Saturday, June 23, 2012

അതിഥി ദേവോ ഭവ



'സ്വര്‍ണ്ണത്തിന് പിന്നേയും വില കൂടിയിരിക്കുന്നു..'
അയാള്‍ നിര്‍ത്താതെ സംസാരിക്കുകയാണ്.
ഞാന്‍ മറുപടിയൊന്നും പറയാതെ അസ്വസ്ഥത പ്രകടിപ്പിച്ച് വാച്ചിലേക്ക് നോക്കി.
ഉച്ചക്ക് മുമ്പത്തെ സൂപ്പര്‍സ്റ്റാര്‍ ചിത്രം.. പിന്നെ,
ഭാര്യയുടെ ബന്ധത്തിലൊരു വിവാഹനിശ്ചയം..
വൈകുന്നേരം തിരിച്ചു വന്ന ശേഷം രണ്ടുമൂന്ന് സീരിയലും
ഒരു കോമഡി സിനിമയും...
ഇന്നെല്ലാം കൊളമാവും.. തീര്‍ച്ച!
അയാള്‍ സോഫയില്‍ അമര്‍ന്നിരുന്ന് ആദ്യമായി ഭൂമിയില്‍ വരുന്ന അന്യഗ്രഹവാസിയെ പോലെ ചുറ്റും എന്തെല്ലാമോ തിരയുന്നു.
അയാളുടെ കണ്ണില്‍ പെടാതെ അകത്തുനിന്നും ഭാര്യ നേരം പോകുന്നതിന്‍റെ സൂചനകളായി ചില മുദ്രകള്‍..
ആരെങ്കിലും ഫോണ്‍ ചെയ്താല്‍ ഇന്ന് വീട്ടിലുണ്ടാവില്ല എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ശീലം..
ഇന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരവതാരം..
മരിച്ചു പോയ അമ്മയുടെ..ഏതോ..
വീട്ടിലൊരാള്‍ കയറി വരിക എന്നത്  വഴിയരികില്‍ ഏതെങ്കിലും
ജീവിയുടെ ചീഞ്ഞു നാറുന്നു ജഡം കാണുന്ന പോലെ..
'..ടീവി ഓണ്‍ ചെയ്യ്..വാര്‍ത്ത..'
മുഖത്ത് ചിരി നിറച്ച് പ്രതീക്ഷയോടെ അയാള്‍.
ഫ്രിഡ്ജ് തുറന്ന് ജ്യൂസ് ഗ്ളാസ്സിലൊഴിച്ച് അയാളുടെ മുമ്പില്‍ വെച്ചു.
'..ഭാര്യയെ കണ്ടില്ലല്ലോ..'
അയാളുടെ നെറ്റിയില്‍ ഏതാനും വരകള്‍..!
ഭാര്യ...!!!
അന്നേരം ഉള്ളിലൊരു മിന്നായം.
'..അവള്‍ അകത്തുണ്ട്.. രണ്ടു ദെവസ്വായി കെടപ്പിലാ..
ഇപ്പോഴത്തെ ഓരോരോ പനികളല്ലേ..  ആശുപത്രീന്ന് എറങ്ങാന്‍ നേരംല്ല്യാണ്ടായി..'
അയാള്‍ ജ്യൂസ് മുഴുവന്‍ കുടിച്ചു തീര്‍ത്തോ എന്നു ഞാന്‍ ശ്രദ്ധിച്ചില്ല.. ഉമ്മറപ്പടിയില്‍ അഴിച്ചു വെച്ച ചെരിപ്പിടുന്നതും കണ്ടില്ല.
ഗേറ്റിന്‍റെ  ഇരുമ്പൊച്ച കാതില്‍ ഉരഞ്ഞപ്പോള്‍ മനസ്സിലായി
അയാള്‍ നടവഴിക്കപ്പുറം മാഞ്ഞു പോയെന്ന്..!
അകത്തു നിന്ന് വെളിച്ചത്തിലേക്ക് വന്ന ഭാര്യയെന്നെ ചുറ്റിപ്പിടിച്ചു.
'..ഇനി റിസ്ക്കെടുക്കേണ്ട.. ഗേറ്റടച്ചേക്കാം...'

----------------------------------------------------------------------------------------
വാരാദ്യ മാധ്യമം 2010

6 comments:

  1. മുടങ്ങാതെ ശമ്പളം കിട്ടുന്ന ജോലി, കൗശലക്കാരിയായ ഭാര്യ, വിരല്‍ത്തുമ്പി നാല്‍ നിയന്ത്രിക്കാവുന്ന വിനോദ പരിപാടികള്‍.... അങ്ങനെയുള്ള സൗഭാഗ്യങ്ങള്‍ എല്ലാം ഉണ്ടെങ്കില്‍ പിന്നെ ഒരാള്‍ക്ക്‌ പിന്നെ അയല്‍ക്കാരോ നാട്ടുകാരോ ബന്ധുക്കളോ ഒന്നും ആവശ്യമില്ല. കുറച്ചുപേര്‍ക്ക്‌ എല്ലാ സൌഭാഗ്യങ്ങളും വീട്ടിനുള്ളില്‍ തന്നെ കൊടുക്കുകയും അവര്‍ അത്തരം സൗഭാഗ്യങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും വ്യത്യസ്തരാണെന്ന ബോധം ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നത് വ്യക്തമായ ഉദ്ദേശ്യ ലെകഷ്യത്തോടെയാണ്. അതാണ്‌ നമ്മുടെ വ്യവസ്ഥിതിയുടെ പ്രത്യേകത. അതൊക്കെ കണ്ടെത്തുകയും ആവിഷ്കരിക്കുകയും ചെയ്യുകയെന്നത് എഴുത്തുകാരന്റെ കടമയാണ്. നല്ല കഥ. അഭിനന്ദനങ്ങള്‍.

    ReplyDelete
  2. Me , my wife and goldsmith !

    ReplyDelete
  3. പ്രദീപ്‌June 26, 2012 at 4:24 PM

    ...നല്ല ഭാവന...അഭിനന്ദനങ്ങള്‍...

    ReplyDelete
  4. സത്യം... കഥയാണെങ്കിലും ഇന്ന് ചുറ്റും കാണുന്നതും ഇതൊക്കെ തന്നെ.
    നല്ല അവതരണം...

    ReplyDelete
  5. ഭാര്യയും ഭർത്താവും സ്വാർത്ഥതയുടെ പ്രതിരൂപങ്ങൾ, തങ്ങളിലേക്ക് മാത്രം ഒതുങ്ങിക്കൂടുന്നതിന്റെ നേർ ചിത്രം

    ReplyDelete