Monday, October 3, 2011

പുലിമുട്ടിലെ കടല്‍ക്കാറ്റില്‍...



ബാല്യകാലം മുതല്‍ ഒന്നിച്ചു നടക്കുകയും ഒരു പോലെ ചിന്തിക്കുകയും കൂടിച്ചേരലുകളിലൂടെ ഒഴിവുസമയങ്ങള്‍ ഉത്സവമാക്കുകയും ചെയ്ത അയല്‍വാസികളായ സുഹൃത്തുക്കള്‍..
ജീവിതത്തിന്റെ തണല്‍വഴികളില്‍ നിന്നും കാലത്തിന്റെ അനിവാര്യതയില്‍ കൂട്ടം തെറ്റിയ പോലെ പരസ്പ്പരം കാണാതെ, ഒന്നിച്ചു ചേരാതെ ജീവസന്ധാരണത്തിന്റെ വെയില്‍വഴികളില്‍..
ഈ ഗാന്ധിജയന്തി ദിനത്തില്‍ ഞങ്ങളില്‍ ഏഴുപേര്‍ പ്രത്യേക തയ്യാറെടുപ്പുകളൊന്നുമില്ലാതെ ബേപ്പൂര്‍ പുലിമുട്ടിലെ കടല്‍ക്കാറ്റില്‍ ഏറെ നേരം ചിലവഴിച്ചു.
ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു നടക്കാന്‍ അഞ്ചുപേരു കൂടി ഉണ്ടായാലെ ഞങ്ങളുടെ ഒത്തുചേരലിന് പൂര്‍ണ്ണത കൈവരൂ. പക്ഷെ, അവര്‍ ഗള്‍ഫിലും മറ്റു ചിലയിടങ്ങളിലുമൊക്കെയായി.. അവര്‍ ഇവിടെയെത്തുമ്പോള്‍ ഞങ്ങള്‍ പലരും പലയിടങ്ങളിലായി ചിതറിയിരിക്കും.
അങ്ങനെ ഈ അവധിക്കാലത്തെ അവിസ്മരണീയ ദിവസമായി മാറുകയായിരുന്നു ഓക്ടോബര്‍ രണ്ട്, ഞായറാഴ്ച.

Friday, August 26, 2011

റഫീന എല്ലാവര്‍ക്കും നന്ദി അറിയ്ക്കുന്നു


ഗള്‍ഫ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത

Saturday, July 30, 2011

ദേവഭൂമി


പച്ച നിറഞ്ഞ മാവേലിമുക്കിലും
ഉയര്‍ന്നു വരുന്നുണ്ട്
നമുക്കന്യമായിരുന്നൊരു
ദൈവത്തിന്‍ നാട്.

വീടില്ലാത്തവരും
തെരുവിലലയുന്നവരും
രാത്രിമണവാട്ടിമാരും
കള്ളന്‍മാരും
ഭാഷയും ദേശവും നോക്കാതെ
മേല്‍ക്കൂര കെട്ടി,
തല ചായ്ക്കാന്‍ ഒരു
പേടകമുണ്ടാക്കും..

വിസര്‍ജ്ജ്യനേരുകളും
മാലിന്യ നാറ്റവും കൊണ്ട്
പുഴുവരിക്കുന്ന
തെരുവിലേക്ക് നോക്കി
സൂര്യന്‍ വീഴുന്ന ഒറ്റമുറിയിലിരുന്ന്
മുളക് കടിച്ച്,
പച്ചവറ്റ് വാരിത്തിന്നുന്ന കുട്ടികള്‍
പിന്നെയും കളിക്കാനോടും
ഇടുങ്ങിയ വഴികളിലെ
കാക്കച്ചേറിലേക്ക്..

ആരുടെയൊക്കെയൊ
മോഹപ്പെട്ടിയില്‍ കയ്യിട്ടുവാരിയ
ഗാന്ധിത്തലയന്‍ നോട്ടുകെട്ടുകള്‍
അടുക്കി വെച്ചുയര്‍ത്തിയ
ആഢംഭരങ്ങള്‍ക്കുള്ളിലിരുന്ന്
ഞാനും നിങ്ങളും
നമ്മുടെ കുട്ടികളോട് പറയും,
ആ വൃത്തികെട്ട ചേരിയിലേക്ക്
പോകരുതേ.. മക്കളെ..??

**************

Saturday, July 16, 2011

ഓര്‍മ്മപ്പെടുത്തല്‍


ആല്‍മരം
തണലന്വേഷിച്ചു
കിതക്കുന്നു.
വിളക്ക്
വെളിച്ചം തേടി
കൂരിരുളില്‍ തപ്പുന്നു.
തണുപ്പ്
കമ്പിളിക്കുള്ളില്‍ കിടന്നു
വിയര്‍ക്കുന്നു.
പുഴ, തൊണ്ട വരണ്ടു
തെളിനീരിനായി
കൈ കൂപ്പി പിടയുന്നു.
എന്റെ നിഴല്‍
എന്നെക്കാള്‍ മുമ്പില്‍ നടന്ന്
ഞാനാരുമല്ലെന്ന്
ഇടയ്ക്കോര്‍മപ്പെടുത്തുന്നു.

2011 ജൂലൈ 10 ഞായര്‍, വാരാദ്യ മാധ്യമം

Sunday, June 26, 2011

ചില നേരുകള്‍..!


കൊട്ടാരം വില്‍പ്പനയ്ക്ക് വെച്ചില്ല
ആകാശത്തോളം
വലിയ വാക്കും നല്‍കിയില്ല.
പാവപ്പെട്ടവന്റെ
ഇത്തിരിപ്പോന്ന സ്വപ്നത്തിന്
കല്ലും സിമന്റും ചേര്‍ത്തുവെച്ച്
കൂര തരാമെന്ന് മാത്രം പറഞ്ഞു,
ആയിരങ്ങളും ലക്ഷവും വാങ്ങി
ഒന്നു മുങ്ങാങ്കുഴിയിട്ടു.

അടുത്ത വീട്ടിലൊരു
പെണ്‍കുട്ടിയുണ്ട്.
അവള്‍ക്കു വയസ്സ്
മൂന്നായാലും ആറായാലും
പതിനൊന്നായാലും
എന്റെ ആവശ്യം ഒന്നുതന്നെ.

വീട്ടിലേക്കു ചെന്നുകേറാന്‍ വയ്യ..!
ദേയിരിക്കുന്നു,
ചേമ്പിലവട്ടത്തില്‍
നരച്ചു ചടച്ചൊരു
തന്തയും തള്ളിയും..
കളയണം ഇവറ്റകളെ
റോഡിലോ, കാട്ടിലോ
തോട്ടിലോ
തോട്ടിന്‍കരയിലോ..

പിന്നെ,
ഞാനും എന്റെ കെട്ട്യോളും
പുതിയ മോഡല്‍
മിനുമിനുത്ത കാറും മാത്രം..
കണ്ണാടിമാളിക പണിത്
അതിനുള്ളില്‍ ഞങ്ങള്‍..