Thursday, October 16, 2014

സഹയാത്രികരുടെ ശ്രദ്ധയ്ക്ക്..



റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ നല്ല തിരക്കായിരുന്നു. 
കേരളത്തിലേക്കും മറ്റും കയറ്റി അയക്കാന്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ജമന്തി പ്പൂക്കളുടെ മണം മറ്റേതൊക്കെയോ മനം മടുപ്പിക്കുന്ന ഗന്ധങ്ങള്‍ക്കൊപ്പം ഇഴുകിയമര്‍ന്നിരിക്കുന്നു.

ട്രെയിന്‍ വൈകുമെന്ന അറിയിപ്പ് പിന്നേയും ഉച്ചഭാഷിണിയില്‍ മുഴങ്ങിയപ്പോ ള്‍ സുബൈര്‍   ഫ്ലാറ്റ്ഫോമിലൂടെ ലക്ഷ്യം നഷ്ടപ്പെട്ടവപ്പാെേലെ അങ്ങോട്ടു മിങ്ങോട്ടും നടന്നു. 
കാപ്പിക്കച്ചവടക്കാരും പോര്‍ട്ടര്‍മാരും മരണവീട്ടിലെത്തിയവരെപ്പോലെ പരസ്പ്പരം മിണ്ടാതെ റെയില്‍പ്പാളത്തിന്റെ അങ്ങേത്തലയ്ക്കലേക്ക് നോക്കി നില്‍ക്കുന്നു.
രാവിലെ നേരത്തെ തന്നെ സാധങ്ങളൊക്കെ കെട്ടിയൊതുക്കി. മുറിയുടെ മൂലയി ലേക്ക് മാറ്റി. ഒന്നോ രണ്ടോ ജോഡി വസ്ത്രങ്ങള്‍ ഒരു പ്ലാസ്റ്റിക്  കവറിലൊതു ക്കി മുറി പൂട്ടിയിറങ്ങി. 
അയല്‍പ്പക്കക്കാരോടും  മറ്റും യാത്രയൊന്നും ചോദിക്കാന്‍ നി ന്നില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പ് ദൂരെയൊരു നഗരത്തില്‍ ഇതിനേക്കാൾ  ഭയാനകമായ അവസ്ഥയുണ്ടായത്  കേട്ടറിവുണ്ട്. 
രണ്ടുമൂന്ന് ദിവസങ്ങള്‍ താമസസ്ഥലത്തു നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ.. 
പുറത്ത് എന്താണ് നടക്കുന്നതെന്നിയാന്‍ സാധിക്കാത്ത അവസ്ഥയില്‍..
കൂടെയുണ്ടായിരുന്നവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ...
അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ആ നാളുകളിലെ പത്രവാര്‍ത്തയിലൂടെ അറി ഞ്ഞതാണ്.
തന്നെ സംബന്ധിച്ചേടത്തോളം അത്തരമൊരു ദുരിതം അനുഭവിക്കേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസത്തില്‍ മുകളിലേക്ക് കണ്ണുയര്‍ത്തി സുബൈര്‍ ദീര്‍ഘ നിശ്വാസമുതിര്‍ത്തു.

എന്തൊക്കെ സംഭവിക്കുമെന്നതെല്ലാം മുന്‍കൂട്ടി മനസ്സിലാക്കിയതു പോലെ എല്ലാ തിരക്കുകള്‍ക്കുമപ്പുറത്തെ താമസസ്ഥലത്ത് സകല കാറ്റുവഴികളും കൊട്ടിയടച്ച് കഴിഞ്ഞ കുറേ ദിവസങ്ങള്‍..
സംഭവങ്ങളുടെ കാഠിന്യം കുറഞ്ഞ് ജനമനസ്സ് സാധാരണ രീതിയിലേക്ക് മാറി വരുന്നു. നാട്ടില്‍ പോയി കുടുംബത്തേയും മറ്റും കണ്ടു കഴിഞ്ഞാല്‍ ഉള്ളിലെ വിങ്ങല്‍ മാറിയേക്കും..

ജനാരവത്തിനു  നടുവിലൂടെ തിക്കിത്തിരക്കി ഒത്തിരി മെന ക്കെടലുകള്‍ക്കൊടു വില്‍ കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് തരപ്പെടുത്തി. ഒരു പാന്റും ഷര്‍ട്ടും പാതി ഉപയോഗിച്ച സോപ്പും ടൂത്ത്പേസ്റ്റും  പിന്നെ ഒന്നു രണ്ട് വാരികകളും ചുരുട്ടി ക്കൂട്ടി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കയ്യില്‍ പിടിച്ചിട്ടുണ്ട്.
ട്രെയിനെത്തി. കംപാര്‍ട്ട്മെന്റില്‍ തിരക്കൊട്ടും കുറവുണ്ടായിരുന്നില്ല. 

തിരക്കിനിടയിലൂടെ ട്രെയിനിനകത്ത് കയറിപ്പറ്റി. ഫ്ലാറ്റ് ഫോമിലെ ബഹളം കംപാര്‍ട്ടുമെന്റിലേക്ക് തിര പോലെ ആര്‍ത്തലച്ചു.
ബര്‍ത്തിനു  മുകളില്‍ കൂനിക്കൂടിയിരിക്കുന്ന ചിലര്‍ യാത്രയുടെ മടുപ്പില്‍ നി ന്നും മുക്തി നേടാ ന്‍ ചുറ്റും എന്തോ തിരയുന്ന ഭാവത്തോടെ കണ്ണുയര്‍ത്തി. 
സുബൈര്‍ ചിലരുടെ മുഖത്ത് നോക്കി മുന്‍പരിചയമുള്ള പോലെ ചുണ്ടിലൊരു ചിരി പരത്തിവെച്ചു.
എല്ലാ യാത്രകളും എവിടെയാണ് അവസാനിക്കുന്നതെന്ന ചിന്ത സുബൈറിന്റെ യുള്ളില്‍ കയറി പെരുകാന്‍ തുടങ്ങിയ നേരം ഏതോ ഒരറ്റത്തു നിന്നും ട്രെയിനി ന്റെ ചൂളംവിളി കംപാര്‍ട്ടുമെന്റികത്തേക്ക് പ്രതിദ്ധ്വനി ച്ചു.  

ട്രെയിന്‍ നീങ്ങിത്തുടങ്ങി.

..കാത്തിറുന്ത്.. കാത്തിറുന്ത്.. കാലങ്കള്‍ പോഹ്തെടീ..
..പൂത്തിറുന്ത്.. പൂത്തിറുന്ത്..പൂവിഴി നോവ്തെടീ..
..നേത്ത് വരൈ ഏത്ത് വെച്ച ആശൈകള്‍ വേവ്തെടീ..

മുഷിഞ്ഞൊരു പിച്ചക്കാരന്റെ തൊണ്ട പൊട്ടുന്ന പാട്ട് കംപാര്‍ട്ടുമെന്റില്‍ എല്ലാവരുടേയും കാതുകളിലേ ക്ക് തെറിച്ചു...

നല്ല ക്ഷീണമുണ്ട്.. എവിടെയെങ്കിലും ചെറിയൊരു ഇടം കിട്ടിയിരുന്നെങ്കില്‍ അല്‍പ്പനേരം  കണ്ണടച്ചിരിക്കാമായിരുന്നു.
സുബൈര്‍ വല്ലാത്തൊരു ശബ്ദത്തോടെ കോട്ടുവാ ഉതിര്‍ത്തു.

അന്നേരം മീശ മുളക്കാത്ത പ്രായത്തേക്കാള്‍ കൂടിയ ശരീരമുള്ള ഒരു പയ്യന്‍ സുബൈറിന്  തന്റെ സീറ്റിലിരിക്കാന്‍ ആംഗ്യം കാണിച്ചുകൊണ്ട് എഴുന്നേറ്റു നിന്നു.
അവനെ  നോക്കി ഒരു ചിരി സുബൈറിന്റെ മുഖത്ത് തെളിഞ്ഞു. അവനതൊ ന്നും കാര്യമാക്കാതെ സീറ്റിന്റെ പിന്‍ഭാഗത്ത് ചാരി  മൊബൈല്‍ ഫോണില്‍ ഏതൊക്കെയോ ബട്ടണുകളില്‍ വിരലമര്‍ത്തി കളിക്കാന്‍ തുടങ്ങി.

ചെറിയൊരു സ്റ്റേഷനിൽ ട്രെയിന്‍ നിന്നു. അവിടെ സ്റ്റോപ്പില്ലാത്തതിനാലും സ്റ്റേ ഷന്‍ പരിസരത്ത് കൂടുതല്‍ ആളനക്കമില്ലാത്തതിനാലും എല്ലാവരും പുറത്തെ തണുത്ത കാറ്റിലേക്ക് തലനീട്ടി അത്ഭുതം കൂറി.
..മറ്റൊരു ട്രെയിന്‍ പാസ്സിംഗുണ്ട്. പത്തുമിനിട്ടാവും..
പറഞ്ഞ ആളിനെ  കണ്ടില്ല. സ്ഥിരം യാത്രക്കാരായിരിക്കും.
പാട്ടു പാടി പിച്ചയെടുത്ത വൃദ്ധന്‍ അടുത്ത കംപാര്‍ട്ടുമെന്റിലേക്കായിരിക്കാം ഇറങ്ങിപ്പോയി.
കണ്ണില്‍ ഉറക്കം വന്ന് തടഞ്ഞിരുന്നു.
ചുറ്റും ബഹളം പെരുകിയപ്പോള്‍ ഉറക്കം പാടെ വിട്ടകന്നു.
സുബൈര്‍ തൊട്ടരികിലും മുമ്പിലും ഇരിക്കുന്നവരെ അന്നേരമാണ് ശ്രദ്ധിക്കു ന്നത്. തൊട്ടുമുമ്പിലെ സീറ്റില്‍ ഒരു യുവതിയും അവളുടെ അച്ഛനും അമ്മയു മെന്ന് തോന്നിക്കുന്ന പ്രായമുള്ള രണ്ടാളുമുണ്ട്. അവര്‍ രണ്ടുപേരും മയക്കത്തി ലാണ്. യുവതി ഏതോ മാഗസിന്‍ വായനയിലാണ്.
ഇടയ്ക്ക് വായന  നിര്‍ത്തി പുറത്തേക്ക് നോക്കുകയും പിന്നേയും വായന തുടരുകയും ചെയ്യുന്നു.
എങ്ങോട്ടാ.. കോഴിക്കോട്ടേക്കാണോ..
ഇടയ്ക്ക്, അവള്‍ വായന  മുറിച്ച നേരത്ത് സുബൈര്‍ ചിരിച്ചു. അപരിചിതത്വ ത്തിന്റെ പാട് വീഴാത്ത ഭാവത്തില്‍ ചുണ്ടിലൊരു ചെറുചിരി നനച്ചു കൊണ്ട് അവള്‍ തിരുത്തി.
കണ്ണൂരിലേക്കാ..
അപ്പുറത്തെ ട്രാക്കിലൂടെ ഏതോ ഒരു ട്രെയിന്‍ ചൂളം വിളിച്ച് ഉരുക്കുപാള ങ്ങളെ കുലുക്കിക്കൊണ്ട് പിന്നോട്ട് പാഞ്ഞുപോയി.
ഇപ്പോള്‍ ട്രെയിന്‍ പതുക്കെ നീ ങ്ങിത്തുടങ്ങി.

ഞാന്‍ സുബൈര്‍.. എന്താ പേര്..

നനവുള്ള അവളുടെ ചുണ്ടിലേക്കും ചെമ്പന്‍മുടി പാറിവീഴുന്ന വീതിയേറിയ നെറ്റിയിലേക്കും നോക്കി സുബൈര്‍ കാതു കൂര്‍പ്പിച്ചു.
സംസാരിക്കാന്‍ ഒരാളെ കിട്ടിയ സന്തോഷത്തോടെ മാഗസിന്‍ മടക്കി ബാഗില്‍ തിരുകി അവള്‍ ഒന്നിളകിയിരുന്നു.

നയന.. നായനാ  സെബാസ്റ്യന്‍..

കൂടെയുള്ളത്..
സുബൈര്‍ അര്‍ദ്ധോക്തിയില്‍ നി ര്‍ത്തി.

പപ്പയും അമ്മച്ചിയും..
കണ്ണൂരിലാ പപ്പയുടെ തറവാട്. ഒരു കല്ല്യാണം കൂടാന്‍ പോവുന്നു..

അവളുടെ പപ്പയുടേയും അമ്മച്ചിയുടേയും കൂര്‍ക്കംവലി ഒരേ താളത്തില്‍ നിവര്‍ന്നു.. ചുരുണ്ടു.
സുബൈറും നയന സെബാസ്റ്റ്യനും   ട്രെയിനിന്  പുറത്തുള്ള പല കാര്യങ്ങളും സംസാരിച്ചു കൊണ്ടിരുന്നു.
സാഹിത്യവും സിനി മയും ജീവിതവും അങ്ങനെ  സകലതും..

ട്രെയിന്‍ തെങ്ങിന്‍തോപ്പുകള്‍ക്കും ഉണങ്ങി വരണ്ട വയലേലകള്‍ക്കും അരികി ലൂടെ.. ചെറുതും ഇടത്തരവുമായ ചില സ്റ്റേഷനുകളില്‍ നിറുത്തിയും നി ര്‍ത്താതെയും പാഞ്ഞു കൊണ്ടേയിരുന്നു.
അവളുടെ പപ്പയും അമ്മച്ചിയും ഉറക്കത്തില്‍ നിന്നുണര്‍ന്നും വീണ്ടുമുറങ്ങി കൂര്‍ക്കം വലിച്ചും ഞങ്ങളിവിടെയുണ്ടെന്ന് ഓര്‍മപ്പെടുത്തി.

ഏതോ  സ്റ്റേഷന്‍ എത്താറായിരിക്കുന്നു. ട്രെയിനിന്റെ വേഗത കുറഞ്ഞു. 

സ്റ്റേഷന്‍ അടുത്തെത്തിയ അടയാളം..
പാളങ്ങളുടെ പാര്‍ശ്വഭിത്തിയില്‍ മഞ്ഞവര പ്രത്യക്ഷപ്പെട്ടു. 

..ഷൊര്‍ണ്ണൂറെത്തി..

ട്രെയിന്‍ ചലനമറ്റ് റെയില്‍പ്പാളത്തിലേക്ക് പുകവെള്ളം ഛര്‍ദ്ദിച്ചു.
പ്ളാറ്റ്ഫോമിലെ ബഹളം പിന്നേയും..
കഴിക്കാന്‍ എന്തെങ്കിലും.. വാങ്ങി വരട്ടെ..
സുബൈര്‍ അവളുടെ നെറ്റിയിലേക്ക് നോക്കി.
..സോറി.. സുബൈര്‍..
ഇനി  വീട്ടിലെത്തി കുളിച്ചിട്ടേ എന്തെങ്കിലും കഴിക്കൂ.. പപ്പയുടെ ചില ചിട്ടകള്‍..
അവള്‍ മുടി മാടിയൊതുക്കി.
ഇവിടെ പതിഞ്ച് മിനിട്ട് സ്റ്റോപ്പുണ്ട്.. വൈകൂല.. അഞ്ചുമിനിട്ട് .. ഞാന്‍ വരാം..
സുബൈര്‍ പുറത്തേക്ക്  നടന്നു.

സ്റ്റേഷില്‍ ഇറങ്ങി പ്ളാറ്റ്ഫോമിലൂടെ നടന്നു നീങ്ങുമ്പോള്‍ പിന്നില്‍ നിന്നും ആരോ വിളിച്ച പോലെ.. 
സുബൈര്‍ നോക്കുമ്പോള്‍ പിറകില്‍ വലിയ ചിരിയുമായി നില്‍ക്കുന്നു. താന്‍ ജോലി ചെയ്തിരുന്ന റെസ്റ്റോറന്റില്‍ പതിവായി വരാറുള്ള ഡോ. അരുണ്‍ സദാശിവം..
സാറെന്താ ഇവിടെ.. സുബൈര്‍ ആശ്ചര്യം പൂണ്ടു.
ഞാനിപ്പോ ഇവിടെയടുത്താ പ്രാക്ടീസ് ചെയ്യുന്നത്.. ഒന്ന് തൃശ്ശൂര് വരെ പോണം..  ഒരത്യാവശ്യം.. പത്തിരുപത് മിനിട്ടിനകം ട്രെയിനെത്തും ..
കണ്ണടയ്ക്കുള്ളിലെ ശാന്തമായ നോട്ടം സുബൈറിന്റെ മുഖത്തു നിന്നും മാറാതെ നിന്നു.
ഞാന്‍..നാട്ടിലേക്കാ.. അറിയാമല്ലോ സാര്‍.. ഞങ്ങള്‍ നിന്നിടത്തെ പ്രശ്നങ്ങള്‍..

..ദൂരെയിരുന്നാണെങ്കിലും എല്ലാമറിഞ്ഞ് സങ്കടപ്പെടാറുണ്ട്.. 
ഡോക്ടര്‍ സമാന്തരരേഖകളായി നീ ളുന്ന റെയില്‍പ്പാളങ്ങളിലേക്ക് നോക്കി . 

..കൂടിയല്ലാ പിറക്കുന്ന നേരത്തും..
കൂടിയല്ലാ മരിക്കുന്ന നേരത്തും.. 
മദ്ധ്യേയിങ്ങനെ  കാണുന്ന നേരത്ത് 
മത്സരിക്കുന്നതെന്തിനു നാം വൃഥാ...

പൂന്താത്തിന്റെ വരികളാ.. താന്‍ കേട്ടിട്ടില്ലേ.. 

സര്‍.. ഒരു കാപ്പിയാവാം.. അല്ലേ..

ആവാം.. എന്റെ വധം തുടരേണ്ടെന്നാവും അര്‍ത്ഥം..

ഡോക്ടര്‍ ചിരിച്ചു. ഒപ്പം സുബൈറും.

ഡോക്ടറോടൊപ്പം ടീസ്റ്റാളിന്റെ ഇരുമ്പുതൂണില്‍ ചാരിനിന്ന് കാപ്പി ചുണ്ടോട ടുപ്പിക്കുമ്പോള്‍ ട്രെയിന്‍ നീങ്ങുന്നതായുള്ള മുന്നറിയിപ്പ് കേട്ട പോലെ...
ധൃതിയില്‍ കാപ്പിയുടെ കാശും കൊടുത്ത് ഡോക്ടറോട് യാത്ര ചോദിച്ച് സുബൈര്‍ ട്രെയിനിനടുത്തേക്കോടി. 

സുബൈര്‍ ഓടിക്കിതച്ചു കയറിയത്. സഹയാത്രികരുടെ ചുഴിഞ്ഞു നോട്ടത്തി ലേക്കാണ്.
കംപാര്‍ട്ടുമെന്റിനകത്ത് യുവതിയുടേയും ഉറക്കമുണര്‍ന്നിരിക്കുന്ന മാതാപിതാക്കളുടേയും സമീപമായി രണ്ടു പോലീസുകാര്‍..
സുബൈറിനെ കണ്ടയുടനെ  യുവതി വല്ലാത്തൊരു ശബ്ദത്തില്‍ പോലീസുകാ രന്റെ നേരെ നോ ക്കി.
..സര്‍.. ഇയാളാ.. പുറത്തേക്ക് പോയ ആള്‍ ഇയാളാ..
പോലീസുകാരന്‍ സുബൈറിന്റെ മുഖത്തേക്ക് നോക്കി മീശ പിരിച്ചു. പിന്നെ.. മുമ്പില്‍ ഇര തടഞ്ഞ കാട്ടുമൃഗത്തിന്റെ മുരളലോടെ മുമ്പോട്ടാഞ്ഞു.

എന്താടാ.. തന്റെ പേര്..
ഞാന്‍.. ഞാന്‍.. സുബൈര്‍.. ഒന്നും മന സ്സിലാവാതെ സുബൈര്‍ പരുങ്ങി.

എന്താടാ.. ഈ പെട്ടിയ്ക്കകത്ത്.. പോലീസുകാരന്‍ പിന്നേയും മീശ പിരിച്ചു.
ഏത്..പെട്ടി സാര്‍.. സുബൈര്‍ നിന്ന നില്‍പ്പില്‍ ഉരുകി.
സുബൈര്‍ ഇരുന്ന സീറ്റിനടിയിലേക്ക് ചൂണ്ടി പോലീസുകാരന്‍ പിന്നേയും കാറി.
..പ്ഫ.. കഴുവേറി മോനെ.. യേത്..പെട്ടീന്നോ.. നോക്കെടാ.. പട്ടീ.. ഇതിനുള്ളിലെ ന്താ..
സീറ്റിനടിയില്‍ ഒരു കടലാസുപെട്ടി സുബൈര്‍ കണ്ടു. 

..യിത്.. എന്റേതല്ല സാര്‍.. ആരുടേതാണെന്ന് എനിക്കറിയില്ല.. എന്റെ കയ്യില്‍ ഈ കവറു മാത്രമേയുള്ളൂ..
സുബൈറിന്റെ ശബ്ദത്തില്‍ വിറയല്‍.

നിനക്കറിയില്ലേ..റാസ്ക്കള്‍.. 

പറയ്.. നി ങ്ങള്‍ എത്ര പേരുണ്ടെടാ ഈ വണ്ടിക്കകത്ത്..
പോലീസുകാരന്റെ കണ്ണുകള്‍ ചുവന്നു.

സ്റ്റേഷന്‍ വിടാനുള്ള സമയം കഴിഞ്ഞിട്ടും ട്രെയിന്‍ അനക്കമറ്റു നില്‍ക്കുകയാ ണ്.
മീശക്കാരന്‍ പോലീസിന്റെ വയര്‍ലസ്സു സന്ദേശത്തിലൂടെ കണ്‍ട്രോള്‍ റൂമില്‍ നിന്നും കൂടുതല്‍ പോലീസും നാവിനു നീളമേറെയുള്ള പോലീസ്നായയും കംപാര്‍ട്ടുമെന്റിനകത്തേക്ക് കുതിച്ചെത്തി.
പോലീസ്നായ  കടലാസുപെട്ടിയില്‍ നിന്നും മണം പിടിച്ച് കംപാര്‍ട്ടുമെന്റിക ത്ത് തലങ്ങും വിലങ്ങും ഓടി. പിന്നെ നേരെ  ചെന്നു നിന്നത് ടോയ് ലെറ്റിന് മുമ്പിലാണ്.
അടഞ്ഞു കിടക്കുന്ന വാതിലിനു  മുകളിലേക്ക് കാലുകളുയര്‍ത്തി ഉച്ചത്തില്‍ കുരച്ചു..
യാത്രക്കാര്‍ പകപ്പോടെ നിന്നിടത്തു നിന്നനങ്ങാതെ...
..ജാക്കീ.. സൈലന്റ്..
നായയുടെ ചങ്ങല പിടിച്ചു വലിച്ച് പോലീസിന്റെ ആജ്ഞ.

ജാക്കി കിതപ്പോടെ നാലു കാലില്‍ നിന്നു.
പോലീസുകാരന്‍ അടഞ്ഞ ടോ യ് ലെറ്റി ന്റെ  കതകില്‍ ആഞ്ഞുതട്ടി. ടോയ് ലെറ്റിൽ നിന്നും   അവര്‍ക്കു മുമ്പിലേക്ക് മെലിഞ്ഞൊരു രൂപം ഇറങ്ങി വന്നു.

..ഇത്രേം നേരം  ഇതിനകത്ത് എന്തെടുക്കുവായിരുന്നെടോ.. താന്‍..

പോലീസുകാരന്‍ മെലിഞ്ഞ മനു ഷ്യന്റെ നേരെ  കണ്ണുരുട്ടി.

..രണ്ടിനു  പോയതായിരുന്നു സാറേ..  മെലിഞ്ഞ മനു ഷ്യന്‍ വളഞ്ഞു നിന്നു.

ആ സീറ്റിടിയിലുള്ള പെട്ടി തന്റേതാണോ.. പോലീസുകാരന്റെ ഗൌരവമാര്‍ന്ന ശബ്ദം.

അതെ..സാറന്‍മാരേ.. ആ പെട്ടി യെന്റേതാ.. ഞാന്‍ ഉത്സവക്കച്ചവടത്തിനു  പോകുവാ.. അതിനകത്ത് പിള്ളേര്‍ക്കുള്ള കളിപ്പാട്ടമാ..

സീറ്റിനടിയില്‍ നിന്നും പെട്ടി വലിച്ച് എല്ലാരുടേയും മുമ്പിലേക്ക് അയാള്‍ കളിപ്പാട്ടങ്ങള്‍ തുറന്നു വെച്ചു.
പോലീസുകാരന്റെ ചമ്മിയ മുഖത്തെ മീശ വിറച്ചു.

..യെന്താടാ.. യെല്ലാവരും പൂരം കാണുവാണോ.. ങൂം.. അവനവന്റെ സീറ്റില്‍ പോയി ഇരുന്നാട്ടെ..
പോലീസുകാരന്‍ തൊപ്പി തലയില്‍ അമര്‍ത്തി വെച്ച് സുബൈറിന്റെ നേരെ നോ ക്കി.
..തന്നോടും കൂടിയാ.. പറഞ്ഞത്..
..പെങ്ങളേ..
എന്തു കണ്ടാലും ബോംബാണെന്ന് കരുതി പോലീസിനേം  മറ്റും മെനക്കെട്ത്തു ന്നതിന്റെ മുമ്പ് കാര്യങ്ങള്‍ക്ക് ഒരുറപ്പ് ഒണ്ടാക്കുന്നത് നല്ലതാ.. യേത്..
യുവതിയെ ഉഴിഞ്ഞ് നോക്കി ഒരു വഷളന്‍ ചിരി ചുണ്ടിലേക്കൊലിപ്പിച്ച് കംപാര്‍ട്ടുമെന്റില്‍ നിന്നും മീശക്കാരന്‍ പോലീസ് പുറത്തേക്ക് ചാടി.
ഒപ്പം കൂടെയുണ്ടായിരുന്നവരും.

ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ സീറ്റിന്റെ മൂലയില്‍ തലയും കുനിച്ച് ഇരുപ്പുറപ്പിച്ച സുബൈറിനോട് യുവതി വിക്കലോടെ പറഞ്ഞു.
ആ പെട്ടി കണ്ടപ്പോള്‍ ഞാനാ  മറ്റുള്ളവരോട് പോലീസില്‍ കംപ്ളയിന്റ് ചെയ്യാന്‍ പറഞ്ഞത്..
ആ പെട്ടി നിങ്ങളിവിടെ വെച്ച് കടന്നു കളഞ്ഞെന്നാ ഞങ്ങള് കരുതിയത്..
ചായ കുടിക്കാന്‍ പോയ നിങ്ങളെ സമയം കഴിഞ്ഞിട്ടും കാണാതായപ്പോള്‍..
അവളുടെ കണ്ണില്‍ ക്ഷമാപണത്തിന്റെ നീ ര് പൊടിഞ്ഞു.
ഇത്രയും ആളുകളുണ്ടായിട്ടും എന്നെ മാത്രമേ.. സംശയിക്കാന്‍ കണ്ടുള്ളോ..
സുബൈറിന്റെ ശബ്ദത്തില്‍ ഈര്‍ഷ്യനിറഞ്ഞു.
വാസ്തവം..
പ്രത്യേകിച്ച് നി ങ്ങളുടെ പേരാ ആകെ കുഴക്കിയത്..
എന്റെ പേരോ.. ഒരു പേരിലെന്തിരിക്കുന്നു..

സുബൈര്‍ ശബ്ദം കടുപ്പിക്കാതിരിക്കാൻ  ശ്രമിച്ചു.

സ്ഫോടനവും മറ്റുമൊക്കെ.. എപ്പോഴാണ്.. എവിടെയാണ് നടക്ക്വാ എന്നൊന്നും പറയാന്‍ പറ്റ്വോ.. മിക്കവാറും ഇത്തരം വാര്‍ത്തകളില്‍ നിറയുന്നത്.. പ്രത്യേ കിച്ച്... ചില...
യുവതി മുഴുമിക്കാതെ പുറത്തെ കാഴ്ചയിലേക്ക് കണ്ണയച്ചു.

ജാലകത്തിലൂടെ ഒഴുകിയിറങ്ങുന്ന ശീതക്കാറ്റ് അവളുടെ മുടിയിഴകളെ നെറ്റി യിലും കഴുത്തിലുമൊക്കെ പടര്‍ത്തി.
സുബൈര്‍ അവളുടെ മുഖത്തേക്ക് ഇമ വെട്ടാതെ നോക്കി നിന്നു. 

അവര്‍ക്കിടയില്‍ നിശ്ശബ്ദത വീര്‍ത്തു വന്നു.

ട്രെയിനിന്  പുറത്ത് പാളത്തില്‍ ഇരുമ്പുചക്രമുരയുന്ന ഒച്ച മാത്രം കാറ്റിനു മുകളില്‍ മുഴങ്ങി..
അവളുടെ പപ്പയും അമ്മച്ചിയും പിന്നേയും സീറ്റിലിരുന്ന് കൂര്‍ക്കം വലിക്കാ നാരംഭിച്ചു.
ട്രെയിനിന്റെ വേഗത കൂടിക്കൂടി..,
അത് ഏതൊക്കൊയോ വളവുകളും കാടുകളും വറ്റിയ പുഴയ്ക്കു മുകളിലെ പാലങ്ങളും താണ്ടി മുമ്പോട്ട്... മുമ്പോട്ട്..!


*****************************************************************************

No comments:

Post a Comment