള്ള ഇളംമഞ്ഞ ചൂരിദാറോ തലയിലെ തട്ടമോ ഇല്ലാതെ തന്‍റെയും ജമാല്‍ഖാന്‍റെയും മുമ്പിലിങ്ങനെ വന്നു നില്‍ക്കാന്‍ നാണമില്ലേയെന്ന് ശങ്കിക്കാതിരുന്നില്ല.
മുംതാസ് ചുണ്ടുകള്‍ നനച്ച് കുണുങ്ങിച്ചിരിക്കുന്നു.
ജമാല്‍ഖാന്റെ കണ്ണുകള്‍ തിളങ്ങുന്നതും അയാളുണര്‍ന്നൊരു നീരാളിയായി മുംതാസിനെ ചുറ്റിവരിയുന്നതും തന്നിലമര്‍ഷമുണ്ടാക്കുമെന്നത് അവള്‍ മനസ്സി ലാക്കാത്തതെന്തേ..
മുംതാസിപ്പോള്‍ കുതിരപ്പുറത്ത് കയറുന്ന ലാഘവത്തോടെ ജമാല്‍ഖാന് മുകളിലമര്‍ന്നു.
അവളെ ചവിട്ടിത്തെറിപ്പിക്കാനുള്ള ആവേശം ഉള്ളില്‍ നുരഞ്ഞെങ്കിലും കാലുകള്‍ അനക്കാന്‍ കഴിയാത്ത രീതിയില്‍ മരവിച്ചിരുന്നു.
വിളിച്ചു കൂവി അയല്‍വാസികളെയെല്ലാം ഉണര്‍ത്തിയാലോ എന്നോര്‍ത്തു.
ശബ്ദമുയരുന്നില്ല. ബല്‍ക്കീസ് വല്ലാതെ പരവേശപ്പെട്ടു.
അയാളുടെ ഓരോ ചലനങ്ങളും മുംതാസിനെ വല്ലാതെ രസിപ്പിക്കുന്നുണ്ടെന്ന് അവളുടെ ചുണ്ടിലൂറുന്ന ചിരിയില്‍ ബല്‍ക്കീസ് വായിച്ചു.
എത്ര നേരമിങ്ങനെ സഹിക്കും..
കഴിയില്ല..! തനിക്കു ഭര്‍ത്താവിനെ നഷ്ടപ്പെടുന്നതു മാത്രമല്ല. വിവാഹപ്രായ മായ പെണ്‍കുട്ടിയാണ് മുംതാസ്. അവള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍...?
സകല ശക്തിയും സംഭരിച്ച് വിളിച്ചു കൂവിയാലോ.. 
നാട്ടുകാര് മുഴുവന്‍ ഓടിക്കൂടട്ടെ..!
'..ഹാാആയ്......, കൂഊൌൌൌയ്........, ഓാാായ്...... '

മുഹ്സിന തൊട്ടിലില്‍ നിന്നും ഞെട്ടി.
അവള്‍ കൈകാലിട്ടടിച്ച് കരയാന്‍ തുടങ്ങി.
ജമാല്‍ഖാന്‍ ചന്തിക്കിട്ട് ഒന്ന് പൊട്ടിച്ചപ്പോഴാണ് ബല്‍ക്കീസ് കണ്ണു തുറന്ന് പിടഞ്ഞത്.
പകല്‍വെളിച്ചത്തിലേക്കാണ് കണ്ണു മിഴിച്ചതെങ്കിലും ഇരുട്ടിലെന്ന പോലെ അല്‍പ്പ നേരമിടറി. പിന്നെ, എന്തോ ഓര്‍ത്തിട്ടെന്ന പോലെ അവള്‍ നെഞ്ചത്ത് കൈയമര്‍ത്തി.
'..ന്‍റെ.. റബ്ബേ.. നേരം വെള്ത്തല്ലോ.. ഇന്നിനി വെള്ളത്തിനെന്ത് ചെയ്യും.. '
ജമാല്‍ഖാന്‍ അരിശം പൂണ്ടു.
'..ശെയ്ത്താന്‍.. ഒറങ്ങാന്‍ നേരത്ത് ഓരോന്നോര്‍ത്ത് കിടക്കും.. മന്ശനെ സൊയ് ര്യം കെട്ത്താനായിട്ട്.. പോയെന്‍റെ കണ്ണുമുമ്പീന്ന്.. '
ജമാല്‍ഖാന്റെ പുലമ്പല്‍ ശ്രദ്ധിക്കാതെ മുഹ്സിനയെ തൊട്ടിലില്‍ നിന്നെടുത്ത് തോളില്‍ കിടത്തി ബല്‍ക്കീസ് മുറിയില്‍ നിന്നും പുറത്തിറങ്ങി.
പിന്നീട് അടുക്കളയിലേക്ക് കടന്ന് മണ്‍കലത്തില്‍ നിന്നും ഇത്തിരി വെള്ള മെടുത്ത് കുടിക്കുകയും കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ച് അവളുടെ ചുണ്ടുകള്‍ ക്കിടയില്‍ മുലഞെട്ട് തിരുകി കരച്ചിലടക്കാനും വീണ്ടും ഉറക്കുവാനുള്ള ശ്രമമാരംഭിക്കുകയും ചെയ്തു.
ഉഷ്ണം പെയ്തിറങ്ങാന്‍ തുടങ്ങുന്ന ആകാശത്തിനു താഴെ ഒരു കൊച്ചു പേടകമായി സ്വന്തം വീട് ചുരുങ്ങുകയാണെന്നും മകളിങ്ങനെ നിര്‍ത്താതെ കരയുന്നത് അശുഭ ലക്ഷണമാണെന്നും ചങ്കിടിപ്പോടെ ഓര്‍ത്തു കൊണ്ട് ബല്‍ ക്കീസ് കണ്ണടച്ച് ദീര്‍ഘ നിശ്വാസമുതിര്‍ത്തു.
അതൊരു ചുഴലിക്കാറ്റു കണക്കെ ആ കൂരയ്ക്കുള്ളില്‍ ചുറ്റിത്തിരിയാന്‍ തുടങ്ങി.

--------------------------------------------------------------------------
സംഭാഷണം വാര്‍ഷികപ്പതിപ്പ് 2005




3 comments:

  1. ഇവന്‍ ഈ കഥ എഴുതിയ സമയത്ത് എനിക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. ഇപ്പോള്‍ കൊള്ളാമെന്ന് തോന്നുന്നുണ്ട്. എന്‍െറ നിലവാരം താഴോട്ടായതോ കഥയുടെ നിലവാരം ഉയര്‍ന്നതോ?

    ReplyDelete
  2. കഥ കുറച്ചു നീണ്ടു പോയില്ലേ?

    ReplyDelete
  3. ഊഷരമായ ജീവിത പരിസരങ്ങളിൽ സ്വപ്നങ്ങൾ പോലും പൊള്ളുന്ന അനുഭവങ്ങളായേ കാഴ്ചപ്പെടൂ. കഥ നന്നായിട്ടുണ്ട്. e-mail വഴിയോ മറ്റോ ഫോളോ ചെയ്യാനുള്ള ഗാഡ്ജെറ്റ് ചേർത്താൽ വായനക്കാർക്ക് ഉപകാരമായിരുന്നു.

    ReplyDelete