പ്രിയപ്പെട്ട ജിഷാ..
നിന്റെ പേരുള്ള മൂന്നു സുഹൃത്തുക്കളുണ്ടെനിക്ക്.
പക്ഷെ, എനിക്ക് നീ തീർത്തും അപരിചിതയായിരുന്നു നാല്നാൾ മുമ്പ് വരെ. എന്നെപ്പോലെ അനേകം പുരുഷജന്മങ്ങൾക്കും അതെ.
ഇപ്പോൾ മലയാള മനസ്സാക്ഷി പാപഭാരത്തോടെ തല കുനിക്കുന്ന അവസ്ഥയിൽ മുഷ്ക് ബാധിച്ച പുരുഷ ഭൂരിപക്ഷത്തിന്റെ പ്രതിനിധിയാണ് ഞാനുമെന്നത് വേദനയോടെ സമ്മതിക്കുന്നു.
സാക്ഷരതയിൽ, വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ, ഉയർന്ന ചിന്താശേഷിയുടെ കാര്യത്തിൽ ഇതര സമൂഹത്തിൽ നിന്നും വേറിട്ടവരെന്ന് അവസരത്തിലും അനവസരത്തിലും പറഞ്ഞു സുഖം കൊള്ളുന്നവരാണ് ഞാനടക്കമുള്ള മലയാളി.
എന്നാൽ തീർച്ചയായും മുന്നോട്ടാണോ പിന്നോട്ടാണോ നമ്മുടെ സഞ്ചാരമെന്ന കാര്യത്തിൽ ഖിന്നനാവുകയാണ് ഞാനിപ്പോൾ.
ജിഷാ..
അമ്മയും സഹോദരിയും മകളും സുഹൃത്തുക്കളുമടക്കം നമുക്ക് ചുറ്റുമുള്ള സ്ത്രീ ജന്മങ്ങൾ വെറും 'ചരക്കാ'വുന്ന കാലത്ത് ഞാൻ മാത്രമെന്തിന് മാറി ചിന്തിക്കണമെന്ന ഒരു ചോദ്യം ഉള്ളിൽ നുരയുന്നുണ്ട്.
ചിലപ്പോൾ എന്റെ പ്രവൃത്തിയിലും പ്രകടമാവാറുണ്ട് ഈ ചിന്ത.
പെണ്ണായാൽ അച്ചടക്കത്തോടെ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും ബാക്കി സമയം വീട്ടിനകത്തിരിക്കണം എന്നുമുള്ള എന്റെ ധാർഷ്ട്യം വീട്ടിനുള്ളിലും ജിഷമാർ പിടഞ്ഞൊടുങ്ങുമ്പോൾ മാറ്റിപ്പറയാൻ പുതിയ ന്യായം തെരയുകയാണിപ്പോൾ ഞാനും ഭൂമി മലയാളത്തിലുള്ള പുരുഷ കേസരികളും.
ദൽഹിയിലും ഉത്തരേന്ത്യയിലെ അനേകം ഗ്രാമപ്രദേശങ്ങളിലും രാജ്യത്തെ മറ്റിടങ്ങളിലും ആൺകരുത്തിൽ കുതറിക്കരയാനാവാതെ പെണ്ണുടലുകൾ ചോര തെറിപ്പിച്ചു നിശ്ചലരാവുന്നു.
അത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ തെരുവോരങ്ങളിലും കാമ്പസുകളിലും സ്ത്രീ സുരക്ഷക്കായി ഉയരുന്ന മുദ്രാവാക്യങ്ങൾ എന്റെയുള്ളിൽ നീരസത്താലുള്ള മരവിപ്പ് നിറയ്ക്കുവാനേ ഉപകരിച്ചിട്ടുള്ളൂ.
ഞാനടക്കമുള്ള പുരുഷാവതാരങ്ങൾ ഇങ്ങനെയാണ്.
പെണ്ണ് ഒരു ഭോഗവസ്തു മാത്രമാണ് ഞങ്ങൾക്ക്.
പെണ്ണെന്നാൽ ഭൂമിദേവിയാണെന്നും അഴകിന്റെ മാലാഖയാണെന്നും കവിത രചിക്കും. തക്കം കിട്ടിയാൽ ആർത്തിയോടെ അനുഭവിക്കാനും ശേഷം മാറിടം കടിച്ചു കീറാനും തുടകൾക്കിടയിലൂടെ ഇരുമ്പുദണ്ഡ് കയറ്റി രസിച്ച് അവളെ ഇല്ലാതാക്കാനും ശ്രമിക്കും.
ജിഷാ..
ഉറപ്പുള്ള വാതിൽ പോലുമില്ലാത്ത ഒറ്റമുറിയിലിരുന്ന് മറ്റെല്ലാം മറന്ന്, നീ പഠിച്ചു പഠിച്ച് വലിയവളാകുന്ന ഒരു കാലം സ്വപ്നം കണ്ട നിന്റെ പെറ്റമ്മയുടെ, ആകാശം കീറുമുച്ചത്തിലുള്ള കരച്ചിൽ ഞാനും കേൾക്കുന്നു. ഏറെ നിസ്സംഗനായി തന്നെ.
മനുഷ്യർക്കിടയിൽ ഇത്ര മാത്രം ക്രൂരതയുള്ളവരും ഉണ്ടെന്ന് മരണത്തിന്റെ തൊട്ടു മുമ്പുള്ള നിമിഷം നീ മനസിലാക്കിയില്ലേ?
നീ ചെന്നെത്തുന്നിടത്ത് നിനക്ക് മുമ്പേ തന്നെ സ്ഥാനം പിടിച്ച സൗമ്യയും നിർഭയയും പേരോർമ്മയില്ലാത്ത അനേകം ജന്മങ്ങളും നിന്നെ നോക്കി ചിരിക്കും.
നിന്റെ ദേഹത്തിലെ എണ്ണമറ്റ മുറിവുകളിൽ വിരൽ തൊട്ട്, ഞങ്ങളുടെ അനുഭവത്തിൽ നിന്നും മാലോകർ ഇനിയും പഠിച്ചില്ലേ എന്നവർ നൊമ്പരപ്പെടും.
ജിഷാ..
നിന്നെ ഭൂമിയിൽ നിന്നും മായ്ച്ചു കളഞ്ഞവനെ(രെ) കണ്ണിലെണ്ണയൊഴിച്ചു തെരഞ്ഞു പിടിച്ച് നിയമം ബന്ധസ്ഥനാക്കും, തീർച്ച.
മാനുഷിക പരിഗണന വെച്ച് അവനെ തല്ലാനോ കൊല്ലാനോ അവർ മുതിരില്ല എന്നുറപ്പ് തരുന്നു.
'തടവറ'യുടെ സ്വാസ്ഥ്യം അനുഭവിച്ച് സർക്കാർ ചെലവിൽ തടിച്ചു കൊഴുത്ത് അവനങ്ങനെ വിലസും. അത് കാണാൻ തന്നെ നല്ല രസമുള്ള കാഴ്ചയാണ്.
നിന്റെ മരണം കൊണ്ട് ആ ഒറ്റമുറിക്കെട്ട് അധികാരികളുടെയും ചില സുമനസ്സുകളുടെയും ഔദാര്യത്തിൽ വീടായി രൂപാന്തരപ്പെടും.
ഒപ്പം, കൂടപ്പിറപ്പിന് ഒരു സർക്കാർജോലി ലഭിക്കും.
ദിവസങ്ങൾ പോകെപ്പോകെ ജിഷ എന്ന രണ്ടക്ഷരം നിന്റെ പെറ്റമ്മ ഒഴികെ ബാക്കി എല്ലാവരും മറക്കും. അല്ലെങ്കിൽ മറന്നെന്നു ഭാവിക്കും.
വീണ്ടും എവിടെയെങ്കിലും ഒരു പെൺ ജീവിതം മാനം കീറി പരലോകം പൂകിയെന്ന പെട്ടിക്കോളം വാർത്ത കാണുമ്പോൾ ചേർത്തു പറയാൻ മാത്രമുള്ള വെറുമൊരു പേരായി നീ മാറും. സത്യം!
*******************************************************************
No comments:
Post a Comment