ബാല്യകാലത്ത്, റഫീഖ് എന്ന പേര് ഒട്ടും ഇഷ്ടമില്ലായിരുന്നു.
ആ പേരിൽ എന്തോ ഒരു പോരായ്മയില്ലേ എന്നുഞാൻ ചാഞ്ഞും ചെരിഞ്ഞും വിചാരപ്പെട്ടിട്ടുണ്ട്.
ചുറ്റുമുള്ളവരുടെ ഇമ്പമുള്ള പേരുകൾ എന്നെ അസൂയപ്പെടുത്തിയിട്ടുണ്ട്.
ഈ പേര് എന്നിൽ ചാർത്തിയതാരാണെന്ന് ഞാൻ അന്വേഷിച്ചിട്ടില്ല. ഇഷ്ടമില്ലാത്ത ഒരു കാര്യത്തെ ഞാനെന്തിന് അന്വേഷിച്ചു കണ്ടെത്തണം.
കാലം പോകെപ്പോകെ പേരിനോടുള്ള വെറുപ്പിന്റെ കനം കുറഞ്ഞു വന്നെങ്കിലും അതിനെ ഇഷ്ടപ്പെടാൻ മനസ്സ് പാകം വന്നില്ല എന്നു പറയാം.
'ഒരു പേരിലെന്തിരിക്കുന്നു' എന്ന കാര്യം ഇടയ്ക്കിടെ ഞാൻ സ്വയം ഉള്ളിലോർത്തു.
അറബിനാട്ടിലെത്തിയപ്പോൾ മുൻപരിചയമില്ലാത്ത ആളുകൾ പോലും
'യാ... റഫീഖ്...' എന്നു നീട്ടി വിളിക്കുമ്പോൾ ഇവർക്കെങ്ങനെ എന്റെ പേര് മനസ്സിലായി എന്നു ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട്.
പിന്നീടാണ് മനസ്സിലാക്കുന്നത് അറബികളുടെ ദാസ്യവേല ചെയ്യാനെത്തിയ ഞാനടക്കമുള്ള വിദേശികളെല്ലാം അവർക്ക് 'റഫീഖ്' ആണെന്ന്.
ദാസൻ, വിധേയൻ എന്നൊക്കെയാണ് അവർ റഫീഖ് എന്ന പേര് കൊണ്ട് അർത്ഥമാക്കുന്നത്.
എന്റെ പേരിനെ ഞാൻ പണ്ടേ ഗൗനിക്കാതിരുന്നതിനാൽ അറബികളുടെ
'യാ.. റഫീഖ്' വിളിയും എന്നെ അലോസരപ്പെടുത്തിയില്ല.
കഴിഞ്ഞ ദിവസം സഹപ്രവർത്തകൻ വെറുതെയൊരു രസത്തിന് കൂട്ടത്തിലുള്ള ഓരോരുത്തരുടെയും പേരിന്റെ അർഥം തേടുന്നതിന്റെ ഭാഗമായി എന്നോടും ചോദിച്ചു.
ദാസൻ, വിധേയൻ എന്നൊക്കെയാണ് എന്റെ പേരിനർത്ഥം. ഞാൻ പറഞ്ഞു.
മുമ്പൊരിക്കൽ നാട്ടിൽ വെച്ച് അത്യാവശ്യം അറബിയൊക്കെ ചേർത്ത് വായിക്കാൻ കഴിവുള്ള ഒരാൾ എന്റെ പേരിന് സഖാവ് എന്നും അർഥം വരുമെന്ന് സൂചിപ്പിച്ചിരുന്നു.
ഇതെല്ലാം കേട്ടപ്പോൾ സഹപ്രവർത്തകൻ Google Serchൽ റഫീഖ് എന്ന അറബ് നാമത്തിന്റെ അർഥം ചികഞ്ഞു.
ഉടൻ വന്നു ഉത്തരം.
Companion.എനിക്ക് ജിജ്ഞാസ.
Companion എന്ന വാക്ക് മലയാളത്തിലേക്ക് മൊഴി മാറ്റാൻ പറഞ്ഞപ്പോൾ സഹപ്രവർത്തകൻ അങ്ങനെ ചെയ്തു.
അന്നേരം തെളിഞ്ഞതിങ്ങനെയാണ്.
ചങ്ങാതി, കൂട്ടുകാരൻ, തോഴൻ, കൂടെ യാത്ര ചെയ്യുന്നയാൾ
സഖാവ്, കൂട്ടാളി, പങ്കാളി....
ഇങ്ങനെ കണ്ടത് കൊണ്ടൊന്നുമല്ല. ഇടയ്ക്കെപ്പോഴോ ഈ പേരിനെ വല്ലാതെ ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു എന്നതല്ലേ നേര്.
സൗഹൃദങ്ങൾക്ക് എന്നും മൂല്യം കൽപ്പിക്കുകയും സൗഹൃദമാണ് ജീവിതത്തിലെ മികച്ച സമ്പാദ്യമെന്നു വിശ്വസിക്കുകയും ചെയ്യുന്ന റഫീഖിന് ഈ പേര് തന്നെയാണ് ചേരുകയെന്ന് സുഹൃത്ത് വക കമന്റ്.
ചങ്ങാതി, കൂട്ടുകാരൻ, തോഴൻ, സഖാവ്, കൂട്ടാളി...
മതി, ഈ പേര് തന്നെ മതി എനിക്ക്.
***************************************************************
No comments:
Post a Comment