Tuesday, August 28, 2012

കുട്ടിക്കൂട്ടായ്മക്കാലത്തെ തിരുവോണം



കര്‍ഷകന്‍റെ വിളവെടുപ്പുത്സവമാണ് ഓണം.
ഒരുകാലത്ത് മലയാളിയുടെ പത്തായങ്ങള്‍ നിറയുന്ന നാളുകളായിരുന്നിത്.
തമിഴന്‍റെ ലോറിശബ്ദം കാതോര്‍ക്കേണ്ട ഗതികേട് അന്ന് മലയാളിക്കില്ലായിരുന്നു. കുടിയാന്‍മാരായ കൃഷിക്കാര്‍ കാര്‍ഷികോല്‍പ്പന്നങ്ങളുമായി ജന്‍മിമാരുടെ മുമ്പില്‍ ഓണക്കാഴ്ച സമര്‍പ്പിക്കുന്ന കാലം. ജന്‍മിമാര്‍ അവര്‍ക്ക് ഓണക്കോടി നല്‍കും. ഇത് പഴങ്കഥ.

വികസനദാഹികള്‍ കുന്നും മലയും ഇടിച്ചു നിരത്തുകയും വയലും മേടുകളും മണ്ണിട്ടു നികത്തുകയും ചെയ്തപ്പോള്‍ പ്രകൃതി അവനോട് പിണങ്ങി.. കൃഷിയുമായും മണ്ണുമായും ഉണ്ടായിരുന്ന ആത്മബന്ധം മലയാളിക്ക് നഷ്ടപ്പെട്ടു. തനത് ഉത്സവങ്ങളെല്ലാം മലയാളി നഷ്ടപ്പെടുത്തി പണം കൊടുത്തുവാങ്ങുന്ന സന്തോഷങ്ങളിലവന്‍ അഭിരമിക്കാന്‍ തുടങ്ങി. അങ്ങനെ ഓണവും ഫാഷന്‍യുഗത്തിലെ വെറും ഒരടയാളമായി മാറി.
ഓണം ഓണമായിതന്നെ നിലകൊള്ളുകയും അതങ്ങനെ തന്നെ ജീവിതത്തിലേക്ക് കടന്നു വരാന്‍ വേണ്ടി കാത്തിരിക്കുകയും ചെയ്യുന്ന പഴംമനസ്സുകള്‍ക്കു മുമ്പില്‍ ഒരുപാട് വര്‍ണ്ണങ്ങള്‍ വിതറി വിരുന്നെത്തുന്നു വീണ്ടുമൊരു തിരുവോണം.

തിരുവോണം എന്ന വാക്കുച്ചരിക്കുമ്പോള്‍ തന്നെ ഉള്ളിലോടിയെത്തുന്നത് ഓണപ്പൂക്കളമിടുന്നതിന് കളം വരച്ചു കൊടുക്കാന്‍ എന്നെയും കാത്ത് നില്‍ക്കുന്ന ചങ്ങാതിവീട്ടിലെ സഹോദരിമാരാണ്.. ഓണദിവസം രാവിലെതന്നെ അവിടെ ഞാനെത്തിയില്ലെങ്കില്‍ മുഖം കറുപ്പിക്കുന്ന ശെല്‍വിയും, വിജയമണിയേച്ചി, വസുന്ധരേട്ത്തിയും ഷൈമയും.. പിന്നെ ഷൈനി, ബിനി.. നീയെന്‍റെ കുഞ്ഞാങ്ങളയാടാ എന്നും പറഞ്ഞ് ഏത് ആള്‍ക്കൂട്ട ത്തിന്നിടയില്‍ നിന്നും പേര് നീട്ടി വിളിച്ചിരുന്ന അനിതേട്ത്തിയുമൊക്കെ ഓരോ ഓണനാളുകളിലും ചിന്തകളില്‍ സ്നേഹത്തിന്‍റെ പൂക്കാലം അടയാളപ്പെടുത്തുമ്പോള്‍ ആഘോഷത്തിന്‍റെ പച്ചപ്പാടങ്ങളില്‍ നിന്നും ഏകാന്തതയുടെ ഈ മരുനിലങ്ങളിലൂടെ സഞ്ചരിച്ച് മനസ്സ് പതറുന്നു.

ആഘോഷമെന്നത് മദിച്ചു തിമിര്‍ക്കലാണ് എന്ന പുതിയ രീതിയെല്ലാം രംഗപ്രവേശം ചെയ്യുന്നതിനു മുമ്പ് പരസ്പ്പരം അറിയലാണ്, സ്നേഹത്തിന്‍റെ ഉള്‍ക്കാമ്പ് പങ്കുവെക്കലാണ് ആഘോഷം എന്നത് സാര്‍വ്വത്രികമായി ഏവരുടെയും മനസ്സുകളില്‍ കല്ലടുപ്പമുള്ള ആശയമായിരുന്നു. അതു കൊണ്ടു തന്നെ പൂക്കളമിടുന്നതില്‍ തുടങ്ങി സദ്യ വിളമ്പുന്നിടത്തു വരെ ആ കൂട്ടായ്മ പ്രകടമായിരുന്നു.
കുട്ടിക്കൂട്ടായ്മക്കാലത്ത് പ്ളാവിലപ്പാത്രങ്ങളുണ്ടാക്കി പൂപറിക്കാന്‍ പോയിരുന്നത് മത്സരബുദ്ധിയോടെ യായിരുന്നു. ഏറ്റവും കൂടുതല്‍ പൂക്കളുമായി ആദ്യം തിരിച്ചെത്തുന്നവര്‍ക്ക് ഉണ്ണിയപ്പം തന്നിരുന്ന സരോജിനിയേട്ത്തി മക്കളായ ബിന്ദുവിനും ബൈജുവിനും പാതയിറമ്പുകളില്‍ നിന്നും പൂ പറിക്കുന്നേരം കാവലായി നില്‍ക്കുന്നതിന് രണ്ട് ഉണ്ണിയപ്പം അധികം തന്നിരുന്നു എനിക്ക്. അത് കൂടെയുണ്ടായിരുന്ന രാജലക്ഷ്മിയും ഫിറോസും എന്‍റെ കുഞ്ഞനുജത്തിയുമൊക്കെ അറിയാതെയായിരുന്നു.
ഇന്ന് സരോജിനിയേട്ത്തിയും ബിന്ദുവും ബൈജുവുമൊക്കെ ഏതോ വിദൂരദിക്കിലാണ്. ഒരുപക്ഷെ, കണ്ടാല്‍ പരസ്പ്പരം തിരിച്ചറിയാന്‍ പോലും കഴിയാത്ത രീതിയില്‍ കാലം നമ്മെയൊക്കെ മാറ്റിപ്പണിഞ്ഞിട്ടുമുണ്ടാകും.

ഓണങ്ങളോരോന്നും പിന്നെയും മനസ്സിന്‍റെ തിരുമുറ്റത്ത് വര്‍ണ്ണപ്പൂക്കളം തീര്‍ക്കുമ്പോള്‍ അറിയാതെ മോഹിച്ചു പോകുന്നു. ഇനിയൊരിക്കല്‍ കൂടി ഓണക്കാല കൌതുകങ്ങളിലേക്ക് പൂവാലന്‍ തുമ്പിയെപ്പോ ലെ പറന്നുയരാന്‍.. പൂ പറിക്കാന്‍ പറമ്പിലും കുറ്റിക്കാടുകളിലുമൊക്കെ ചുറ്റി നടക്കാന്‍.. എല്ലാ ചെടികളിലും വസന്തം വിരുന്നുവരുന്ന ചിങ്ങമാസത്തിന്‍റെ പൊന്‍വെയിലില്‍ വെറുതെ ആകാശം നോക്കി നടക്കാന്‍..
പൂവേ പൊലി പൂവേ.. പൂവേ പൊലി പൂവേ..
പൂവേ പൊലി പൂവേ.. പൂവേ പൊലി പൂവേ..
ചെറുകാറ്റില്‍ ഒഴുകിയെത്തുന്ന പൂവിളികള്‍ക്ക് കാതോര്‍ക്കാന്‍..

അത്തം പിറന്നാല്‍ എല്ലാ വീട്ടുമുറ്റങ്ങളിലും പൂമ്പാറ്റകള്‍ നൃത്തം ചെയ്യുന്നേരം തെങ്ങോലകള്‍ക്കും മുകളില്‍ കാര്‍മേഘങ്ങള്‍ കറുത്ത് കനക്കുമ്പോള്‍ പഴമക്കാര്‍ പറയുന്ന വാചകമുണ്ട്. അത്തം കറുത്താല്‍ ഓണം വെളുക്കുമെന്ന്. ഇന്ന് അത്തരം പ്രവചനങ്ങള്‍ക്ക് പോലും ഇടമില്ലാത്ത രീതിയില്‍ മഴ എപ്പോ ള്‍ വരുമെന്നോ ഇല്ലാതാകുമെന്നോ ആര്‍ക്കുമറിയില്ല. മണ്ണിനോടും പ്രകൃതിയോടും മനസ്സടുപ്പമില്ലാത്ത ഇന്നത്തെ ജീവിതരീതിയില്‍ ചാനല്‍ വിരുന്നുകള്‍ക്കും കച്ചവടകേന്ദ്രങ്ങളിലെ ഓഫറുകളിലേക്കും തിക്കും തിരക്കുമായി ഓണവും വരുന്നു, പോവുന്നു.. അത്ര തന്നെ.
എന്നാലും നാടിന്‍റെ പച്ചപ്പില്‍ നിന്നുമകന്ന് വിളറിയ വെയില്‍ദേശത്ത് യന്ത്രതുല്യമായി ചലിക്കുമ്പോഴും ഭൂതകാലസ്മരണകളിലെ ഓണക്കാലസുദിനങ്ങള്‍ വാഴയിലയില്‍ വിളമ്പുന്ന അടപ്രഥമന്‍ പോലെ
മധുരം കിനിഞ്ഞു കിനിഞ്ഞങ്ങനെ..


--------------------------------------------------------------------------------------

No comments:

Post a Comment