Thursday, June 14, 2012

രക്ത സാമ്രാജ്യം






ദൈവത്തിന്‍റെ നാട്ടില്‍ ചെകുത്താന്‍ കുടിയേറ്റം നടത്തുന്നു.
പൂവിളിയുടെ നാട്ടില്‍ കൊലവിളിയുടെ ചെമ്പൂക്കള്‍ മാത്രം.
പരസ്പ്പരം സ്നേഹിച്ചിരുന്നവര്‍
ദുര മൂത്ത് ആയുധപ്പനിയില്‍ പൊള്ളി വിറയ്ക്കുന്നു..



ഒരു കാലത്ത് ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുഴുനീളനേരവും സജീവമായി രുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മൂല്യച്യുതിയാണ് ഇന്ന് നാടിനെ ബാധിച്ച മഹാരോഗം.
സ്വന്തം പൈതലിന് പിതാവും അമ്മയ്ക്ക് മകനും ഭാര്യക്ക് ജീവിത പങ്കാളി യെയും ഇല്ലാതാക്കി പടുത്തുയര്‍ത്തുന്ന രാഷ്ട്രീയ സാമ്രാജ്യം എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. 

ഏതു പ്രസ്ഥാനവും വിഭാവനം ചെയ്യുന്നത് പ്രഥമമായി സാധാരണക്കാരന്‍റെ സമാധാനവും ജീവിക്കാനുള്ള അവന്‍റെ സ്വാതന്ത്യ്രവും തന്നെയാണ്. അതുകൊണ്ടു തന്നെ എന്തെന്തു പ്രത്യയശാസ്ത്രത്തിന്‍റെ പേരിലായാലും ഒരാള്‍ നടുറോഡില്‍ രക്തം തെറിപ്പിച്ച് പിടഞ്ഞു വീഴുമ്പോള്‍ അനാഥമാക്കപ്പെടു ന്നത് ഒരു കുടുംബമാണെന്ന സത്യം ആരും മറന്നുകൂടാ..
കൊലവാള്‍മിനുപ്പിലെ രക്തക്കറകള്‍ കണ്ട് പുതിയ തലമുറ അരാജകവാദി കളായി വളര്‍ന്നു വരണമോ എന്ന് നാം ഉറക്കെ ചിന്തിക്കേണ്ട സമയമാണ് നമുക്ക് മുമ്പിലുള്ളത്. 
നമ്മുടെ പ്രദേശങ്ങളില്‍ നിന്നും കുറ്റിയറ്റുപോയ നന്‍മയിലധിഷ്ഠിതമായ യുവകൂട്ടായ്മകള്‍ വീണ്ടും സക്രിയമാക്കേണ്ടതിന്‍റെ പ്രാധാന്യം ഗൌരവ പൂര്‍വ്വം പരിഗണിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാമെത്തി നില്‍ക്കുന്നത്. സാമൂഹിക വിപത്തുകള്‍ക്കെതിരെ ഒരു ചെറുത്തു നില്‍പ്പിന്‍റെ ആവശ്യകത ഏവരും ബോധ്യപ്പെടേണ്ടതുണ്ട്. 
പരസ്പ്പരം തിരിച്ചറിയാത്തവരായി അയല്‍പ്പക്കബന്ധങ്ങള്‍ പോലും മാറു മ്പോള്‍ ദുരുദ്യേശത്തോടെ നമുക്കിടയിലേക്ക് നുഴഞ്ഞു കയറുന്ന അപരിചിത ന്‍റെ, അത് വാടകക്കൊലയാളിയാവാം.. സ്ത്രീപീഢകനാവാം, അങ്ങനെ ആരുമാ വാം. ആ കൌടില്യം മനസ്സിലാക്കാനും അയാളെ ചോദ്യം ചെയ്യാനും അത്തരം നീചശക്തികളെ നിസ്സങ്കോചം പ്രതിരോധിക്കാനും ചങ്കൂറ്റമുള്ള കാലാള്‍പ്പടയി ല്ലാത്ത നാടും നാട്ടിന്‍പുറവുമാണ് കേരളത്തിന്‍റെ ഇന്നത്തെ ശാപം.  
ഈയൊരു നഷ്ടപ്പെടലിനെ സ്വന്തം നേട്ടങ്ങള്‍ക്കായി ബുദ്ധിപൂര്‍വ്വം ഉപയോഗ പ്പെടുത്തുന്ന രാഷ്ട്രീയ കാപാലികരുടെ വക്രബുദ്ധി തിരിച്ചറിയാത്തിടത്തോളം കാലം കേരളത്തിന്‍റെ മണ്ണ് മനുഷ്യരുടെ ചുടുചോരയും കണ്ണീരും വീണ് നനഞ്ഞു കൊണ്ടേയിരിക്കും.

1 comment:

  1. കാലത്തിന്റെ കോലങ്ങൾ ഇങ്ങനെ ഉറഞ്ഞു തുള്ളുകയാണ്, എന്തിനും ഏതിനും ജീവൻ പണയവെക്കപ്പെടുന്ന ഒരു അറപ്പുളവാക്കുന്ന  മനുഷ്യന്റെ പ്രവണത, കണ്ടു നിക്കാൻ ആവതുള്ളവന്ന്   രക്തം കണ്ട് ആഘോഷം നടത്താം, ഒരിറ്റ് മനുഷ്യത്തമുള്ളവന്ന്  പ്രതികരിക്കാനും തോന്നും, പക്ഷെ അതുകൊണ്ടൊന്നും ഇത്  നിൽക്കുനില്ല 
    കാലം കലികാലം തന്നെ

    ReplyDelete