Thursday, January 26, 2017

പാടാതിരിക്കാൻ വയ്യെടി തെയ്യേ......



'പാട്ടും പരുന്ത കെട്ടും ഞാൻ പണ്ടെ മറന്നേ
കൊട്ടും കുരവയും ഞാൻ പണ്ടെ കളഞ്ഞേ..
എന്നിട്ടും പാടാതിരിക്കാൻ വയ്യെടി തെയ്യേ,
എന്നിട്ടും കൊട്ടാണ്ടിരിക്കാൻ വയ്യെടി തെയ്യേ...
ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാൽ
നാടിന്റെ നട്ടെല്ല് പൊട്ടി നമ്മള് ചാവും
ചാവാണ്ടിരിക്കാനെങ്കിലും പാടെടി തെയ്യേ,
പാടീട്ട് ചാവാനെങ്കിലും പാടെ ടി തെയ്യേ...'


ഇഷ്ടമുള്ള നാടൻപാട്ടുകളിൽ ഒന്നാണിത്.
അതിലെ ആദ്യത്തെ ചില വരികളാണ് മുകളിൽ.

ഇത് ആരെഴുതി എന്നൊന്നും അറിയില്ല.
എന്നാലും ഹൃദയത്തിലുണ്ട് വർത്തമാനകാല ആധികളിൽ സമരവീര്യത്തിന്റെ ഈരടികളായി ഇത്. നാടിനെ മൂടുന്ന ഇരുട്ടിനെ നോക്കി
'ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാൽ
നാടിന്റെ നട്ടെല്ല് പൊട്ടി നമ്മള് ചാവും.
ചാവാണ്ടിരിക്കാനെങ്കിലും പാടെടി തെയ്യേ,
പാടീട്ട് ചാവാനെങ്കിലും പാടെ ടി തെയ്യേ....
എന്നുറക്കെ പാടുമ്പോൾ അതൊരു സമര മുദ്രാവാക്യം കൂടിയായി മാറ്റൊലി കൊള്ളുകയാണ്.
കെട്ട കാലത്തിന്റെ കറുപ്പടയാളങ്ങൾ ചൂണ്ടിക്കാണിക്കാനും അതിനെതിരെ ശബ്ദമുയർത്താനും കഴിയുന്നില്ലെങ്കിൽ പിന്നെ നമുക്കെന്തിനാണ് പാട്ടും കവിതയും. നമുക്കെന്തിനാണ് ഭാഷയും സംസ്കാരവും.

ഇന്ത്യയെന്ന വികാരത്തെ, ഇവിടെ നിലനിന്നു പോരുന്ന ജനാധിപത്യ മൂല്യങ്ങളെ കശാപ്പ് ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം.
രാജ്യത്തിന്റെ പുരോഗതിയിൽ അഭിമാനിക്കുന്ന ഓരോ പൗരന്റെയും  ഉള്ളിൽ  ഭയം ചുരമാന്തുന്ന അവസരത്തിലൂടെയാണ് നാം സഞ്ചരിക്കുന്നതും. ഈ ഭീതികളൊന്നും ഭാവനയിൽ നിന്നും ഉയിർകൊണ്ടതല്ല. മറിച്ച് അവയ്ക്ക് ആക്കം കൂട്ടുന്ന ദൃശ്യങ്ങളാണ് നമുക്ക് മുമ്പിൽ തെളിയുന്നതത്രയും. എഴുതരുതെന്നും, പറയരുതെന്നും, പാടരുതെന്നും, വരയ്ക്കരുതെന്നും ആരൊക്കെയോ തിട്ടൂരമിറക്കുന്നു. കാണാൻ പാടില്ല, കേൾക്കാൻ പാടില്ല, കഴിക്കാൻ പാടില്ല എന്നിങ്ങനെ ജനജീവിതത്തിന്റെ ആവിഷ്കാരങ്ങൾക്കു മേൽ മാത്രമല്ല, ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും പൗരന്മാരുടെ അവകാശങ്ങൾക്ക് നേരെയും വരെ വിലങ്ങുകളും വിലക്കുകളും തീർക്കുവാൻ ഭഗീരഥ പ്രയത്നത്തിലാണ് മതേതര ജനാധിപത്യ ഭാരതത്തിന്റെ രക്ഷകക്കുപ്പായം സ്വയമണിഞ്ഞ ഒരു കൂട്ടർ.

മതേതരത്വമാണ് ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ജീവവായു. ഈ ഭൂമികയിൽ പിറവി കൊണ്ടതിൽ അഭിമാനിക്കുന്ന ജനകോടികളിൽ ഒരാളായി ഞാനുമുണ്ട്. ഇന്ത്യയുടെ ഭൂതകാല ചരിത്രങ്ങളിൽ പരതുമ്പോൾ അടിയന്തിരാവസ്ഥയെന്ന കറുത്തൊരു പാട് അനേകം മനസ്സുകളിൽ ഇന്നും മായാതെ നിൽപ്പുണ്ടെങ്കിലും ലോകത്താകമാനം ഇന്ത്യയെന്ന നാമം കൂടുതൽ പ്രകാശമയമായി നില കൊള്ളുന്നുണ്ട് എന്നത്‌ സ്മരിക്കാതെ വയ്യ.

എങ്കിലും വൈവിധ്യങ്ങളുടെ കേദാരമായ നമ്മുടെ മണ്ണിൽ നടക്കാൻ പാടില്ലാതിരുന്ന ചില അനിഷ്ടസംഭവങ്ങൾ അരങ്ങേറുമ്പോൾ ലോകഭൂപടത്തിൽ നാം വരച്ചു ചേർത്ത യശസ്സിനാണ് മങ്ങലേൽക്കുന്നത്. രാജ്യത്തിന്റെ അന്തസ്സ് മുറുകെ പിടിക്കാൻ നാം തെരഞ്ഞെടുത്തവരിൽ ചിലർ തന്നെ മനുഷ്യരെ പല കാരണങ്ങൾ പറഞ്ഞ് വിവിധ കള്ളികളിലാക്കി നിർത്താൻ ശ്രമിക്കുമ്പോൾ അതിനെതിരെ വാക്കു കൊണ്ടും അക്ഷരങ്ങൾ കൊണ്ടും പരിച തീർക്കുന്നവരെ ഇല്ലാതാക്കാനും മൗനത്തിലേക്ക് ചവിട്ടി ത്താഴ്ത്താനും  കച്ച മുറുക്കുന്നവരെ കരുതിയിരിക്കേണ്ട കാലവുമാണിത്.

ഫാഷിസം അതിന്റെ സകല രൗദ്രഭാവങ്ങളും പ്രകടിപ്പിച്ച്  ഇന്ത്യയിലെ സാധാരണക്കാരനെ ഭയപ്പെടുത്തി, വരുതിയിലാക്കാൻ ശ്രമിക്കുന്നു.
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന പൗരസ്വാതന്ത്ര്യം തൃണവൽക്കരിക്കപ്പെടുന്നു. ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി, നരേന്ദ്ര ദബോൽക്കർ, പെരുമാൾ മുരുകൻ എന്നിങ്ങനെ നീളുന്ന പട്ടികയിൽ ഇനി മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി.വാസുദേവൻ നായരും എം.എം. ബഷീറും സിനിമാ പ്രവർത്തകൻ കമലും വരെ.

അതിനാൽ തന്നെ വന്നെത്തിയ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ ഭൂതകാല സ്മരണകൾ പുതിയ കാലത്തിലേക്ക് പരിവർത്തിപ്പിക്കേണ്ടതിന്റെ അനിവാര്യത ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് യഥാർത്ഥ രാജ്യസ്‌നേഹികളിൽ നിന്നുമുണ്ടാവേണ്ടത്.
മറഞ്ഞു പോയ തലമുറ കാത്തുസൂക്ഷിച്ച മാനവ സാഹോദര്യവും ഐക്യവും മഹാഭൂരിപക്ഷം ജനങ്ങളിലും വറ്റാത്ത ഉറവ പോലെ ഇനിയുമേറെ കാലം നിലനിൽക്കണം. അതങ്ങനെ നിൽക്കുക തന്നെ ചെയ്യും.
ഇതൊരു പ്രതീക്ഷയാണ്. ഇന്ത്യയിലെ വൻഭൂരിപക്ഷം ഹൃദയങ്ങളിൽ നിന്നുമുയരുന്ന പ്രാർത്ഥനാ മന്ത്രമാണ്.
നമ്മുടെ രാജ്യത്തെ മറ്റൊരു ലോകമാക്കാൻ, എല്ലാ ചരിത്രസത്യങ്ങളെയും മായ്ച്ചു കളഞ്ഞ്  പുതിയവ എഴുതിച്ചേർക്കാനും നിർമ്മിച്ചെടുക്കാനും ശ്രമിക്കുന്നവർ മൂഢസ്വർഗ്ഗത്തിലാണ്.

താൽക്കാലിക നേട്ടങ്ങൾക്ക് വേണ്ടി ഭാരതത്തിന്റെ മാനവിക മൂല്യങ്ങളും ഐക്യവും സാഹോദര്യവും തകർക്കാൻ ശ്രമിക്കുന്നവർ തോറ്റു പിൻവലിയുമെന്ന് കാലം തെളിയിക്കും.
നാമെല്ലാം ഇന്ത്യക്കാരാണെന്നും ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും വിശ്വാസത്തിന്റെയും പേരിൽ പരസ്പ്പരം പോരടിപ്പിക്കാൻ ശ്രമിക്കുന്ന ദുഷ്ടശക്തികളെ തിരിച്ചറിയാനും അവർക്കെതിരെ പ്രതിരോധം തീർക്കാനും കൈകോർത്ത് മുന്നേറാമെന്ന്  പ്രതിജ്ഞയെടുക്കാം.

*******************************


2017 ജനുവരി 26  ഗൾഫ് മാധ്യമം,
(റിപ്പബ്ലിക് ദിന സപ്ലിമെന്റിൽ  പ്രസിദ്ധീകരിച്ചത്)

___________________________________________