Monday, September 24, 2012

ഉമ്മുസ്സാഹിഖില്‍ നിന്ന് ഉമ്മയ്ക്കൊരു ഫോണ്‍വിളി


ദിവസങ്ങള്‍ക്കു ശേഷം മുഹമ്മദ് അല്‍ ദോസ്സരി വീണ്ടും വന്നു. 
വാതിലിനു മുമ്പില്‍ കാര്‍ നിര്‍ത്തി എന്നെ പുറത്തേക്ക് വിളിച്ചു.
വളരെ ബഹുമാനത്തോടെ അടുത്തെത്തിയപ്പോള്‍ 
മുഹമ്മദ് അല്‍ ദോസ്സരി പറഞ്ഞു.
എന്‍റെ ടെലഫോണ്‍ ബില്ല് വന്നിട്ടുണ്ട്. 
നീ അന്ന് സംസാരിച്ചതിന്‍റെ  ചാര്‍ജ്ജ് 
ബില്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.. നിന്‍റെ കയ്യിലിപ്പോള്‍ പണമുണ്ടോ..?


1994ല്‍ ഡിസംബറിലെ കൊടുംതണുപ്പിലേക്ക് വിമാനമിറങ്ങുമ്പോള്‍ ഭാവനയിലെ ഗള്‍ഫ് അതിമനോഹരമായിരുന്നു. ദമ്മാം, ജുബൈല്‍റോഡിലെ സഫ് വ എന്ന കൊച്ചു പട്ടണത്തിനടുത്തുള്ള വിശാലമായ ഹസം ഉമ്മുസ്സാഹിഖ് ഗ്രാമത്തിലെ ഖഹ്ത്താനി ഗോത്രത്തില്‍ പെട്ട ഫൈസല്‍ മുഹമ്മദ് ഹസ്സാ അല്‍ ഖഹ്താനി എന്നയാളുടെ സ്പോണ്‍സര്‍ഷിപ്പിലായിരുന്നു  ഒത്തിരി സ്വപ്നങ്ങളുമായി വന്നിറങ്ങുന്നത്.
സൌദിഅറേബ്യയിലെ പ്രശസ്ത ഡ്രൈക്ളീനിംഗ് കമ്പനിയുടെ ഈ പ്രദേശത്തെ ബ്രാഞ്ചില്‍ ഷോപ്പ്കീപ്പറായാണ് എന്‍റെ ജോലി. നേരിട്ടല്ലാതെ ബ്രാഞ്ചുകള്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ നടത്താന്‍ നല്‍കുന്ന പ്രസ്തുത കമ്പനിയുടെ രീതിയാണ് എന്‍റെ സ്പോണ്‍സര്‍ ഒരു ബ്രാഞ്ച് ഏറ്റെടുക്കാന്‍ ഇടയായതും അവിടുത്തെ കാര്യക്കാരനായി ഞാനെത്തുന്നതും.
നഗരത്തിന്‍റെ ബഹളപ്പെരുമഴയില്‍ ജീവിതം ശീലിച്ച എനിക്ക് മരുദേശത്തെ ഗ്രാമീണത ഏറെ ഇഷ്ടമായി. എന്നാലും അന്നൊക്കെ എന്‍റെ നഗരം സ്വപ്നത്തില്‍ വന്നെന്നെ ഏറെ മോഹിപ്പി ക്കുമായിരുന്നു. ദിവാസ്വപ്നങ്ങളില്‍ നാട്ടിലെ ആഘോഷനിമിഷങ്ങളിലൂടെ എന്നും സവാരി ചെയ്തിരുന്നു.
ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടക്കുമ്പോള്‍ റോഡിന്‍റെ മൌനം വല്ലാതെ വീര്‍പ്പുമുട്ടിച്ചു. അന്നൊക്കെ എന്‍റെ  ചിന്ത ഇനിയെത്ര കാലം ഞാന്‍ ഈ ബഹളമില്ലാത്ത ഗ്രാമത്തില്‍ ജീവിതം നടന്നു തീര്‍ക്കണം എന്നുള്ളതായിരുന്നു.
രാപകലുകള്‍ ഓരോന്നും അടര്‍ന്നു വീഴവെ എല്ലാറ്റിനോടും പൊരുത്തപ്പെടാനുള്ള ഒരു മാനസികാവസ്ഥ കൈവന്നു. പിന്നീട് ഞാനും ഈ ഗ്രാമത്തിന്‍റെ ഭാഗമാണ് എന്ന തോന്നലില്‍ സന്തോഷം കണ്ടെത്തി. ഇവിടുത്തെ ജീവിതം തുടങ്ങിയിട്ട് മാസങ്ങളായിരിക്കുന്നു. അറബികളാണ് കടയില്‍ കൂടുതലും കസ്റ്റമേഴ്സ്. അറബി ഭാഷയൊക്കെ തട്ടിമുട്ടി സംസാരിക്കാന്‍ പഠിച്ചു വരുന്നു.
ഹസം ഉമ്മുസ്സാഹിഖില്‍ അക്കാലത്ത് വീടുകളിലൊ കടകളിലൊ ടെലിഫോണ്‍ കണക്ഷന്‍ ഇല്ലായിരുന്നു. വിരലിലെണ്ണാവുന്ന സ്വദേശികളുടെ കയ്യില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുള്ളൂ.
റോഡരികില്‍ സ്ഥാപിച്ച നാണയമിട്ട് സംസാരിക്കാന്‍ സൌകര്യമുള്ള ടെലിഫോണ്‍ കേബിന്‍ മിക്ക ദിവസങ്ങളിലും പ്രവര്‍ത്തനം നിലച്ച്, അനക്കമറ്റ അവസ്ഥയിലായിരിക്കും. അന്ന് നാട്ടിലേ ക്ക് ഒരു നിമിഷനേരം സംസാരിക്കാന്‍ എട്ടു റിയാലാണ്. ഒറ്ററിയാല്‍ നാണയം കിട്ടാനില്ലാത്ത അവസ്ഥ. പത്തുറിയാലിന് ഒമ്പത് നാണയമാണ് കടകളില്‍ നിന്നും ലഭിച്ചിരുന്നത്. കൊയിന്‍ കേബിന്‍ കേടാണെങ്കില്‍ പിന്നെ നാട്ടിലേക്ക് വിളിക്കാന്‍ സഫ് വയിലെത്തണം. ഉമ്മുസ്സാഹിഖില്‍ നിന്നും ഏഴുകിലോമീറ്റര്‍ ദൂരമേയുള്ളൂ സഫ് വയിലേക്ക്. എന്നാലും വാഹനലഭ്യത  കുറവായതി നാല്‍ സമയം ഒട്ടേറെ കവരും സഫ് വ യാത്ര.
ഒരു ദിവസം അത്യാവശ്യമായി ഒന്നു വീട്ടിലേക്ക് ഫോണ്‍ വിളിക്കണം. ജോലിസമയമാണ്.
റോഡരികിലുള്ള ടെലഫോണ്‍കേബിന്‍ കേടായിട്ട് ദിവസങ്ങളായി. ജോലി കഴിയാതെ പുറത്തു പോവാനും പറ്റില്ല. ഒരാളെ ഏല്‍പ്പിച്ചു പോവാന്‍ അങ്ങനെയൊരാളില്ല. കൌണ്ടറില്‍ ഞാന്‍ മാത്രമേ ഉള്ളു..
അന്നേരം ദൈവദൂതനെപ്പോലെ പ്രിയപ്പെട്ട കസ്റ്റമറുകളിലൊരാള്‍ കാറില്‍ വന്നിറങ്ങി. മുഹമ്മദ് അല്‍ ദോസ്സരി.
കയ്യില്‍ കറുത്ത വലിയ മൊബൈല്‍ ഫോണ്‍..
രണ്ടും കല്‍പ്പിച്ച് ഞാനദ്ദേഹത്തോട് മൊബൈല്‍ഫോണ്‍ ചോദിച്ചു. വീട്ടിലേക്ക് അത്യാവശ്യ മായി വിളിക്കാനാണെന്നും എത്രയാണ് പണമാവുകയെന്നു വെച്ചാല്‍ അത് ഞാന്‍ തരാമെന്നും പറഞ്ഞപ്പോള്‍ യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഫോണ്‍ എന്‍റെ കയ്യില്‍ തന്നു.
ഞാന്‍ വീട്ടിലേക്ക് വിളിച്ചു. കുറഞ്ഞ വാക്കുകളില്‍ സംസാരിച്ച് കാര്യം ഭംഗിയാക്കി.
ഫോണ്‍ തിരിച്ചു കൊടുക്കുമ്പോള്‍ എത്ര കാശാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ ബില്ല് വരട്ടെ എന്നിട്ട് മതിയെന്നും പറഞ്ഞ് അയാള്‍ പടിയിറങ്ങി കാറില്‍ കയറി.
ദിവസങ്ങള്‍ക്കു ശേഷം മുഹമ്മദ് അല്‍ ദോസ്സരി വീണ്ടും വന്നു. വാതിലിനു മുമ്പില്‍ കാര്‍ നിര്‍ത്തി എന്നെ പുറത്തേക്ക് വിളിച്ചു.
വളരെ ബഹുമാനത്തോടെ അടുത്തെത്തിയപ്പോള്‍ മുഹമ്മദ് അല്‍ ദോസ്സരി പറഞ്ഞു.
എന്‍റെ ടെലഫോണ്‍ ബില്ല് വന്നിട്ടുണ്ട്. നീ അന്ന് സംസാരിച്ചതിന്‍റെ  ചാര്‍ജ്ജ് ബില്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.. നിന്‍റെ കയ്യിലിപ്പോള്‍ പണമുണ്ടോ..?
പ്രശ്നമില്ല.. എത്ര റിയാലായാലും  ഞാനിപ്പോള്‍ തന്നെ തരാം.. മിനിട്ടൊന്നിന് ഇന്ത്യയിലേക്ക് എട്ടു റിയാലാണ് ചാര്‍ജ്ജ്.. എന്‍റെ വാക്കുകള്‍.
ആകട്ടെ.. നീ ആരുമായാണ് അന്ന് ഫോണില്‍ സംസാരിച്ചത്..
അടുത്ത ചോദ്യം.
എന്‍റെ  ഉമ്മയുമായി..
ഞാന്‍ കാറിനടുത്തേക്ക് ചേര്‍ന്നുനിന്നു.
ഓഹോ.. ഉമ്മയോടാണോ സംസാരിച്ചത്..
അങ്ങനെ ചോദിച്ചുകൊണ്ട് മുഹമ്മദ് അല്‍ ദോസ്സരി അല്‍പ്പനേരം എന്തോ ചിന്തിച്ചു.
എങ്കില്‍ ആ കാശ് നീ തന്നെ വെച്ചോളൂ.. ഞാനെന്‍റെ ഉമ്മയുമായി സംസാരിച്ചതാണെന്ന് കരുതിക്കോളാം..
എത്ര നിര്‍ബന്ധിച്ചിട്ടും എന്‍റെ കയ്യില്‍ നിന്നും അദ്ദേഹം പണം വാങ്ങിയില്ല.
ഹൃദ്യമായ ഒരു ചിരി ആ മുഖത്ത് നിറച്ച് മുഹമ്മദ് അല്‍ ദോസ്സരി                 കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എന്‍റെ നേര്‍ക്ക് കയ്യുയര്‍ത്തി.
'..അസ്സലാമു അലൈക്കും.. '
നീങ്ങിത്തുടങ്ങിയ കാറിനു സമീപം നിശ്ചലനായി നിന്ന ഞാനും അറിയാതെ കൈ ഉയര്‍ത്തി പതുക്കെ ഉരുവിട്ടു..
'വ അലൈക്കും മുസ്സലാം .....................'

*************************************

9 comments:

  1. ആകട്ടെ.. നീ ആരുമായാണ് അന്ന് ഫോണില്‍ സംസാരിച്ചത്..
    അടുത്ത ചോദ്യം.
    എന്‍റെ ഉമ്മയുമായി.. ഞാന്‍ കാറിനടുത്തേക്ക് ചേര്‍ന്നുനിന്നു.
    ഓഹോ.. ഉമ്മയോടാണോ സംസാരിച്ചത്..
    അങ്ങനെ ചോദിച്ചുകൊണ്ട് മുഹമ്മദ് അല്‍ ദോസ്സരി അല്‍പ്പനേരം എന്തോ ചിന്തിച്ചു.
    എങ്കില്‍ ആ കാശ് നീ തന്നെ വെച്ചോളൂ.. ഞാനെന്‍റെ ഉമ്മയുമായി സംസാരിച്ചതാണെന്ന് കരുതിക്കോളാം..
    എത്ര നിര്‍ബന്ധിച്ചിട്ടും എന്‍റെ കയ്യില്‍ നിന്നും അദ്ദേഹം പണം വാങ്ങിയില്ല.
    ഹൃദ്യമായ ഒരു ചിരി ആ മുഖത്ത് നിറച്ച് മുഹമ്മദ് അല്‍ ദോസ്സരി കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എന്‍റെ നേര്‍ക്ക് കയ്യുയര്‍ത്തി.
    '..അസ്സലാമു അലൈക്കും.. മനസ്സില്‍ തട്ടുന്ന വരികള്‍ 'അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.....അറബികളെ കുറ്റം പറയാന്‍ കാരണങ്ങള്‍ തിരയുന്നവര്‍ ഇത്തരം സുമനസ്സുകളെ കൂടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് ..നന്നായി എഴുതി റഫീക്ക് ഭായ്

    ReplyDelete
  2. ആ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ...

    ReplyDelete
  3. നന്മ എല്ലായിടത്തുമുണ്ട്

    ReplyDelete
  4. ഉമ്മ ഏതു നാട്ടില്‍ ഉള്ളവനും ഏതു ഭാഷ സംസാരിക്കുന്നവനും പകരം വെയ്ക്കാന്‍ കഴിയാത്ത അമൂല്യ ബന്ധമാണ് .അതിനു വിലയിടാന്‍ ആകില്ല .

    ReplyDelete
  5. അമ്മ...അതൊരു വികാരമാണ്.എതു ദുനിയാവിലായലും....മനസ്സു നിറച്ചു ആ നന്മ.

    ReplyDelete
  6. ദേശഭാഷാ വ്യത്യാസങ്ങള്‍ അപ്രസ്കതമാവുന്ന സ്നേഹം... കരുണ... നല്ല കുറിപ്പ് Rafeek.

    ReplyDelete
  7. വെറും ഒരു മാസം മാത്രമേ ഞാന്‍ സൌദിയില്‍ നിന്നുള്ളൂ. ഒരു നല്ല അറബി സുഹൃത്തിനെ എനിക്ക് കിട്ടി. ഞാന്‍ അവരുടെ വീട്ടില്‍ ഒക്കെ പോയി. എന്ത് മാന്യമായ പെരുമാറ്റം. പെണ്‍കുട്ടികള്‍ പോലും എന്നോട് കുശലം പറഞ്ഞു. ശെരിക്കും ഒരത്ഭുതമായിരുന്നു ആ സന്ദര്‍ശനം. കേട്ടതില്‍നിന്നും വളരെ വ്യത്യസ്തം. സ്നേഹത്തിന് ഭാഷയും ദേശവുംമില്ല എന്ന് മനസിലാക്കി തന്ന ഒരു കുടുംബം.

    ReplyDelete