Sunday, February 22, 2015

ഭയം




ബാല്യത്തില്‍ കാക്കയെ
പേടിയായിരുന്നു.
എന്നിളംകയ്യില്‍ നിന്നും
അപ്പക്കഷ്ണം കൊത്തിപ്പറക്കുന്ന
കറുത്ത നാശത്തെ വെറുപ്പായിരുന്നു.

മുറ്റത്തിന്നപ്പുറത്ത് നിന്നും
കുരച്ചു തുള്ളുന്ന തെണ്ടിപ്പട്ടികള്‍
കുട്ടിക്കാലത്തെ ഭീതികളില്‍ ചിലത്.

നെറ്റിയിലുമ്മ വെയ്ക്കും
മഴത്തുള്ളിക്കിലുക്കം ഇഷ്ടമായിരുന്നു.
എങ്കിലും,
ഇടിമുഴക്കം.. മിന്നല്‍പിണറുകള്‍
മസ്സിനുള്ളില്‍ ആധിയായ്
ദുന്ദുഭിനാദമുയര്‍ത്തുമ്പോള്‍
നേർത്ത താരാട്ടിന്റെ ഈണം..
അമ്മയുടെ സാന്ത്വന  സ്പര്‍ശം.

പിന്നീടെപ്പോഴാണ്
പേടിയുടെ മഞ്ഞുമലകള്‍
തകര്‍ന്നലിഞ്ഞത്.

കാക്കയൊരു സാധുജീവിയെന്നും
കുരയ്ക്കും പട്ടി കടിക്കില്ലെന്നുമുള്ള
ആശ്വാസങ്ങളില്‍ മനസ്സമര്‍ന്നപ്പോള്‍
ഉത്കണ്ഠയുടെ പുതുനാളങ്ങള്‍
ഉള്ളമെരിയ്ക്കുന്നു.

കണ്ണില്‍ പകയുമായി
തിളങ്ങുന്ന മൂര്‍ച്ചകള്‍
മണ്ണിനു  മേലെ അതിരുകള്‍ തീര്‍ക്കുമ്പോള്‍
ഇനി ഞാന്‍ ഭയക്കേണ്ടത്
എന്നെത്തന്നെയെന്നുള്ള
തിരിച്ചറിവുകളില്‍...?


*********************************************************************

No comments:

Post a Comment