Tuesday, February 25, 2014

മധുരഗീതകങ്ങളുടെ രാജശില്‍പ്പി


              മലയാളത്തിന്റെ പ്രിയകവി പി. ഭാസ്ക്കരന്‍ മാഷിന്റെ വേര്‍പാടിന് ഏഴ് വര്‍ഷം

കാന്തതയുടെ അപാരതീരത്ത് കാട്ടിലെ പാഴ്മുളംതണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ത്ത, നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവന്ന, മലയാളിയുടെ അന്തരാത്മാവിനെ കുളിരണിയിക്കുന്ന കാവ്യശകലങ്ങളാല്‍, കാതിനിമ്പമൂറുന്ന ചലച്ചിത്രഗാനങ്ങളാലും ആനന്ദത്തിന്റെ കൊടുമുടിയിലേക്കാനയിച്ച കേരളത്തിലെ സാധാരണക്കാരുടെ പ്രിയകവി.

അസാധാരണമായ രചനാ ശൈലിയിലൂടെ തികച്ചും ലളിതമായ രീതിയില്‍ ഗാനങ്ങളെഴുതിയ, അതിലൂടെ മലയാളത്തിന്റെ സകല ഭാവതലങ്ങളും നമ്മെ ബോധ്യപ്പെടുത്തിയ മനുഷ്യ
സ്നേഹിയായ മഹാപ്രതിഭ, ഭാസ്ക്കരന്‍ മാഷ്.

ഏതാനും  നാളുകള്‍ മാത്രം മലയാളിയുടെ ചുണ്ടില്‍ തത്തിക്കളിക്കുകയും പിന്നീട് മറവിയുടെ അഗാധ ഗര്‍ത്തങ്ങളിലേക്ക് നിപതിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല മലയാള സിനിമാഗാനങ്ങള്‍
നമുക്ക് മുമ്പില്‍ ജീവിക്കുന്ന ഉദാഹരണങ്ങളാവുമ്പോള്‍ കായലരികത്ത് വലയെറിഞ്ഞപ്പോള്‍.., എല്ലാരും ചൊല്ലണ്.., മാനെന്നുെം വിളിയ്ക്കില്ലാ.. മയിലെന്നും വിളിക്കില്ല.. തുടങ്ങിയ ഒട്ടനേകം  കാവ്യമൂറുന്ന വരികള്‍ പതിറ്റാണ്ടുകളായി മലയാളിയുടെ നെഞ്ചില്‍ തേന്‍ തുളുമ്പി മുഴങ്ങുന്നുവെന്ന യാഥാര്‍ത്ഥ്യം ആ പ്രതിഭയുടെ കാവ്യബോധത്തിന്റെ നിറലാവണ്യമാണ് അനുഭവപ്പെടുത്തുന്നത്.

ശാസ്ത്രീയ സംഗീതം, നാടോടിപ്പാട്ടിന്റെ വശ്യതാളം, സിനിമയ്ക്കുള്ളിലെ തനിമയാര്‍ന്ന മാപ്പിളപ്പാട്ടുകള്‍, ഭക്തിയുടെ ആഴങ്ങളിലമര്‍ന്ന രാഗനിര്‍വൃതി, ലാളിത്യമാര്‍ന്ന വരികള്‍ക്കിടയിലും ഗഹനമായ ചിന്തയുടെ പ്രതിബിംബങ്ങള്‍... അങ്ങനെയങ്ങനെ  കോറിയിട്ടാലൊതുങ്ങുന്നില്ല ആ കാവ്യപ്പെരുമഴയുടെ മഹത്വം.
പ്രണയവും വിരഹവും ഹാസ്യവും കാല്‍പ്പനികതയുമെല്ലാം അദ്ദേഹത്തിന്റെ വിരല്‍തുമ്പില്‍ നിന്നും അസൂയാവഹമായ രീതിയില്‍ ഉയില്‍കൊണ്ട ഭാവങ്ങളായി മലയാള സിനിമാഗാന ശാഖിയുടെ ഉത്തുംഗശൃംഗങ്ങളില്‍ നിലകൊള്ളുന്നു.

താമസമെന്തേ വരുവാന്‍.., ആദ്യത്തെ കണ്‍മണി ആണായിരിക്കണം.., കരയുന്നോ പുഴ ചിരിക്കുന്നോ.., നാദബ്രഹ്മ ത്തിന്‍ സാഗരം നീന്തിവരും.., ഏകാന്തതയുടെ അപാരതീരം.., വാസന്തപഞ്ചമി നാളില്‍ വരുമെന്നൊരു കിനാവ് കണ്ടൂ.., ഒരു കൊട്ട പൊന്നുണ്ടല്ലൊ..,
പുള്ളിമാനല്ല.. മയിലല്ല.. മധുരക്കരിമ്പല്ല.., കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ത്തവളെ.., പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം  പാട്ടുകാരന്‍.., പകല്‍ക്കിനാവിന്‍
സുന്ദരമാകും പാലാഴിക്കരയില്‍.., മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവത്ത്.., നഗരം നഗരം മഹാസാഗരം.., വെളുക്കുമ്പം കുളിക്കുവാന്‍ പോകുന്ന വഴിവക്കില്.., ഇന്നിനിക്ക് പൊട്ടുകുത്താന്‍.., അഞ്ജന ക്കണ്ണെഴുതി.. ആലിലത്താലി ചാര്‍ത്തി.., ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍.., സ്വപ്ന ങ്ങളൊക്കെയും പങ്കുവെയ്ക്കാം..,  നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്.., കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം.., നല്ല സുറുമ.., നാഴിയൂരി പാലു കൊണ്ട്....
തുടങ്ങി മലയാളി ഉള്ളിടത്തോളം കാലം മായാത്ത, മലയാളത്തിന്റെ തനത് ശൈലി കൈവിട്ടു പോകാതെ മൂവായിരത്തി അഞ്ഞൂറില്‍പ്പരം ഗാന ങ്ങളെഴുതി നമ്മെ പ്രണയിപ്പിക്കുകയും കരയിപ്പിക്കുകയും സ്വപ്നലോകത്തേക്കാനയിക്കുകയും ചെയ്ത, ഇത്തിരിവാക്കുകളിലൂടെ
മനുഷ്യമനസ്സിന്റെ സമസ്ത ഭാവങ്ങളും ആലേഖനം  ചെയ്ത, ഇന്നലെ വരെ സുന്ദരരാഗമായെന്‍ ശ്രവണേന്ദ്രിയങ്ങളെ തഴുകിപ്പെയ്തിറങ്ങിയ കാവ്യശകലങ്ങള്‍ മെനഞ്ഞെടുത്ത, ഇന്നും നാളെയും നാമൊക്കെ കാതോര്‍ക്കുന്ന മധുരഗീതകങ്ങളുടെ രാജശില്‍പ്പി..,
പ്രിയകവി ഭാസ്ക്കരന്‍മാഷ് ഓര്‍മയായിയിട്ട് ഫെബ്രുവരി 25ന്   ഏഴുവര്‍ഷം തികയുന്നു.

****************




Saturday, February 22, 2014

അദൃശ്യമായ പൊക്കിള്‍കൊടി ഈ ലോകം മുഴുവന്‍ പിന്തുടരും

        
              റിയാദില്‍ ചെരാത് സാഹിത്യ വേദിയും ന്യൂ ഏജ് ഇന്ത്യ സാംസ്ക്കാരിക വേദിയും

                           സംയുക്തമായി സംഘടിപ്പിച്ച ‘കവിസല്ലാപം’ പരിപാടിയിലെ
                              കവി പി.കെ. ഗോപിയുടെ പ്രസംഗത്തിന്റെ സംക്ഷിതരൂപം.


വാ
ഗ്ദത്തഭൂമി നഷ്ടപ്പെട്ടതു കൊണ്ടാണ് വിദൂരസ്ഥമായ ഈ ഭൂമേഖലയില്‍ നിങ്ങള്‍ വാസമുറപ്പി ച്ചത്. എവിടെപ്പോയി സ്വാതന്ത്രാന്തര ഭാരതത്തിലെ, കേരളത്തിലെ വാഗ്ദത്തഭൂമി എന്ന് ഓരോ നിമിഷവും ഞാന്‍ ചോദിക്കുകയാണ്.
കയറിക്കിടക്കാന്‍ കൂരയില്ലാത്തവന്‍ നാടുപേക്ഷിച്ചു പോവുകയല്ലാതെ നിവൃത്തിയില്ല. ആക്ഷേപി ക്കപ്പെടുന്ന തെരുവുകളെ ഉപേക്ഷിച്ച് ഒളിച്ചോടുകയല്ലാതെ യാതൊരു നിവൃത്തിയുമില്ല. നി രര്‍ത്ഥക മായ ചില അക്കങ്ങള്‍ നിരത്തിവെച്ച സര്‍ട്ടിഫിക്കറ്റുകള്‍ കക്ഷത്തില്‍ ഒതുക്കിവെച്ച് എത്രാള്‍ പട്ടിണി കിടക്കും.
അച്ഛന്‍ ചോദിക്കുന്നു, യുവാവായില്ലെ എന്തുടിേ?
അമ്മ ചോദിക്കുന്നു, എന്നുമിങ്ങനെ  അന്നം വിളമ്പാന്‍ ഇവിടെ ആരെന്തുണ്ടാക്കി വെച്ചിരിക്കുന്നു.
ഒരു നാള്‍ നരേന്ദ്രന്‍ എന്ന യുവാവ് ഇടവഴിയിലെ കരിയിലകള്‍ ചവിട്ടി അല്‍പ്പശമ്പളത്തിനു  സ്കൂളില്‍ ജോലി ചെയ്യാന്‍ ഇറങ്ങുകയാണ്.
പെറ്റമ്മ നെടുവീര്‍പ്പിങ്ങയിെട്ടു.
‘നരേന്ദ്രാ.. യുവാവായില്ലെ.. എന്റെയീ ചേല കീറിയതു കണ്ടോ..? എന്റെയീ ചേല നാലിടത്ത് കീറിയി രിക്കുന്നു.. കണ്ടില്ലെ നരേന്ദ്രാ.. ഈ വീട്ടില്‍ അടുപ്പ് പുകഞ്ഞിട്ട് എത്ര ദിവസമായെന്നറിയുമോ..
നിന്റെ സഹോദരിയുടെ വിവാഹപ്രായം കഴിഞ്ഞിട്ട് എത്ര വര്‍ഷമായി എന്നു ചിന്തിച്ചിട്ടുണ്ടോ..’
തിരിഞ്ഞു നോക്കാന്‍ നരേന്ദ്രനു ധൈര്യമില്ലായിരുന്നു. നരേന്ദ്രന്‍ കരിയിലകള്‍ ചവിട്ടി ഇടവഴിയി ലൂടെ കുനിഞ്ഞ മുഖത്തോടെ നടന്നകന്നു.
ആ ദുഃഖമാണ് നരേന്ദ്രനെ വിവേകാനന്ദനാക്കിയത്.
'ദുഃഖമെന്ന രണ്ടക്ഷരം സൃഷ്ടിച്ച വിപ്ളവങ്ങള്‍ മരിക്കില്ലൊരിക്കലും..'
ആപ്തവാക്യം പോലെ മസ്സില്‍ സൂക്ഷിച്ചു വെക്കണം.

വീട് വിട്ടു പോന്നതുകൊണ്ട് ഇവിടെ വന്ന് ദുഃഖിച്ച് നിരര്‍ത്ഥകമായി നിദ്ര കൊള്ളാനല്ല ഊര്‍ജ്ജസ്വലമായി പണി ചെയ്യുക. സമ്പാദിക്കുന്നതിന്റെ പരമാവധി സമ്പാദിച്ച് വീട്ടിലേക്ക് മടങ്ങി വന്ന് ജീവിതത്തിന്റെ അര്‍ത്ഥപൂര്‍ണ്ണമായ അടിത്തറ പാകാന്‍ നി ങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ യാതൊരു ബന്ധങ്ങളും മുറിച്ചെറിയാന്‍ നിങ്ങള്‍ക്കവകാശമില്ല.

പൊക്കിള്‍കൊടി മുറിച്ചു കളഞ്ഞത് അമ്മയാണ്. നിങ്ങളെ രക്ഷിക്കാനാണ് ചെയ്തത്. നിങ്ങള്‍ക്ക് സ്വാതന്ത്ര്യം  തരാന്‍ മാത്രമാണ്. പക്ഷെ, അദൃശ്യമായ പൊക്കിള്‍കൊടി ഒരു സംസ്ക്കാരത്തിന്റെ സവിശേഷതയായി നി ങ്ങളെ ഈ ലോകം മുഴുവന്‍ പിന്തുടരും. നിങ്ങളെവിടെപ്പോയാലും അത് നി ങ്ങളെ പിന്തുടരും.
സ്നേഹത്തിന്റെ മാറ്ററിഞ്ഞവരാണ് ഇവിടെ ഈ കുട്ടികളെക്കൊണ്ട് നൃത്തം ചെയ്യിച്ചത്. പാട്ടുപാടി ച്ചത്.. കവിത ചൊല്ലിച്ചത്.
ഇഷ്ടപ്പെട്ടത് എന്തോ അവരിലൂടെ തിരിച്ചെടുക്കണമെന്ന് നിങ്ങള്‍ ഗാഢമായി ആഗ്രഹിക്കുന്നു. അഗാധമായി അഭിലഷിക്കുന്നു. അത് സാക്ഷാത്ക്കരിക്കണമെങ്കില്‍ ത്യാഗത്തിന്റെ ഒരു ചരിത്രം നി ങ്ങള്‍ ആയുസ്സില്‍ മെനഞ്ഞു വെയ്ക്കണം. അതിനായി നിങ്ങളൊരു തിരി കൊളുത്തിവെച്ചത് ഞാന്‍ കാണുന്നു.

കേന്ദ്ര സാഹിത്യ അക്കാദമി കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ കവിസമ്മേളനം  സംഘടിപ്പിച്ചു. അക്കാദമിയുടെ മുദ്ര തിരിതെളിയിച്ച ചെരാതാണ്. ഇന്ത്യയിലെവിടെയും ഇരുട്ടകറ്റാന്‍ ഒരു ചെരാത് കൊളുത്തി വെയ്ക്കാന്‍ ഏതു ശുദ്ധ ഹൃദയനും  കഴിയും. ഏതു ദരിദ്രനും  കഴിയും. ധനാഢ്യര്‍ കൊളു ത്തി വെക്കുന്ന തെളിച്ചമുള്ള വിളക്കുകളും ഫലം ചെയ്യുന്നത് ഒന്നുതന്നെ. പണക്കാരന്‍ വിശപ്പടക്കു ന്നതും അതില്ലാത്തവന്‍ വിശപ്പടക്കുന്നതും അന്നം കഴിച്ചു കൊണ്ടാണ്. അന്നം വിളയിച്ചെടുക്കുന്നത് മണ്ണില്‍ നിന്നും. വ്യത്യാസമുണ്ടെന്ന തോന്നലാണ് നാമുപേക്ഷിക്കേണ്ടത്.
എന്നിട്ട് നിങ്ങള്‍ നിങ്ങളാവണം. അന്നേരം ദുഃഖം എന്ന വാക്ക് മായ്ച്ചുമായ്ച്ച് സംതൃപ്തി എന്ന പുതിയ വാക്ക് ഉദയം കൊള്ളുകയും ചെയ്യും. അപരന്റെ മുഖം കാണുമ്പോള്‍ നമുക്ക് മനസ്സിലാവും അയാള്‍ ഉള്ളില്‍ ആനന്ദം അനുഭവിക്കുന്നുണ്ടെന്ന്.

ദരിദ്ര കുടുംബത്തിലെ അംഗമായ ഞാന്‍ പാട്ടവിളക്കിന്റെ ഇത്തിരിവെട്ടത്തിനു  ചുവട്ടിലിരുന്ന അച്ഛന്‍ പാടിത്തീര്‍ത്ത സങ്കടം മുഴുവന്‍ ഒരു ഗ്രാമകാലഘട്ടത്തിന്റെ ബാല്യസ്മരണകളായി, പൊള്ളുന്ന ഓര്‍മകളായി മാത്രമേ ഇന്നും സ്മരിച്ചെടുക്കാന്‍ കഴിയുന്നുള്ളൂ.
മക്കളുടെ വിശപ്പടക്കാന്‍ പാടുപെടുന്ന ഒരച്ഛന്‍ ഭാഗവതം വായിച്ച് കരഞ്ഞു തീര്‍ക്കുന്ന ചിത്രം ഓര്‍മയിലുണ്ടെങ്കിലും അത്തരം സങ്കടങ്ങള്‍ ഇവിടെയുള്ള പുതിയ ബാല്യങ്ങള്‍ക്കില്ലെന്ന അറിവ് സന്തോഷം തരുന്നു.
അതിനു  ഇവിടുത്തെ മാതാപിതാക്കള്‍ എത്രമാത്രം കഷ്ടപ്പെടുന്നുണ്ടെന്ന് കുഞ്ഞുങ്ങള്‍ ഓര്‍ക്കണം.

ഹൃദയമെന്നത് മുഷ്ടിയോളം വലിപ്പമുള്ള ഒരു മാംസപിണ്ഡമാണെങ്കിലും അതിന്റെ സ്പന്ദനത്താ ലാണ് മനുഷ്യചലനം. അതൊന്നു പിടഞ്ഞാല്‍ എല്ലാ അഹങ്കാരങ്ങളും നിശ്ചലമാവും. ബൊക്കയായി കയ്യില്‍ തന്ന പൂക്കള്‍ പിന്നെ റീത്ത് എന്ന നാമത്തോടെ നെഞ്ചോട്‌ ചേര്‍ത്തുവെയ്ക്കും. ആന്ദരാഗ ങ്ങള്‍ നിര്‍ത്തി വെച്ച് സമയമാം രഥത്തില്‍ ഞാന്‍ എന്നുപാടും.
ഇത് പാട്ടല്ല, ജീവിതത്തിന്റെ നാദമാണ്. ഈ നാദത്തിന്റെ അര്‍ത്ഥം എങ്ങനെ  ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നുവോ അതുപോലിരിക്കും ശേഷിച്ച ജീവിതത്തിലെ ശ്രേഷ്ഠത.

മനുഷ്യജന്‍മം ലഭിച്ച നമുക്ക് ഇതിലും വലിയ അനുഗ്രഹമന്തിനാണ് വേറെ. പ്രപഞ്ചത്തിലെ സര്‍വ്വ ജീവികള്‍ക്കും ഇല്ലാത്ത ഭാഗ്യമാണ് മുക്തിയിലൂടെ മനുഷ്യന്  മാത്രമായി ലഭിച്ചിരിക്കുന്നത്. വിഷയ സുഖം അനുഭവിക്കാന്‍ എല്ലാ ജീവികള്‍ക്കും കഴിയും എന്നിരിക്കെ മുക്തി എന്ന മഹാസാധ്യത ലഭിച്ച മനുഷ്യനാണ് ശ്രേഷ്ഠന്‍.
സര്‍വ്വ പുരാണങ്ങളിലും കാവ്യങ്ങളിലും സകല ദാര്‍ശനികരുമൊക്കെ പറഞ്ഞു വെച്ചത് അതുതന്നെ യാണ്. അതിനാല്‍ സൌമ്യനായ ഒരു മനുഷ്യന്റെ വാക്ക് ജീവവൃക്ഷത്തിന്റെ ഇലകള്‍ പോലെ സരളമായിരിക്കണം.
പുളിയില കണ്ടിട്ടില്ലെ എത്ര ചെറുതാണത്. കോടാനുകോടി പുളിയിലകള്‍ ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു വലിയ തണലുണ്ടാകുന്നു. പക്ഷെ, ഒറ്റ പുളിയില കൊണ്ട് തണലുണ്ടാക്കാം എന്നു വ്യാമോഹിക്ക രുത്. നി ങ്ങള്‍ ഒറ്റപ്പെട്ട മനുഷ്യരായിത്തീര്‍ന്നാല്‍ വലിയ തണലിടങ്ങള്‍ ഉണ്ടാവുകയില്ല. തീരെ ചെറിയ മനുഷ്യരായി ഒറ്റപ്പെട്ടു പോവാതെ സര്‍ഗ്ഗാത്മകമായി സംഘം ചേര്‍ന്ന് അത്ഭുതകരമായ തണല്‍ശക്തി സ്വരൂപിച്ച് സമം പങ്കിടുകയാണ് ചെയ്യേണ്ടത്.

ആയുസ്സില്‍ ആരെങ്കിലും കര്‍മത്തെ സൂക്ഷ്മമായി ഉപയോഗിച്ചു ബാക്കി വെച്ചതാണ് സംസ്ക്കാരം എന്ന പേരില്‍ നാം  കൊണ്ടാടുന്നത്. ഓരോ ശിലയും ശില്‍പ്പമായത് അസംഖ്യം കൊത്തുകള്‍ ഏറ്റിട്ടാണ്. ആ ശില്‍പ്പം കാണാനാണ് നിങ്ങള്‍ പോവുന്നത്. വെറും ശില കാണാനല്ല. കൊത്തുളി സമര്‍ത്ഥമായി ഉപയോഗിച്ചവനാണ് ആ ശിലകള്‍ സൌന്ദര്യമുള്ള ശില്‍പ്പങ്ങളാക്കി മാറ്റിയത്. അവനാണ് അദ്ധ്വാശീലന്‍. അവന്റെ സൌന്ദര്യബോധമാണ് ഈ സമസ്ത ലോകത്തിലും നി റഞ്ഞു നില്‍ക്കുന്നത്. അവിടെയാണ് യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ സ്വത്വം സൌന്ദര്യാത്മകമായി നി ലകൊള്ളുന്നത്. അവിടെ മാത്രമാണ് അനശ്വരമായ ചരിത്രം കുടിയിരിക്കുന്നത്. അവിടം കാണാനാ ണ് കാലം സഞ്ചരിച്ചു കൊണ്ടിരിയ്ക്കുന്നത്.

പുതിയ കാലത്തെ പത്രവാര്‍ത്തകള്‍ വായിക്കാന്‍ കൊള്ളാത്തതും കുട്ടികളില്‍ നിന്നും മറച്ചു പിടിക്കേണ്ടതായും വരുന്ന സാഹചര്യം നിലില്‍ക്കുമ്പോള്‍ തന്നെ, ലോകത്തിന്റെ കിറുക്കും ചെറ്റത്തവുമെല്ലാം നമ്മെ ഭ്രാന്തമാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഈ ലോകത്തിന്റെ സത്ബുദ്ധി വരച്ചി ടുന്ന ഒരുത്തമ പത്രപ്രവര്‍ത്ത ശൃംഖല പ്രവാസമണ്ണില്‍ അപൂര്‍വ്വമായി കാണുന്നത് സന്തോഷം ന ല്‍കുന്നു. ജീവിതമില്ല, ജീവിതം നഷ്ടപ്പെട്ടു പോയി എന്നെഴുതിത്തള്ളിയ എത്രയോ ജീവിതങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഇവിടുത്തെ പ്രബുദ്ധരായ വാര്‍ത്താവിനിമയ മേഖലയ്ക്ക് കഴിയു ന്നതില്‍ സന്തോഷമുണ്ട്.

ഓരോ പ്രവര്‍ത്തനങ്ങളും ഓരോരുത്തരുടെയും നിയോഗം. ഇതെന്റെ നിയോഗമാണ്. സൌഭാഗ്യമെ ന്ന് വേണമെങ്കില്‍ ഇതിനെവിളിക്കാം. ഏതോ ഗ്രാമത്തില്‍ ജനിച്ച് അവിടുന്ന് എന്തൊക്കെയോ ഞാനിവിടെ കൊണ്ടു വന്നിട്ടുണ്ട്. അതോര്‍ത്തെടുക്കുമ്പോള്‍ കവിതയാണെന്ന് മനസ്സിലാവും. ആശയങ്ങള്‍ ഉള്‍ക്കൊക്കാള്ളിച്ച് പ്രാണചൈതന്യം  മെനഞ്ഞെടുത്ത കവിതകള്‍ ഉണ്ടാക്കി ത്തന്നത് ഒരു പക്ഷെ എന്റെ ഗ്രാമം ഏറ്റുപാടിയില്ലായിരുന്നുവെങ്കില്‍ ഞാനെങ്ങനെ  കവിതയെ ഓര്‍ക്കും.

മുത്തശ്ശി മരണപ്പെട്ട ദിവസം, ചടങ്ങുകളെല്ലാം കഴിഞ്ഞു അന്ന് രാത്രിയില്‍ ‘കണ്ണേ മടങ്ങുക..’ എന്നു തുടങ്ങുന്ന കവിത അച്ഛന്‍ ദുഃഖത്തോടെ ചൊല്ലിയത് കാലങ്ങളേറെ കഴിഞ്ഞാണ് കുമാരനാ ശാന്റെ വീണപൂവിലെ വരികളായിരുന്നെന്ന് മസ്സിലായത്.
‘കണ്ണേ മടങ്ങുക.. നീ  കരയുവതെ ന്തിന്.. നീയൊരു നാള്‍ ഇങ്ങനെ  കിടക്കും.. പിന്നെന്തിനാ  നീ യിപ്പോള്‍ കരയുന്നത്..’
ഇത് നിങ്ങളുടെ ജീവിതമല്ലെ..? നിങ്ങളുടെ അച്ഛന്റെ ജീവിതമല്ലെ? നിങ്ങളുടെ മക്കളുടെ ജീവിതമല്ലെ? കവികള്‍ ഇങ്ങനെയാണ് നിങ്ങളെ അടയാളപ്പെടുത്തുന്നത്.
ഞാനിപ്പോള്‍ ഇവിടെയിരുന്ന് ഓര്‍ക്കുന്നു ഈ കവിതയുടെ അര്‍ത്ഥവ്യാപ്തി.
ഒരു പക്ഷെ അച്ഛന്‍ ആശുപത്രിയിലാണെന്നറിയുമ്പോള്‍ ഒരു എയര്‍ടിക്കറ്റിനു  വേണ്ടി, യാത്രാനു മതിക്കു വേണ്ടി നിങ്ങളുടെ സ്പോണ്‍സറുടെ മുമ്പില്‍ യാചിച്ചു നില്‍ക്കുന്ന കാഴ്ചയൊക്കെ എനി ക്കു കാണാന്‍ കഴിയുന്നുണ്ട്. നി ങ്ങളുടെ കണ്ണീര് ആരുകാണുന്നു? നിങ്ങളൊഴികെ..

'ഏകനാ യ് പിറന്നവന്‍..
ഏകനാ യ് മടങ്ങുന്നു..
കേവലമൊരു മാത്ര
ഒരു നി ശ്വാസം മാത്രം
നീ യുമീ ഞാനും  നി ല്‍ക്കും
നേര്‍ ത്ത  രേഖയില്‍ നി ന്നു
ഞാനി താ പിന്‍വാങ്ങുന്നു
ഇി നീ  മാത്രം.. മാത്രം..'

ഈ വരികള്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ അനര്‍ഘ നിമിഷം കവിതയാക്കിയതിന്റെ നാലു വരികളാണിത്. ഇതു നമുക്ക് വേണ്ടിയല്ലെ എഴുതപ്പെട്ടത്.

നമ്മളെല്ലാം അനശ്വരരാണെന്ന ധാരണ പാടെ മാറ്റിയാല്‍ ജീവിതത്തില്‍ അഹങ്കരിക്കാന്‍ തോന്നു കയില്ല. ഒരുപാട് ജന്‍മങ്ങള്‍ പോയിടത്താണ് നാം  ജീവിക്കാന്‍ വന്നത്. കോടാനുകോടി ജന്‍മങ്ങള്‍ നശിച്ചു പോയ ആ ജഗത്തിലാണ് നാം. ജനനവും മരണവും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഈ ഇടത്തില്‍ സ്വന്തം ജീവിത സംസ്കൃതി കൊണ്ട്, സ്നേഹം  കൊണ്ട് ഒരു ചെരാത് കൊളുത്തി വെയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയും എന്നത് ഇതു തന്നെ സാക്ഷ്യം.

* * *

Sunday, February 2, 2014

ശബ്നയുടെ സ്വപ്നദൂരങ്ങള്‍



ഇപ്പോള്‍ ശബ്നയ്ക്ക് ഒരു സ്വപ്നമുണ്ട്.
ട്രസ്റ്റിന്റെ പ്രധാന  പരിപാടികളിലൊന്നായ
സാന്ത്വനകിരണം പരിപാടിയിലെ അംഗങ്ങള്‍ക്ക് 
വീല്‍ചെയറില്‍ ഒതുങ്ങിക്കൂടുന്ന,
പുറംലോകം കാണാന്‍ കഴിയാത്ത അവര്‍ക്ക്
ഇടയ്ക്ക് ഒത്തുകൂടാനും  തൊഴില്‍ പരിശീലനം  സാധ്യമാക്കാനും 
അവര്‍ക്ക് വേണ്ടതായ വിദ്യാഭ്യാസം നല്‍കാനും
അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുവാനും  ഒരിടം വേണം


സാന്ത്വനകിരണം പരിപാടി
---------------------------------------------------------------

കു
റെ കാലം മുമ്പ്, ഒന്നര വയസ്സിന്റെ ഓമനത്തമുള്ള മുഖം പനിയില്‍ പൊള്ളിയപ്പോള്‍ വീട്ടിലുള്ള വര്‍ കരുതിയിട്ടുണ്ടാവില്ല ഇത് ഞങ്ങളുടെ പൊന്നുമോളുടെ ജീവിതത്തിന്റെ ഗതിമാറ്റിയൊഴുക്കാന്‍ മാത്രമെത്തിയ അസുഖമാണെന്ന്. ആ പനിയില്‍ അവളുടെ കാലുകള്‍ തളര്‍ന്നു. വീട്ടിനുള്ളിലും മുറ്റ ത്തുമെല്ലാം ഒഴുകിപ്പരക്കേണ്ട ജീവിതം വീല്‍ചെയറില്‍ നാലു ചുവരുകള്‍ക്കുള്ളില്‍ ഉരുണ്ടു.
പക്ഷെ, അവള്‍ തോല്‍ക്കാന്‍ തയ്യാറല്ലായിരുന്നു.
തനിക്കു ചുറ്റുമുള്ള സമാന  അവസ്ഥയിലുള്ള അനേകം  മനുഷ്യര്‍ക്ക് പ്രതീക്ഷകളുടെയും സ്വപ്നങ്ങളു ടെയും കാവല്‍ക്കാരിയാവുകയായിരുന്നു അവള്‍ പിന്നീട്.

മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയ്ക്കടുത്ത് പൊന്നാട്ടെ സബിന  മന്‍സിലില്‍ കുഞ്ഞുട്ടിയുടെയും ലൈലയുടെയും മൂത്ത മകളാണ് ശബ്ന.
നിസ്സഹായതയുടെ അറ്റമില്ലായ്മയില്‍ നിന്ന് ആത്മവിശ്വാസത്തിന്റെ വഴിയിടങ്ങളിലേക്ക് ഉയിര്‍ത്തെഴുന്നേറ്റ് സ്വപ്നമറ്റുപോയ ഒട്ടേറെ ജീവിതങ്ങള്‍ക്ക് വഴികാട്ടിയാവുകയാണിന്ന് അവള്‍.

സ്കൂളിലേക്ക് ഉമ്മ എടുത്തുകൊണ്ട് പോയിട്ടാണ് പത്താംക്ളാസുവരെയുള്ള പഠനം  പൂര്‍ത്തിയാക്കി യത്. ഏഴാംക്ളാസ് വരെ വാഴക്കാട് സി.എച്ച്. മെമ്മോറിയല്‍ സ്കൂളിലും ഹൈസ്ക്കൂള്‍ പഠനം  കോഴിക്കോട് കിണാശ്ശേരി സ്കൂളിലുമായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് സ്വകാര്യമായി എഴുതി പ്ളസ്ടൂവും ബി.എ. മലയാളവും പാസായി. കംപ്യൂട്ടറില്‍ ബിരുദമെടുത്തു. കൂടാതെ സാരി ഡി
സൈനിംഗിലും ഗ്ളാസ്പെയിന്റിംഗിലും കയ്യടക്കം നേടി. ഇതിനിടയില്‍ കഥയെഴുത്തിലും ശബ്ന യ്ക്ക് താല്‍പ്പര്യമുണ്ടായി. എഴുത്തിന്റെ ലോകത്തേക്ക് കടന്നു വരാന്‍ ‘എന്നേക്കുമുള്ള ഒരോര്‍മ’ എന്ന കഥാസമാഹാരം വഴി തുറന്നു.
ശബ്ന  പൊന്നാട് എന്ന തൂലികപ്പേരില്‍ അവളെഴുതി. ഒപ്പം തന്നെ ബ്ളോഗെഴുത്തിലും സജീവ മായി. തുടര്‍ന്ന് ‘ആ രാവ് പുലരാതിരുന്നെങ്കില്‍’, ‘കാലത്തിന്റെ കാലൊച്ച’ എന്നീ പുസ്തകങ്ങള്‍ പുറത്തിറങ്ങി. ഈ പുസ്തകങ്ങളിലൊന്നും കാലുകള്‍ തളര്‍ന്ന പെണ്‍കുട്ടിയുടെ നൊമ്പരങ്ങളോ നെ ടുവീര്‍പ്പുകളോ കാണാന്‍ കഴിയില്ല. മറിച്ച് വിധിയെ പഴിച്ച് ജീവിതത്തില്‍ ഒതുങ്ങിക്കൂടാതെ മനക്കരു ത്താല്‍ മുന്നേറുന്നവര്‍ക്ക് പുസ്തകം സമര്‍പ്പിക്കുന്നു എന്ന കുറിപ്പ് കാണാം.
പിന്നീട് കഥയെഴുത്തില്‍ മാത്രമായി ഒതുങ്ങിക്കൂടാതെ തന്റെ പ്രവര്‍ത്തന മേഖല വിപുലമാക്കാനു ള്ള ശ്രമങ്ങളായിരുന്നു ശബ്നയില്‍ നിന്നുമുണ്ടായത്.

തന്നെപ്പോലെ വീടകങ്ങളില്‍ ഒതുങ്ങിക്കൂടുന്ന സഹജീവികള്‍ക്ക് കഴിയുന്ന രീതിയില്‍ കൈത്താങ്ങാ വുക, അവര്‍ക്ക് മനസ്സുതുറക്കാനും  അനുഭവങ്ങള്‍ പങ്കുവെയ്ക്കുവാനും  ഒരു വേദിയുണ്ടാക്കുക, സാധാരണ മനുഷ്യരെപ്പോലെ ജീവിക്കാനുള്ള മനക്കരുത്തും സാഹചര്യവുമുണ്ടാക്കി കൊടുക്കുക, ഒപ്പം മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല ഇവര്‍ എന്ന ചിന്ത പൊതുസമൂത്തിലുണ്ടാ ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2010 മെയ് 29ന്   ശബ്ന  ചാരിറ്റബിള്‍ ആന്റ് എജുക്കേഷന്‍ ട്രസ്റ്റ്  രൂപവത്കരിച്ചു.
ശബ്ന തന്നെയാണ് മാനേജിംഗ്  ട്രസ്റ്റി. പ്രദേശത്തെ പ്രമുഖരെയും ട്രസ്റിന്റെ പ്രവര്‍ത്തനങ്ങളി ല്‍ പങ്കാളികളാവാന്‍ താല്‍പ്പര്യമുള്ളവരെയും അതില്‍ അംഗങ്ങളാക്കി. വീല്‍ചെയറില്‍ ജീവിതമുരുട്ടു ന്നവര്‍ക്കും നിത്യരോഗികള്‍ക്കും ദരിദ്രര്‍ക്കുമെല്ലാം ട്രസ്റ്റില്‍ നിന്ന് കഴിയുന്ന രീതിയില്‍ സഹായങ്ങള്‍ നല്‍കുവാനുള്ള സംവിധാനമുണ്ടാക്കി.

ശബ്നയുടെ പിതാവ് 18 വര്‍ഷം സൌദിയില്‍ പ്രവാസിയായിരുന്ന കുഞ്ഞുട്ടി അഞ്ചുവര്‍ഷമായി നാ ട്ടിലെത്തിയിട്ട്. ഇപ്പോള്‍ കൊണ്ടോട്ടിയില്‍ ചെറിയൊരു ബിസിനസ്സ് നടത്തുകയാണ്. അദ്ദേഹത്തി ന്റെ വരുമാനത്തിന്റെ വലിയൊരു പങ്കും ശബ്നയുടെ പുസ്തകം വിറ്റുകിട്ടുന്ന തുകയും സുമനസ്സുകളി ല്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളുമാണ് ട്രസ്റ്റിന്റെ  നടത്തിപ്പിനുള്ള വകയാവുന്നത്.

ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മനുഷ്യര്‍ക്ക് സഹതാപമല്ല മറിച്ച് അവര്‍ക്ക് സ്നേഹവും പരിഗ ണനയുമാണ് വേണ്ടതെന്ന് ശബ്ന പറയുമ്പോള്‍ അതിനു  ഉദാഹരണമായി അവള്‍ ചൂണ്ടിക്കാണി ക്കുന്നത് സ്വന്തം മാതാപിതാക്കളെ തന്നെ.
സ്ക്കൂളിലേക്ക് തന്നെ ബുദ്ധിമുട്ടി എടുത്തു കൊണ്ടുപോകുമ്പോള്‍ ഈ കുട്ടിയെ പഠിപ്പിച്ചിട്ടെന്താ കാര്യ മെന്ന് പലരും ഉമ്മയോട് ചോദിച്ചിരുന്നുവത്രെ. പക്ഷെ എട്ടാംക്ളാസ് വരെമാത്രം പഠിച്ച ഉമ്മക്ക് വിദ്യാഭ്യാസത്തിന്റെ വില അറിയാമായിരുന്നു. വിദ്യാധനം  സര്‍വ്വധനാല്‍ പ്രധാനം  എന്നെന്റെ ഉമ്മ അക്കാലത്ത് ഉള്ളില്‍ മന്ത്രിച്ചിട്ടുണ്ടാവണം.
ശബ്ന മിഴിനനവോടെ പുഞ്ചിരിക്കുന്നു.
പിന്നെ, ട്രസ്റ്റിന്റെ എളിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാചാലയാവുന്നു ഈ ഇരുപത്തിയേഴുകാരി.

റമദാന്‍, ഓണം തുടങ്ങിയ സമയങ്ങളിലൊക്കെ പാവങ്ങള്‍ക്ക് അരിയും മറ്റു സാധനങ്ങളും വീട്ടില്‍ വെച്ച് വിതരണം ചെയ്തു.
അരിവിതരണം, വസ്ത്രവിതരണം, നേത്രരോഗ പരിശോധനാ  ക്യാമ്പ്, ശാരീരിക വെല്ലുവിളികളുള്ള വര്‍ക്കായി ഒരു പകല്‍ നീണ്ടു നില്‍ക്കുന്ന സാന്ത്വനകിരണം പരിപാടി, തെരുവില്‍ കഴിയുന്നവര്‍ക്ക് ഓണസദ്യ, ശാരീരിക വെല്ലുവിളി നേരിടുന്ന ആറ് കുടുംബങ്ങളുമായി വിനോദയാത്ര, പ്രകൃതി ചൂഷണത്തിതിെരെ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഷോര്‍ട്ട് ഫിലിം നിര്‍മ്മാണം, കഴിഞ്ഞ  വര്‍ഷത്തെ റമദാന്‍, തിരുവോണം പ്രമാണിച്ച് സാന്ത്വനകിരണം അംഗങ്ങള്‍ ഉള്‍പ്പെടെ 250 പേര്‍ക്ക് വസ്ത്രവിതരണം അങ്ങനെയങ്ങനെ ...

സാമ്പത്തികമായ എല്ലാ പ്രയാസങ്ങളും നിലനില്‍ക്കെ തന്നെയാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ ല്ലാം മികച്ച രീതിയില്‍ മുമ്പോട്ട് പോകുന്നത്. അതിനു  കാതലായി ശബ്നയുടെ ഇച്ഛാശക്തിയും ആത്മവിശ്വാസവും മാത്രമാണെന്ന് പറയാനാവും.
ഇത്തരം സക്രിയമായ പ്രവര്‍ത്തങ്ങളൊക്കെ നടന്നിട്ടും സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള സഹായ ങ്ങളെന്തെങ്കിലും നിങ്ങളിലേക്ക് എത്താത്തതെന്തെന്ന ചോദ്യത്തിന്  കുടുംബട്രസ്റ്റായതു കൊണ്ട് സാധ്യതയില്ലെന്ന മറുപടിയാണ് ശബ്നയില്‍ നിന്നുണ്ടായത്.
പൊതുട്രസ്റ്റാവുമ്പോള്‍ മാറിവരുന്ന കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തന്റെ ആശയങ്ങളില്‍ നിന്ന് മാറിപ്പോവുമെന്ന ആശങ്ക കാരണമാണ് കുടുംബട്രസ്റ്റായിത്തന്നെ മുമ്പോട്ട് പോവാമെന്ന് ഉറപ്പി ച്ചത്. പക്ഷെ, ഈയിടെ നിയമോപദേശം തേടിയപ്പോള്‍ ശബ്നയ്ക്ക് ആജീവനാന്ത ട്രസ്റ്റിയായി നിന്നുകൊണ്ട് തന്നെ പൊതുട്രസ്റ്റാക്കി മാറ്റാമെന്ന അറിവ് ലഭിച്ചു.
അതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങളിലാണ് ശബ്ന.

ഒപ്പം തന്നെ ശബ്നയ്ക്കിപ്പോള്‍ ഒരു സ്വപ്നമുണ്ട്.
ട്രസ്റ്റിന്റെ പ്രധാന  പരിപാടികളിലൊന്നായ സാന്ത്വനകിരണം പരിപാടിയിലെ അംഗങ്ങള്‍ക്ക്,  വീല്‍ചെയറില്‍ ഒതുങ്ങിക്കൂടുന്ന, പുറംലോകം കാണാന്‍ കഴിയാത്ത അവര്‍ക്ക് ഇടയ്ക്ക് ഒത്തുകൂടാ നും  തൊഴില്‍ പരിശീലനം  സാധ്യമാക്കാനും  അവര്‍ക്ക് വേണ്ടതായ വിദ്യാഭ്യാസം നല്‍കാനും  അവ രുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുവാനും  ഒരിടം വേണം.
അതിനായി ഒരു കേന്ദ്രം സജ്ജീകരിക്കുക. ഈയൊരു സ്വപ്നം  സഫലീകരിക്കാന്‍ പൊന്നാട് എട്ടു സെന്റ് സ്ഥലം കണ്ടെത്തി ചെറിയൊരു തുക അഡ്വാന്‍സ് നല്‍കുകയും ചെയ്തിട്ടുണ്ട്. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സുമനസ്സുകളുടെ സഹായങ്ങളിലാണ് ശബ്നയുടെ പ്രതീക്ഷ.
ശബ്നയെ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടാം 9846 208 425.

അക്കൌണ്ട് നമ്പര്‍ 671 4405 7514 എസ്.ബി.ടി. ബ്രാഞ്ച്, എടവണ്ണപ്പാറ, മലപ്പുറം.

ശബ്നയുടെ ബ്ളോഗ് ലിങ്ക് : www.shabnaponnad.blogspot.com

****************************************************


മലയാളം ന്യൂസ് ദിനപത്രം, സണ്‍ഡേ പ്ലസ്, 02 / 02 / 2014