Tuesday, December 2, 2014

അനുഭവങ്ങളിലൂടെ നമ്മളാരും ഒന്നും പഠിക്കുന്നില്ല..


റിയാദിൽ നിന്നും പുറത്തിറങ്ങിയ
സൗദി മലയാളി മാന്വലിൽ 
ശ്രീ. ഉബൈദ് എടവണ്ണ നടത്തിയ അഭിമുഖം
അദ്ധേഹത്തിന്റെ അനുവാദത്തോടെ... 
   


റഫീഖ് പന്നിയങ്കര പതിനെട്ടു വര്‍ഷമായി സൗദി  അറെബ്യയിലെത്തിയിട്ട്. 
ആദ്യത്തെ ആറു വര്‍ഷം ദമ്മാമിലെ സഫ് വയ്ക്കടുത്ത് ഉമ്മുസ്സാഹിഖ് എന്ന ഗ്രാമത്തില്‍ സൗദിയിലെ പ്രശസ്തമായ ഡ്രൈക്ളീനിംഗ് കമ്പനിയുടെ ബ്രാഞ്ചില്‍ ഷോപ്പ് കീപ്പറായി ജോലി ചെയ്തു. 
2001ല്‍ റിയാദിലെത്തി. മൂന്നുവര്‍ഷം അതേ സ്പോണ്‍സറുടെ കീഴില്‍ തന്നെ
ഒരു ട്രേഡിംഗ് എസ്റ്റാബ്ളിഷ്മെന്റ് കമ്പനിയുടെ  ഓഫീസ് ഇന്‍ചാര്‍ജ്ജ് ആയിരുന്നു. 2004 ഡിസംബര്‍ മുതല്‍ ബത്ഹയിലെ
ന്യൂ  സഫാമക്ക പോളിക്ളിനിക്കില്‍  ജോലി ചെയ്യുന്നു. 
കഥയ്ക്കും കവിതയ്ക്കുമൊക്കെ
ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള റഫീഖ് സൗദി മലയാളി മാന്വലിന്റെ വായനക്കാരുമായി ചിന്തകള്‍ പങ്കു വെയ്ക്കുന്നു. 




*  എഴുത്തുമായി ബന്ധപ്പെട്ട പ്രവാസ അനുഭവങ്ങള്‍?
അനുഭവങ്ങള്‍ ഓരോന്നും ജീവിതത്തിന്റെതാണ്.
എഴുത്തുമായി, ജോലിയുമായി എന്നിങ്ങനെ  തരം തിരിക്കേണ്ട കാര്യമുണ്ടോ എന്നറിയില്ല. പ്രവാസജീവിതത്തിലെ അനുഭവങ്ങളെല്ലാം മനസ്സിനെ  അലോസരപ്പെടുത്തുന്നതും ചിന്തിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമെല്ലാമാ വുന്നത് ആള്‍ക്കൂട്ടത്തിന്നിടയിലാണെങ്കിലും ഒറ്റപ്പെട്ട ജീവിതമായതു കൊണ്ടാണ്. തുറന്നു പറച്ചിലുകള്‍ക്ക് ഇടവും അവസരവുമില്ല എന്നുള്ളതാണ് പ്രധാന വിഷയം. അതിനാരെയും കുറ്റപ്പെടുത്തുന്നില്ല.
ഓരോരുത്തരും സ്വന്തം വേദനയും വിഷമങ്ങളും ഉള്ളിലൊതുക്കി നടക്കുന്നു. എന്നാലും പരസ്പ്പര സഹായത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രവാസമേഖലയില്‍ തന്നെയാണ് സജീവമായി നടക്കുന്നത്.
എഴുത്തിലൂടെയും സാഹിത്യ പ്രവര്‍ത്തനങ്ങളിലൂടെയും ഒട്ടേറെ സൌഹൃദങ്ങള്‍ ലഭിച്ചു എന്നതാണ് പ്രവാസ ജീവിതത്തിലെ എഴുത്തനുഭവം. സ്വന്തം എഴുത്തിനെക്കു റിച്ച് സംസാരിക്കുവാന്‍ വായനക്കാരിലൊരാള്‍ മുമ്പില്‍ നില്‍ക്കുക എന്നത് ഏറെ ആഹ്ളാദകരമായ അവസ്ഥയാണ്.
ഏറ്റവും വലിയ അംഗീകാരം കിട്ടിയതിനെക്കാള്‍ സന്തോഷം തോന്നും അന്നേരം.

*  ജീവിതം എന്തു പഠിപ്പിച്ചു?

വലിയ ചോദ്യമാണിത്. ജീവിതം പഠിച്ചു തീര്‍ക്കാന്‍ കഴിയില്ല എന്നതല്ലെ വാസ്തവം. ഓരോ അനുഭവങ്ങളും പുതിയ ചിന്തകള്‍ നമ്മിലേക്ക് ചേര്‍ത്തു വെയ്ക്കാന്‍ ഉപകരിക്കും. എന്നിട്ടും മനുഷ്യന്‍ പഠിച്ചതും അനുഭവങ്ങളിലൂടെ സ്വാംശീകരിച്ചതുമെല്ലാം മറന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നു.
അനുഭവങ്ങളിലൂടെ നമ്മളാരും ഒന്നും പഠിക്കുന്നി ല്ല എന്നതിന്റെ തെളിവാണ് നിത്യേന  അരങ്ങേറുന്ന തട്ടിപ്പു സംഭവങ്ങള്‍. മെയ്യനങ്ങാതെ എങ്ങനെ  പണക്കാരാനാ വാം എന്നതില്‍ പഠനം നടത്തുന്ന സമൂഹമാണ് മലയാളി എന്നുപറഞ്ഞാല്‍ തെറ്റില്ല.
എല്ലാറ്റിനും  മാതൃകയായിരുന്ന മലയാളിജീവിതം ഇന്ന് അധാര്‍മികതയുടെ ഭൂരിപക്ഷമാവുന്നു. ആ സമൂഹത്തില്‍ പെട്ടവനാണല്ലൊ ഞാനും  എന്നത് വേദന  തോന്നുന്നു.
ഇനിയും ഒരുപാട് പഠിക്കാനുള്ളതെല്ലാം അന്വേഷിക്കുന്ന കൂട്ടത്തില്‍ സ്നേഹവും കരുണയും ഉള്ളില്‍ നിന്ന് ചോര്‍ന്നു പോവരുതെ എന്ന പ്രാര്‍ത്ഥനയോടെ ജീവിക്കുന്നു.



*  എഴുത്തുകാരനു  സമൂഹത്തോടുള്ള പ്രതിബദ്ധത?

എഴുത്തുകാരനു  മാത്രമല്ല സമൂഹത്തോട് ഉത്തരവാദിത്വവും പ്രതിബദ്ധതയും വേണ്ടത്. വ്യക്തികളോരോരുത്തരും സ്വന്തം ചുറ്റുപാടുകളോടുള്ള കടമകളില്‍ ബോധമുള്ളവരാകണം. സമൂഹത്തില്‍ നടക്കുന്ന അധാര്‍മ്മികതകള്‍ക്കെതിരെ നിരന്തരം പോരാടിയിരുന്ന എഴുത്തുകാരുടെ കൂട്ടത്തില്‍ സാധാരണക്കാരുടെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും കാണാതെ പോവരുത്.
അരുതായ്മകള്‍ അരങ്ങേറുമ്പോഴേക്കും എഴുത്തുകാരന്‍ ഉടന്‍ തന്നെ പേനയും കടലാസുമെടുത്ത് യുദ്ധത്തിനു  തയ്യാറെടുക്കണമെന്ന വാദത്തോട് യോജിപ്പില്ല. പക്ഷെ, കെട്ട കാലത്തിന്റെ അടയാളങ്ങള്‍ മുന്‍കൂട്ടി അറിയാനും  അത് എഴുത്തിലൂടെ ജനതയെ ബോധ്യപ്പെടുത്താനും  കഴിവുള്ളവരാകണം എഴുത്തുകാര്‍. അത്തരത്തിലുള്ള ഒരുപാട് പ്രതിഭകളുള്ള മണ്ണാണ് നമ്മുടേത് എന്നതില്‍ അഭിമാനിക്കുന്നു.



*  സാഹിത്യരംഗത്തെ പുതിയ പ്രവണതകളെ എങ്ങനെ നോക്കിക്കാണുന്നു?

എല്ലാറ്റിലും ശുഭാപ്തി വിശ്വാസമുണ്ടാവുക. അങ്ങനെയാവുമ്പോള്‍ ചില പ്രതികൂല പ്രശനങ്ങളെല്ലാം അുകൂലമായിത്തീരും. അങ്ങനെ  അനുകൂലമാക്കി ത്തീര്‍ക്കാനുള്ള  മാനസികമായ കരുത്ത് നമ്മിലുണ്ടാവണം.
പുതിയ സമ്പ്രദായമെല്ലാം കാലക്രമേണ പഴയതായിത്തീരുമെന്ന പ്രമാണം തന്നെയാണ് ഇവിടെയും അനുയോജ്യം. അങ്ങനെ എല്ലാം വീക്ഷിക്കുമ്പോള്‍ പുതിയ പ്രവണതകളില്‍ അപാകതകളൊന്നും കാണാന്‍ കഴിയില്ല. മാത്രമല്ല, സര്‍ഗസാഹിത്യത്തിന്റെ വര്‍ത്തമാനകാലം ശോഭനമാണ്. സജീവമാണ്. കൂടുതല്‍ ഇടങ്ങള്‍ സ്വയം പ്രകാശനത്തിന്  സാധ്യമാവുന്ന കാലഘട്ടത്തില്‍ മുമ്പോട്ടുള്ള പ്രയാണത്തെക്കുറിച്ച് പ്രതീക്ഷകള്‍ മാത്രമേയുള്ളൂ.


*  റോള്‍മോഡല്‍ ആരാണ്.., എന്തുകൊണ്ട്?

നമ്മോട് ഇടപഴകുന്നവര്‍ക്ക് സ്നേഹവും ബഹുമാനവും നല്‍കണമെന്നും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ ഊര്‍ജ്ജം ലഭിക്കണമെങ്കില്‍ കുടുംബത്തിന്റെ ബാധ്യതകളില്‍ സക്രിയമാക ണമെന്നുമൊക്കെ നിരന്തരം മറ്റുള്ളവരെ ഓര്‍മപ്പെടുത്താറുള്ള എന്റെ ഉപ്പയാണ് ജീവിതത്തില്‍ റോള്‍ മോഡല്‍.
പ്രാര്‍ത്ഥനക്കൊപ്പം ചുറ്റുമുള്ളവരോട് കാരുണ്യമുണ്ടാവണമെന്നും ധാര്‍മ്മികത കൈവെടിയരുതെന്നും പറഞ്ഞു തന്നത് അദ്ദേഹമാണ്. എന്തൊക്കെ വിസ്മരിച്ചാലും ഞാനാരെന്ന ബോധം ഉള്ളിലുണ്ടാവണമെന്ന ഉപ്പയുടെ വാക്കുകൾ  മറക്കാതെ സൂക്ഷിക്കുന്നു.

*  പ്രവാസലോകത്തെ മാധ്യമങ്ങളെക്കുറിച്ച് അഭിപ്രായം? 

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനും  സഹജീവികളുടെ വീഴ്ചകളില്‍ മറ്റുള്ളവരുടെ കണ്ണുതുറപ്പിക്കുവാനും  നിതാന്തജാഗ്രത പുലര്‍ത്തുന്നവരാണ് ഇവിടുത്തെ മാധ്യമ പ്രവര്‍ത്തകര്‍ എന്നു സംശയലേശമ ന്യേ പറയാനാവും. ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ളതു പോലെ ഒരു പക്ഷെ ഇവിടെയും കള്ളനാണയങ്ങള്‍ കണ്ടേക്കാം.
എന്നാലും പ്രശംസനീയമാണ് ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരുടെയും ഇടപെടലുകള്‍.

*  ഭാവി പ്രവര്‍ത്തനങ്ങള്‍?

ഇത്രയും കാലം ജീവിച്ചതും, ഒരുപാട് ഇല്ലെങ്കിലും കുറച്ചൊക്കെ എഴുതിയതും മുന്‍കൂട്ടി ക്രമപ്പെടുത്തിയ പ്രകാരമല്ല.
അതുകൊണ്ടുതന്നെ ഭാവിപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് പറയാനാവില്ല. ഒരു നോവല്‍ എഴുതിത്തീര്‍ക്കണമെന്ന ആഗ്രഹം എപ്പോള്‍ പൂവണിയുമെന്നറി യില്ല. നേരിന്റെ വഴിയില്‍ നടക്കാന്‍ കഴിയണം..
നല്ല സൗഹൃദങ്ങള്‍ നില നിര്‍ത്താന്‍ കഴിയണം.



*  അനീതിക്കെതിരെ മൗനം തുടരുന്ന എഴുത്തുകാരന്റെ നിഷ്ക്രിയത്വത്തെ എങ്ങനെ നോക്കിക്കാണുന്നു?

മുകളില്‍ സൂചിപ്പിച്ച പോലെ അനീതിയ്ക്കെതിരെ പോരാടുക എന്നത് എഴുത്തുകാരന്റെ മാത്രം ബാധ്യതയല്ലെന്ന് ആവര്‍ത്തിക്കുന്നു. മാത്രവുമല്ല, സംഭവങ്ങള്‍ ഓരോന്നിനോടായി കള്ളിതിരിച്ച് കലാകാരന്‍മാര്‍ വിരല്‍ ചൂണ്ടണമെന്നത് എന്തുകൊണ്ടോ അംഗീകരിക്കാന്‍ കഴിയുന്നില്ല.
ഇന്നലെ നടന്ന സംഭവത്തിനു  ഇന്നൊരു കഥയൊ കവിതയൊ എഴുതി നാളെ തന്നെ പ്രസിദ്ധീകരിക്കണമെന്ന വാശി പ്രാവര്‍ത്തികമാണോ എന്ന കാര്യത്തില്‍ എതിരഭിപ്രായമാണുള്ളത്.


*  ലഭിച്ച അംഗീകാരങ്ങള്‍?

രചനകള്‍ വായിച്ച് വിമര്‍ശനമായാലും പ്രശംസയായാലും ഒരാളില്‍ നിന്നും നേരിട്ട് കേള്‍ക്കുന്ന വാക്കുകളാണ് ഒരുപാട് സന്തോഷം നല്‍കുന്നത്.
ആ രീതിയിലൂടെ ലഭിച്ച ചില സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും വളരെ മൂല്യം കല്‍പ്പിക്കുന്നു. എന്നാലും, ഏതെങ്കിലുമൊരു കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന അംഗീകാരം നമ്മുടെ എഴുത്തിനും  ചിന്തകള്‍ക്കുമൊക്കെ ഏറെ ഉത്തരവാദിത്വബോധം നല്‍കും.
തിരുവന്തപുരം ശ്രീലയം കലാവേദിയുടെ മിനിക്കഥാ സമ്മാനം , ഷാര്‍ജ തനിമ കലാവേദിയുടെ സമ്മാനം , ദുബായ് കൈരളി കലാകേന്ദ്രത്തിന്റെ ചെറുകഥാസമ്മാനം , പി.ടി.അബ്ദുറഹ്മാന്‍ സ്മാരക കവിതാസമ്മാനം , കേളി കടമ്മിട്ട രാമകൃഷ്ണന്‍ സ്മാരക കവിതാ സമ്മാനം , ഫെയ്സ്ബുക്ക് വാസ്തവം ഗ്രൂപ്പിന്റെ കവിതാ സമ്മാനം  എന്നിവയൊക്കെ ലഭിച്ച അംഗീകാരങ്ങളില്‍ പെടുന്നു. 
നമ്മുടെ എഴുത്ത് വായനക്കാര്‍ ഇഷ്ടപ്പെടുന്നു, നമ്മുടെ ഉള്ളില്‍ നിന്നു വന്ന ഒരു വാചകം ഒരാളെയെങ്കിലും ആനന്ദിപ്പിക്കുന്നു എന്നതൊതൊക്കെ അഭിമാനകരം തന്നെ.

*  കുടുംബം?

സ്വദേശം കോഴിക്കോട്. 
പിതാവ് പള്ളിയാളി കുഞ്ഞലവി. മാതാവ് പാറക്കണ്ടി നബീസ.
ഫറോക്ക് കല്ലമ്പാറയിലെ നാലകത്ത് സുലൈഖയാണ് (സുലു) ഭാര്യ. 
റഫ്സില,  മുഹ്സിന, ഫര്‍ഹാന്‍ എന്നിവർ  മക്കള്‍.
















                                                                                                                    ഉബൈദ് എടവണ്ണ


***************************************************************************

No comments:

Post a Comment