Wednesday, June 17, 2015

ഐശ്വര്യം വില്‍പ്പനയ്ക്ക്..!




ട്ടിക്കാഷ്ഠം ഉണക്കിപ്പൊടിച്ച് അതിമനോഹരമായ പാക്കറ്റിലാക്കി ഐശ്വര്യം വന്നണയാന്‍ ഈ ചൂര്‍ണ്ണം ദേഹം മുഴുവന്‍ പുരട്ടണമെന്ന് താരസുന്ദരിയെ കൊണ്ട് കൊഞ്ചല്‍മൊഴിയില്‍ ചാനലുകളില്‍ പറയിപ്പിക്കുകയും ഒരു ബഹുവര്‍ണ്ണ പരസ്യം അച്ചടി മാധ്യമങ്ങളില്‍ പടച്ചു വിടുകയും ചെയ്താല്‍ പിന്നെ മറ്റൊന്നും ചിന്തിക്കില്ല മലയാളി.

ഐശ്വര്യവും സൗഭാഗ്യവും വില്‍പ്പനക്ക് വെക്കുമ്പോള്‍ മറ്റെല്ലാം പണം കൊടുത്ത് വാങ്ങാന്‍ മാത്രം ശീലിച്ച മലയാളി ഇതിനും  പണം ചിലവഴിക്കും എത്ര വേണമെങ്കിലും.

അതിബുദ്ധിമാന്‍മാരായ, വിദ്യാഭ്യാസമുള്ളവരും ചിന്താശക്തിയുള്ളവരാ ണെന്ന്  മേനി നടിക്കുകയും ചെയ്യുന്ന മലയാളി ഭൂമിക്കു മുകളില്‍ നടക്കുന്ന സകലമാന  തട്ടിപ്പുകളിലും ചൂഷണങ്ങളിലും ചെന്നുപെടുന്ന ഭൂരിപക്ഷ സമൂഹമായി മാറുന്നു?

വിവിധ പേരുകളില്‍, രൂപങ്ങളില്‍ അരങ്ങേറുന്ന സാമ്പത്തിക തട്ടിപ്പുകളെല്ലാം മലയാളിയുടെ വീട്ടുപടിയില്‍ വന്നു നിന്ന് അവനെ  മാടിവിളിക്കുന്നത് വിശ്വാസം കച്ചവടമാക്കിയ ഒരു കൂട്ടരാണ്.
വ്യാജ സിദ്ധന്‍മാരും സന്യാസിമാരും അങ്ങനെ വ്യത്യസ്തമാര്‍ന്ന വേഷങ്ങളില്‍ മലയാളിയുടെ മുമ്പില്‍ അവതരിക്കുന്ന സകല പേക്കോലങ്ങളും മാലോകരെ മുഴുവന്‍ സമ്പന്നരാക്കിയേ അടങ്ങൂ എന്ന ശപഥവുമായി ഇറങ്ങിത്തിരിച്ച വരാണെന്നാണ് ചിലരുടെ വിശ്വാസം.

ഏലസ്സും ഭാഗ്യമോതിരവും ഐശ്വര്യ രത്നവുമൊക്കെയായി അവര്‍ കച്ചവട കുതന്ത്രങ്ങള്‍ മെനയുന്നത് മലയാളിയുടെ വീട്ടുമുറ്റത്ത് വെച്ചാണ്.
എത്ര തട്ടിപ്പുകളില്‍ ചെന്നുപെട്ടാലും ഏതൊക്കെ ചൂഷണവാര്‍ത്തകള്‍ കണ്ടു, വായിച്ചു തള്ളിയാലും പിന്നെയും അവര്‍ ചെന്നു പെടും തട്ടിപ്പുവീരന്‍മാരുടെ പിളര്‍ന്ന വായയ്ക്കകത്ത്.

പെട്ടെന്ന് സമ്പത്തുണ്ടാകണം എന്നാല്‍, കൂടുതല്‍ അധ്വാനമുണ്ടാവരുത് എന്ന
നിലപാടുമായി പണക്കൊതിയരായ ഒരു സമൂഹത്തിന് മുമ്പില്‍ ചൂഷകര്‍ വ്യത്യസ്ത വേഷങ്ങളില്‍, രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവര്‍ വിരിച്ച വലയില്‍ സങ്കോചമില്ലാതെ ചെന്നു വീഴുന്നതിന്റെ കാരണങ്ങള്‍ സ്വയമന്വേ ഷിക്കുകയും അതിനുള്ള പ്രതിവിധി കണ്ടെത്തുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.



*********************************************************************************

No comments:

Post a Comment