Saturday, April 30, 2011

കരയാത്ത പൈതങ്ങളുടെ ദേശം


കരയുക..
ഉറക്കെയുറക്കെ,
ആകാശം കിടുങ്ങട്ടെ
സ്വന്തം ആര്ത്താനാദത്തില്‍
ഇത്, വിഷമഴ പെയ്യുന്ന ദേശം.

കരയാന്‍ കെല്‍പ്പില്ല,
നിവര്‍ന്നു നില്‍ക്കാനാവില്ല
ദുര മൂത്ത മര്‍ത്ത്യന്റെ
ചെയ്തിയില്‍ പൊളിയുന്നു
തണലേകും വൃക്ഷത്തിന്‍
നൂറു നൂറു ജീവശാഖികള്‍ ..

അറിയുന്നില്ലോരാളുമീ
ദുരന്ത വേദനയെന്നല്ലേ
അറിയാഭാവം വരുത്തുന്നു
നവലോക സ്വാര്‍ഥത..
ഇത്, കണ്ണീരു വറ്റിയവരുടെ ദേശം.

കരയാതുലഞ്ഞും
നേര്‍ത്ത മേനിയാലിഴഞ്ഞും
നിങ്ങളുമുണ്ടീ ഭൂവില്‍ എന്നാരറിവൂ..
ഇത്, കരയാപൈതങ്ങളുടെ ദേശം.

ലാഭക്കൊതിയുടെ തീയേറില്‍
മുഖം പൊള്ളി നീറുന്നുവോ..
കരയാതിരിക്കുക ..
സങ്കടത്തിരയില്‍ അലിയാതിരിക്കുക
എത്ര മേല്‍ സഹിക്കുക

ദുരിതപ്പെരുമഴയിതില്‍
തൊള്ള കീറി കരയുന്നേരം
ആകാശം നടുങ്ങില്ലെന്നാര്‍ക്കറിയാം..

സങ്കടക്കെടുതിയില്‍
കണ്ണ് കലങ്ങിക്കുഴയും നേരം
വിണ്ടു കീറിയേക്കാം
ചവിട്ടി നില്‍ക്കും ഭൂമിദേശം..

ഒരായിരം മനസ്സുകള്‍
ഒന്നിച്ചു കരഞ്ഞുരുകി കിതച്ചാലും
കാത്തിരിപ്പരുത്
കാത്തിരിപ്പരുത്..

ദുര പേറും മനുഷ്യ കുലമീ me
മിഴിനനവ് അറിയുമെന്നത്
വ്യര്‍ത്ഥ സ്വപ്നം മാത്രം.
എല്ലാം വ്യര്‍ത്ഥ സ്വപ്നം മാത്രം..
ഇത്, അവനവന്‍ വാഴുന്ന ദേശം.

Saturday, April 9, 2011

വല്ല്യുമ്മാന്റെ കഥകള്‍

പ്രതിപക്ഷം ഭാരതബന്ദ് നടത്തുന്ന ദിനം.
സംഭവമറിയാതെ എന്റെ ഉമ്മയെക്കാണാന്‍ മൂത്തമ്മയുടെ വീട്ടില്‍ നിന്ന് പന്നിയങ്കരയിലേക്കിറങ്ങിയതാണ് വെല്ല്യുമ്മ.
തലച്ചോറ് പൊള്ളുന്ന വെയിലൊന്നും വെല്ല്യുമ്മക്ക് പ്രശ്നമില്ല.
നടക്കാന്‍ മടിയില്ലാത്ത വെല്ല്യുമ്മക്ക് അന്നെന്തോ ഒരു വയ്യായ്ക. മൂത്തമ്മയുടെ വീട്ടില്‍ നിന്നും നാലഞ്ച് കിലോമീറ്റര്‍ ദൂരമേ വെല്ല്യുമ്മ യാത്ര ചെയ്യേണ്ടൂ. ഓട്ടോയോ വേറെ എന്തെങ്കിലും വാഹനമോ കിട്ടുമെന്ന വിശ്വാസ ത്തോടെ നാലും കൂടിയ ജംഗ്ഷനില്‍ വല്ല്യുമ്മ.
ഏറെ നേരം നിന്നിട്ടും പക്ഷെ വാഹനത്തിന്റെ ഒച്ചയൊന്നും വെല്ല്യുമ്മ കേട്ടില്ല.
അങ്ങനെ ഒരുപാടു നേരത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു ജീപ്പിന്റെ ഇരമ്പല്‍..!
വെല്ല്യുമ്മ റോഡിന്റെ നടുവിലേക്ക് ഏന്തി നിന്ന് വിശാലമായി കൈ കാണിച്ചു.
വല്ലാത്തൊരു ഞെരക്കത്തോടെ ജീപ്പ് വെല്ല്യുമ്മയുടെ മുമ്പില്‍..?
എന്നാല്‍, ജീപ്പിലിരിക്കുന്നവരെ കണ്ട് വെല്ല്യുമ്മ ഒന്ന് വല്ലാണ്ടായി.
ബന്ദുദിനത്തില്‍ പ്രദേശം റോന്തു ചുറ്റുന്ന പോലീസ് ജീപ്പായിരുന്നു അത്.
അമ്പരപ്പും ജാള്യതയും പുറത്ത് കാണിക്കാതെ വെല്ല്യുമ്മ.
‘..ങേ.. നിങ്ങളായിരുന്നോ... ഞാന്‍ വിചാരിച്ചു മന്ശന്‍മാരായിരിക്കുമെന്ന്...’
സംശയത്തോടെ പോലീസുകാര്‍ പരസ്പ്പരം നോക്കിയിട്ടുണ്ടാവുമെന്ന് വെല്ല്യുമ്മയുടെ കഥ പറ ച്ചിലിനൊടുവിലുള്ള പല്ലില്ലാച്ചിരിയില്‍ മനസ്സിലാക്കാം.

Saturday, March 26, 2011

പരിപ്പ്

ആ പരിപ്പ്
ഈ കലത്തില്‍ വേവില്ലെന്നും
വേവിച്ചു വേവിച്ചു
സ്വന്തം പരിപ്പിളകിയെന്നും
ചിലരുടെ പതം പറച്ചില്‍

വേവാത്ത പരിപ്പുകള്‍
വേവിച്ചു കൊടുക്കുമെന്ന
കറുത്ത ബോര്‍ഡുകള്‍
തൂങ്ങും കാലമാണിത്

ഏതു വേവാത്ത പരിപ്പുകളും
വേവിച്ചു,
സമം ചേര്‍ത്ത്
ഉരിഞ്ഞ് പോയ തൊലിയില്‍
തേച്ചാല്‍
ഇന്നിനേക്കാള്‍
തൊലിക്കട്ടി കട്ടായം?
പരിപ്പുകള്‍ ജാഗ്രതൈ!!

മൂന്നേ മൂന്നു വിസലില്‍
പരിപ്പ് വെണ്ണ പോലെയാക്കുന്ന
പ്രഷര്‍ കുക്കറിന്
ഇതൊക്കെയൊരു തമാശയാണ്.

Tuesday, March 1, 2011

വൈകല്യത്തോട് പൊരുതുന്ന എഴുത്തുകാരിക്ക് തുണയായി ചെരാത്

റിയാദ്: കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കരിമ്പ ഗ്രാമത്തിന്റെ അഭിമാനവും ഒപ്പം വേദനയുമായ റഫീനയുടെ ചികിത്സാ ധനസമാഹാരണത്തിനു വേണ്ടി റിയാദിലെ ചെരാത് സാഹിത്യ വേദി മുന്നിട്ടിറങ്ങുന്നു.തളിപ്പറമ്പ് കരിമ്പ ഗ്രാമത്തിന്റെ അഭിമാനമായ റഫീന പി.പി. എന്ന എഴുത്തുകാരി പിറന്നു വീണ നാള്‍തൊട്ട് വേദനയുടെ മുള്‍വഴികളാണ് താണ്ടുന്നത്. ജന്‍മനാ ഒട്ടിച്ചേര്‍ന്ന കൈവിരലുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം തലവന്‍ ഡോ. അക്ബര്‍ ശരീഫ് വര്‍ഷങ്ങളുടെ നിരന്തരമായ ചികിത്സയിലൂടെ വേര്‍പെടുത്തി. ഈ ചികിത്സ നടന്നത് വളരെ ചെറുപ്പത്തിലാണ്. ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയ കൈവിരലുകള്‍ക്കിടയില്‍ പേന തിരുകിക്കൊണ്ട് റഫീന കവിതയും കഥയും എഴുതാന്‍ തുടങ്ങി. എട്ടാമത്തെ വയസ്സിലാണ് റഫീനയുടെ ആദ്യകവിത പ്രകാശിതമായത്. സാഹിത്യതല്‍പ്പരനല്ലെങ്കിലും കൂടി റഫീനയുടെ ഉപ്പൂപ്പയാണ് കൊച്ചുമകളിലെ കവിയത്രിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഒട്ടേറെ കവിതകള്‍ റഫീനയില്‍ നിന്നും പിറവി കൊണ്ടു. പിന്നീട് രണ്ടായിരത്തി എഴില്‍ കോഴിക്കോട് സാഹിത്യ പുസ്തക പ്രകാശനം ‘ഇനിയും വരാത്ത കവിത’ എന്ന പേരില്‍ റഫീനയുടെ കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിന് ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ശിശുക്ഷേമ സമിതി അവാര്‍ഡ് ലഭിച്ചു. അടുത്ത വര്‍ഷം തന്നെ ഇതിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങുകയുണ്ടായി.ഒട്ടിച്ചേര്‍ന്ന കൈവിരലുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വേര്‍പെടുത്തിയ ഡോ.അക്ബര്‍ ശരീഫിന്റെ അന്നത്തെ പ്രഖ്യാപനം റഫീന സ്വന്തം വിരലുകള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുമെന്നായിരുന്നു. ചികിത്സയുടെ ഫലവും പ്രാര്‍ത്ഥനയുടെ പുണ്യവുമായി റഫീന കവിതയും കഥയും കൂടാതെ ഗ്ളാസ് പെയിന്റിംഗിലും ചിത്രരചനയിലും സാരി ഡിസൈനിംഗിലുമൊക്കെയായി തന്റെ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. സര്‍ഗ രചനയില്‍ ഈ മിടുക്കിയെ തേടി ഒട്ടേറെ അംഗീകാരങ്ങളെത്തി. പത്തൊമ്പതുകാരിയായ റഫീന ഇപ്പോള്‍ കണ്ണൂര്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.ഇനിയും വരാത്ത കവിതയുടെ രണ്ടു പതിപ്പുകള്‍ക്കു ശേഷം അനാട്ടമി ഓഫ് ഫ്രോഗ് (കഥകള്‍), പുല്‍ച്ചാടിയുടെ സ്വപ്നം (കവിതകള്‍), എന്നീ പുസ്തകങ്ങള്‍ പുറത്തിറങ്ങി. നാലാമത്തെ പുസ്തകമായ നിറയെ നിറയെ നിറയെ കവിത (ബാലസാഹിത്യം) ഫെബ്രുവരി പതിനേഴിന് പുറത്തിറങ്ങി . ഈ സന്തോഷങ്ങള്‍ക്കിടയിലും സ്വന്തം ശാരീരിക പ്രയാസങ്ങള്‍ റഫീനയെ വല്ലാതെ അലട്ടുന്നുണ്ട്. വലത്തെ കാല്‍മുട്ടിന് സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി ഇരട്ട ചിരട്ടകളാണുള്ളത്. ഇതിനു പുറമെ ഇരുകാലുകളും വളഞ്ഞാണ് നില്‍ക്കുന്നത്. വലത്തെ കാല്‍മുട്ടിന് കടുത്ത വേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍ അക്ബര്‍ ശരീഫിന്റെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് ഇഖ്റഅ് ഹോസ്പിറ്റലിലെ ഡോ. ഗോപിയെ സമീപിച്ചു. എന്നാല്‍ ഇരു ഡോക്ടര്‍മാരുടെയും തീരുമാനം പാലക്കാട്ടെ ആര്‍.വി. ഇന്‍സ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഇലിസറോവ് ടെക്നോളജിയിലെ ഡോ. വാസുദേവനെ സമീപിക്കാനായിരുന്നു. ഡോ. വാസുദേവന്റെ പരിശോധനയില്‍ ഇരുകാലുകളിലും ‘പാര്‍ഷ്യല്‍ കന്‍ജെനിറ്റല്‍ ഹെമിമീലിയ വിത്ത് മിറര്‍ഫൂട്ട് ഡിഫോര്‍മിറ്റി’ എന്ന സങ്കീര്‍ണ്ണമായ അംഗവൈകല്യരോഗമാണെന്ന് കണ്ടെത്തി. ഡോക്ടറുടെ നിര്‍ദ്ദേശം കഴിയുന്നതും പെട്ടെന്ന് ഓപ്പറേഷന്‍ നടത്തുക എന്നതാണ്. ഇത് വൈകിച്ചാല്‍ ഒരു പക്ഷെ റഫീന കിടപ്പിലാവാനും സാധ്യതയുണ്ടെന്ന് ഡോക്ടര്‍ ഓര്‍മിപ്പിക്കുന്നു. ഇരുകാലുകളിലും ഇല്ലിസറോവ് ടെക്നോളജി എന്ന നൂതനമായ മാര്‍ഗ്ഗമുപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ അനേകം ഓപ്പറേഷനുകള്‍ ആവശ്യമായി വരും. ഈ ചികിത്സക്ക് മൊത്തം നാലു ലക്ഷം രൂപ ചെലവു വരുമെന്നാണ് സൂചന. റഫീനക്ക് ഒരു വയസ്സുള്ളപ്പോള്‍ പിതാവ് ഉമ്മയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതാണ്. ഹൃദ്രോഗിയായ ഉപ്പൂപ്പയും രോഗിയായ ഉമ്മൂമ്മയും ഉമ്മയുമടങ്ങുന്ന നിര്‍ദ്ദന കുടുംബം ഇത്രയും വലിയൊരു തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. നാട്ടുകാരില്‍ ചിലരും അടുപ്പമുള്ളവരുമൊക്കെ ചെറിയ സഹായവുമായി രംഗത്തുണ്ട്. മാര്‍ച്ച് മാസത്തില്‍ ഓപ്പറേഷന്‍ നടത്താനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ചെരാത് സാഹിത്യവേദിയുടെ റഫീന ചികിത്സാ പദ്ധതിയുമായി സഹകരിക്കാന്‍ സുമനസ്സുകള്‍ റഫീഖ് പന്നിയങ്കരയുമായി
(00 966 553 363 454) ബന്ധപ്പെടണമെന്ന് ചെരാത് പ്രവര്‍ത്തകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
റഫീനയുടെ അക്കൌണ്ട് നമ്പര്‍
A/C No. 67113192685,
STATE BANK OF TRAVANCORE,
FATHIMA MATHA BUILDING,
N.H ROAD THALIPARAMBA-670141,

Friday, January 7, 2011

പച്ചിലച്ചിരികളോട് പറയാനുള്ളത്

‘മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു.- ക്ഷീണത്തിനു മേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നു നടന്നത്. അവന്റെ മുല കുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ് - എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ..' ഇത് ഖുര്‍ആനിലെ ഒരു വാക്യമാണ്. ഖുര്‍ആനില്‍ തന്നെ മറ്റൊരിടത്ത് ‘തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാ ക്കളില്‍) ഒരാളോ അവരില്‍ രണ്ടു പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ‘ഛെ' എന്നു പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്കു പറയുക. കാരുണ്യത്തോടു കൂടി എളിമയുടെ ചിറക് അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ..ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയതു പോലെ ഇവരോട് നീ കരുണ കാണിക്കേണമേ എന്നു നീ പറയുകയും ചെയ്യുക. (വി. ഖുര്‍ആന്‍: അദ്ധ്യായം 17. 24,25) എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

വാര്‍ദ്ധ്യക്യത്തില്‍ സ്വന്തം മാതാവിന് ഭക്ഷണവും ചികിത്സയും, എന്തിന് കാറ്റും വെളിച്ചവും പോലും നിഷേധിക്കുന്ന വര്‍ത്തമാനകാല യാഥാര്‍ഥ്യത്തിന്റെ പുഴുവരിക്കുന്ന കാഴ്ചയിലേക്ക് വിരല്‍ ചൂണ്ടാനാണ് മുകളില്‍ ദൈവീകമായ വചനങ്ങളില്‍ ചിലത് കോറിയിട്ടത്. മനുഷ്യര്‍ സ്വയം ദ്വീപുകളായി മാറുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് നമുക്കു ചുറ്റും തെളിയുന്ന ഇത്തരം മനുഷ്യത്വമില്ലായ്മയുടെ ചുവര്‍ചിത്രങ്ങള്‍.

പുതിയ ലോകത്തിന്റെ സ്നേഹരിഹിത്യത്തെ, പുഴുവരിക്കുന്ന ജീവനുള്ള ശവമായി സ്വന്തം മാതാവിനെ മുറിക്കുള്ളില്‍ അടച്ചിടുവാന്‍ മാത്രം മനസ്സിന്റെ നനവ് നഷ്ടപ്പെടലിനെ എന്തു പേരിട്ടാണ് നാം വിളിക്കേണ്ടത്. സൌഹൃദവും, കൂട്ടായ്മയും മാനുഷികമായ മറ്റെല്ലാ വിചാരങ്ങളെയും കച്ചവടക്കണ്ണുകളോടെ മാത്രം നോക്കിക്കാണുകയും തനിക്ക് ലാഭമില്ലാത്ത ഇടങ്ങളിലേക്ക് മനുഷ്യന്‍ നോട്ടമെത്തിക്കാതിരിക്കുകയും ചെയ്യുന്ന പുതിയ കേരളീയാവസ്ഥ മലയാളി എങ്ങനെയാണ് പാകപ്പെടുത്തി യത്..?

കേരളം മറ്റെല്ലാ ഇടങ്ങളേക്കാളും വിദ്യാഭ്യാസപരമായും ചിന്താപരമായും സാംസ്ക്കാരികമായും മുന്നിട്ടു നില്‍ക്കുന്നതിന്റെ ഉദാഹരണങ്ങള്‍ നിരത്തി അഹങ്കരിച്ചിരുന്ന മലയാള മനസ്സുകള്‍ തനിക്കു ജന്‍മം നല്‍കിയ ഗര്‍ഭപാത്രത്തെ തെരുവിലേക്ക് വലിച്ചെറിയാന്‍ മാത്രം ചെറുതായിപ്പോയത് എങ്ങനെയാണ്..?

കണ്ണീര്‍ പരമ്പരയും റിയാലിറ്റി ഷോയിലെ എലിമിനേഷന്‍ റൌണ്ടില്‍ മത്സരാര്‍ത്ഥികളുടെ വിട വാങ്ങല്‍ കാഴ്ചകളിലും ഹൃദയം നൊന്ത് കണ്ണീര്‍ വാര്‍ക്കുന്ന സാദാ മലയാളി സ്വന്തം കണ്‍മുമ്പിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ ഉള്ള് കലങ്ങാത്തെന്തു കൊണ്ടാണ്..?

‘ഞാനും എന്റെ കെട്ട്യോനും പിന്നെയൊരു മൊബൈല്‍ ഫോണും’ മതിയെന്ന പുതിയ ജീവിതമുദ്രാവാക്യത്തിലെത്തി നില്‍ക്കുന്ന നമ്മുടെ സമൂഹത്തെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കരുണയുടെയും പുതുപാഠങ്ങള്‍ ചൊല്ലിക്കൊടുക്കാന്‍ നമുക്കിടയില്‍ നിന്നും തിരിച്ചറിവിന്റെ അടയാളമായി നില്‍ക്കാന്‍ കെല്‍പ്പുള്ള മനസ്സുകള്‍ എവിടെയാണുള്ളത്..?

അണുകുടുംബ വ്യവസ്ഥിതിയുടെ പുഴുവരിക്കുന്ന അവസ്ഥയിലൂടെ നന്‍മ എന്തെന്നും സത് പ്രവര്‍ത്തി ഏതെന്നും തിരിച്ചറിവില്ലാത്ത മുഖം നഷ്ടപ്പെട്ട സമൂഹം വിരാജിക്കുന്ന കെട്ട കാലത്തിലൂടെയുള്ള ഈ പ്രയാണത്തിന്റെ അനന്തരഫലങ്ങളറിയാന്‍ വല്ലാതെ കാലങ്ങളോളം കാത്തിരിക്കേണ്ടി വരില്ലെന്നു തന്നെയാണ് നാമോര്‍ക്കേണ്ടത്. പുതിയ തലമുറ നരച്ചവരും ചടച്ചവരുമായിത്തീരുന്ന നമ്മെ പുഴുവരിക്കാനുള്ള അവസ്ഥയിലേക്ക് തള്ളി വിടില്ല. ഒരു പക്ഷെ, അതിനു മുമ്പേ തന്നെ ജീവനോടെ കുഴിച്ചു മൂടാനുള്ള പദ്ധതികള്‍ തയ്യാറാക്കാനുള്ള മനക്കരുത്ത് അവര്‍ നേടിയിരിക്കും.ഇന്നത്തെ സമൂഹം പ്രായമായവരോട് കാണിക്കുന്ന നിന്ദയും കടപ്പാടില്ലായ്മയും കണ്ടു കൊണ്ടാണ് പുതുതലമുറ വളരുന്നത്. ഇന്ന് നമ്മുടെ കണ്‍മുമ്പില്‍ അരങ്ങേറുന്നതിനേക്കാള്‍ ദാരുണാനുഭവങ്ങള്‍ മാത്രമേ അവരില്‍ നിന്നും നാം പ്രതീക്ഷിക്കാവൂ. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍, സ്നേഹത്തിന്റെ അര്‍ത്ഥമെന്തെന്ന് അവര്‍ക്ക് ബോധ്യപ്പെടണമെങ്കില്‍ ഇന്ന് വൃദ്ധരോടും ശരണമറ്റവരോടും കാണിക്കുന്ന സമീപനത്തില്‍ മാറ്റം വരുത്തണം. നമ്മേക്കാള്‍ മുമ്പേ ലോകം കണ്ട അവരെ വേണ്ട രീതിയില്‍ ശുശ്രൂഷിക്കാനും സംരക്ഷിക്കാനുമുള്ള നമ്മുടെ ഉത്തരവാദിത്വത്തില്‍ നിന്നും നാം പിന്‍മാറാതിരിക്കണം. വാര്‍ദ്ധക്യം എന്നത് നാളെ നമ്മുടെയും അവസ്ഥയാണ്. തെരുവിന്റെ കാരുണ്യമില്ലായ്മയിലേക്കോ വൃദ്ധസദനത്തിലെ ഒറ്റപ്പെടലിലേക്കോ കാലം നമ്മെ എടുത്തെറിയാതിരിക്കണമെങ്കില്‍ നമ്മള്‍ ചില തിരുത്തലുകള്‍ ജീവിതത്തില്‍ വരുത്തിയേ പറ്റൂ.

വൃദ്ധരെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കണമെന്നുള്ള നിയമനിര്‍മ്മാണം വരെ നടത്തിയ നാടാണ് നമ്മുടേത്. ബാഹ്യമായ അത്തരം സമ്മര്‍ദ്ദങ്ങളില്‍ നിന്നല്ല സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കേണ്ട കടമ നാം ഏറ്റെടുക്കേണ്ടത്. പത്തുമാസം ചുമന്നു പ്രസവിക്കുകയും നമ്മു ടെ ഓരോ ചലനങ്ങളും തിരിച്ചറിഞ്ഞ് നമുക്ക് വേണ്ടതൊക്കെ നല്‍കി നമുക്കായി ജീവിച്ച ഒരു ജന്‍മത്തെ നമ്മുടെ കൈത്താങ്ങ് ആവശ്യമായി വരുന്ന ഘട്ടത്തില്‍ മലിന വസ്തു കുപ്പത്തൊട്ടിയിലേക്ക് എടുത്തെറിയുന്ന ലാഘവത്തോടെ തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നത് സാംസ്ക്കാരികമായി ഉന്നമനം കാത്തു സൂക്ഷിക്കുന്ന കേരളസമൂഹം പിന്തുടര്‍ന്നു പോന്നി രുന്ന സാമാന്യരീതിക്ക് ചേര്‍ന്നതല്ല. അതിനുമപ്പുറം വിവേകശാലിയായ മനുഷ്യന്‍ ഭൂമിയിലെ ഇതര ജീവിയേക്കാളും തരം താഴുന്ന രീതിയില്‍ അധമരാകുന്ന പ്രവര്‍ത്തിയില്‍ നിന്നും മുക്ത രാകേണ്ടതു കൂടിയുണ്ട്.ചുരുക്കത്തില്‍ ഉപേക്ഷിക്കപ്പെടുന്ന ഭാണ്ഡം കണക്കെ അനാഥരാകുന്ന വൃദ്ധജനങ്ങളുടെ സംസ്ഥാനമായി കേരളം മാറാതിരിക്കണമെങ്കില്‍ ഇത്തിരിയെങ്കിലും മനസ്സിനുള്ളില്‍ അവരോടുള്ള അനുകമ്പയും അവരുടെ നിസ്സഹയാവസ്ഥയും മനസ്സിലാക്കി അവരുടെ ശേഷിക്കുന്ന സുദിനങ്ങള്‍ വര്‍ണ്ണപ്പകിട്ടും സന്തോഷപൂരിതവുമാക്കേണ്ടത് നമ്മുടെ ഓരോരുത്തരു ടെയും ബാധ്യതയാണെന്ന സത്യം എന്നും ഉള്ളിലുണ്ടാവുമെങ്കില്‍ ഇനിയൊരു വൃദ്ധമനസ്സി ന്റെയും കണ്ണുനീര്‍ വെളിച്ചം കേറാമുറിയുടെ മൂലയിലോ തെരുവിലോ വീണു ചിതറില്ല എന്നു നമുക്കുറപ്പിക്കാനാവും.

പഴുത്തില വീഴുമ്പോള്‍ പച്ചിലയുടെ ചിരിയായി നമ്മുടെ ചലനങ്ങള്‍ കാലം വരയ്ക്കാതിരിക്കണ മെങ്കില്‍ നാം ഇനിയെങ്കിലും മനുഷ്യനെന്ന പദത്തിന്റെ അര്‍ത്ഥമറിഞ്ഞു ജീവിച്ചേ മതിയാകൂ. വൃദ്ധജനങ്ങള്‍ വീടിന്റെ ഐശ്വര്യവും വെളിച്ചവും കാവലുമാണെന്ന ശുഭചിന്ത നമ്മുടെ ഓരോരുത്തരുടെയും ഉള്ളിന്റെയുള്ളില്‍ എന്നുമുണ്ടാകട്ടെ.