Tuesday, September 3, 2019

ബത്ഹയെന്ന ഗ്ലോബൽ തെരുവ്


മലയാളിയുടെ പ്രവാസാനുഭവങ്ങളെ  രൂപപ്പെടുത്തിയ 
സൗദി അറേബ്യയുടെ തലസ്‌ഥാനമായ റിയാദിന്റെ 
കേന്ദ്രസ്‌ഥാനമായ ബത്ഹയെക്കുറിച്ച്.


വാഹനങ്ങൾക്ക് ഇരമ്പിപ്പായാനും മനുഷ്യർക്ക് വഴി നടക്കാനും മാത്രമുള്ള ഒരിടമല്ല തെരുവ്. തെരുവുകളെ അത് മാത്രമായി ചുരുക്കരുത്. അവ ഒരു നഗര ത്തിന്റെ സാംസ്കാരികധാര കൂടിയാണെന്ന് എവിടെയോ വായിച്ചതോർക്കു ന്നു.

സൗദി അറേബ്യയുടെ തലസ്‌ഥാനമായ റിയാദിന്റെ ഹൃദയഭാഗം ബത്ഹയെ ക്കുറിച്ചാണ് പറഞ്ഞു വരുന്നത്. 
ഈ തെരുവിന് അനേകം ദേശങ്ങളിൽ നിന്നെത്തിയവരുടെ മണവും മനസ്സു മാണ്. അതിനാൽ തന്നെ ഏതെങ്കിലും ഒരു ദേശത്തോട് ചേർത്ത് അടയാളപ്പെടു ത്തുക എന്നത് ഏറെ പ്രയാസകരം.

എന്നാൽ, മലയാളി  എത്തിപ്പെടുന്നിടത്ത് നിർമിച്ചെടുക്കുന്ന ചില തണലിടങ്ങ ളുണ്ട്. സൗഹൃദത്തിന്റെ, കൂടിച്ചേരലിന്റെ, കൊടുക്കൽ വാങ്ങലിന്റെ, അങ്ങ നെ ഒട്ടേറെ കാര്യങ്ങളുടെ വലിയ തുരുത്തുകൾ. അത്തരം ഇടങ്ങൾ ക്ക്  മലയാളി  തനതായ രീതിയിൽ ഒരു പേരുമിടും.  ആ പേരിലായിരിക്കും പിന്നീട് കാലങ്ങൾക്കിപ്പുറത്തും ആ ദേശം അവർക്കിടയിൽ അറിയപ്പെടുക.

സൗദി അറേബ്യയുടെ ചരിത്രം പരിശോധിക്കുമ്പോൾ പ്രാചീന നഗരത്തിന്റെ ഭാഗമായാണ് ബത്ഹയെ പരിചയപ്പെടുത്തുന്നത്. പ്രത്യേകതരം മണ്ണ് കുഴച്ചു ണ്ടാക്കിയ അന്നത്തെ കെട്ടിടങ്ങളുടെയും പാർപ്പിടങ്ങളുടെയും ശേഷിപ്പുകൾ ബത്ഹയിലും പരിസരത്തും ഇപ്പോഴും കാണാം. അത്തരം ജീവിതസമുച്ചയ ത്തെ പുതുനാഗരികതയിൽ എത്തിക്കാൻ വിയർപ്പൊഴുക്കിയവരിൽ മലയാളി യും  ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെയാവണം ഈ തുരുത്തിൽ മലയാള ത്തിന്റെ തുടിപ്പുകളും വന്നു ചേർന്നത്.

ബത്ഹ, മലയാളിക്ക് ബത്തയാണ്. സ്വന്തം നാവിന്  വഴങ്ങുന്ന രീതിയിൽ ഏതൊരിടത്തെയും  അങ്ങനെയവൻ  പേരിടും.
റിയാദിൽ ഏതു ഭാഗത്ത് ജോലി ചെയ്യുന്ന ആളായാലും ആഴ്ചയിൽ ഒരിക്കലെ ങ്കിലും ബത്ഹയിൽ വന്ന്  അവൻ  ആ തെരുവിന്റെ ഭാഗമാവും. 
മലയാളക്കരയിലെ തെക്കും വടക്കുമുള്ള ദേശങ്ങളിലെ പല അങ്ങാടികളും കവലകളുമായി ഈ തെരുവിന്റെ ഓരോ മൂലയും വ്യത്യസ്തമായ ഭാവവും ഗന്ധവുമായി അന്നേരം അവർക്ക് അനുഭവപ്പെടും. ഇതൊരു തോന്നലല്ല, യാഥാ ർഥ്യമാണ്. പക്ഷെ, അങ്ങനെ അനുഭവപ്പെടണമെങ്കിൽ ആ തെരുവിന്റെ ഒഴുക്കി ലൊരു കണികയായി  മാറാനുള്ള മനസ്സുണ്ടാവണം.

പുതിയ കാലത്ത് റിയാദിലെത്തുന്ന ഒരാൾക്ക് ബത്ഹയുടെയും ബത്ഹയിലെ ഗല്ലികളുടെയും മലയാളബന്ധവും ചരിത്രവുമറിയില്ല. 
ബത്ഹയുടെ ഓരോ ഗല്ലിക്കും  പ്രവാസിയുടെ, പ്രത്യേകിച്ച് മലയാളിയുടെ സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും കൂടിച്ചേരലുകളുടെയും നൂറാ യിരം കഥകൾ പറഞ്ഞു തരാനുണ്ട്.

സ്വന്തമായി മേൽവിലാസമില്ലാത്തവർക്ക്  നാട്ടിൽ നിന്നെത്തുന്ന കത്തുകൾ കൈ മാറാനും നാട്ടിൽ പോകുന്നവരുടെ കൈയിൽ വീട്ടിലേക്കൊരു കത്തോ, കുഞ്ഞു ങ്ങൾക്ക് കളിപ്പാട്ടമോ  വാങ്ങിക്കൊടുക്കാനും സാധാരണക്കാർ മുമ്പ് ആശ്രയി ച്ചിരുന്നത് ഈ തെരുവിനെയാണ്.
ഞൊടിയിടയിൽ സന്ദേശങ്ങൾ ലോകത്തെവിടേക്കും കൈമാറാനുള്ള കഴിയുന്ന വാട്സ്ആപ്പ് യുഗത്തിലെ പുതിയ തലമുറക്ക് കത്തെഴുത്തിന്റെ പ്രസക്തി മന സ്സിലാവുമോ എന്നറിയില്ല.

ഈ തെരുവിന്റെ പഴയകാല പ്രൗഢി മുൻകാല പ്രവാസികളുടെ മനസ്സി ൽ  മാത്രം തങ്ങി നിൽക്കുന്ന നിറമുള്ള ചിത്രങ്ങളാണ്.
ഇക്കാലത്ത് തെരുവിൽ ചൂടുചായയുടെ ആവിക്കപ്പുറവും ഇപ്പുറവുമിരുന്ന് സൊറ പറയുന്ന സൗഹൃദങ്ങളെ കണ്ടുമുട്ടുക പ്രയാസം.
അവധിദിനങ്ങളിൽ പാതിരാ വരെ സൗഹൃദം പങ്കിട്ട മുതിർന്നവർക്ക് ബത്ഹ തെരുവിലെ സൗഹൃദ വട്ടങ്ങളുടെ അഭാവം തീർത്തും സങ്കടകരമായ വിശേഷം തന്നെയാണ്.



തെരുവിന്റെ ഇരുവശങ്ങളിൽ വ്യത്യസ്തമായ കച്ചവടങ്ങളിലൂടെ ജീവിതോ പാധി കണ്ടെത്തിയ അനേകം ദേശക്കാരും ബത്ഹയുടെ ഫ്രയിമിൽ നിന്ന് മായി ല്ല. 
പഴവും പച്ചക്കറികളും കളിപ്പാട്ടങ്ങളും വിലക്കുറവിൽ വസ്ത്രങ്ങളും പാദ രക്ഷകളും തുടങ്ങി അത്തറും നിലക്കടലയും കുടിവെള്ളം വരെയും കാൽ നട ക്കാരനെ പ്രതീക്ഷിച്ച് തെരുവോരത്ത് നിരത്തി വെച്ചിരിക്കുന്നത് നിത്യേന കാണാൻ കഴിയും.

അന്നും ഇന്നും വാരാന്ത്യത്തിലെ ആൾക്കൂട്ടം മറ്റു ദേശക്കാരെ അപേക്ഷിച്ച് ഇന്ത്യയുടെ തന്നെ പരിഛേദമാണ്.  മലയാളിയെ കൂടാതെ മറ്റു സംസ്‌ഥാനങ്ങ ളിൽ നിന്നുള്ളവരും അതിലുണ്ടാവും. അതിൽ ഉത്തരേന്ത്യക്കാരാണ് ഭൂരി പക്ഷം. അവർ ചവച്ചു തുപ്പിയ മുറുക്കാൻ ചുവപ്പും കുടിച്ചു വറ്റിച്ച ചായ ക്കോപ്പകളും സ്‌ഥാപനങ്ങളിൽ നിന്നും പുറന്തള്ളുന്ന മറ്റനേകം ചപ്പുചവറു കളും നിറഞ്ഞ ഈ തെരുവിന്റെ മുഖം രാവേറെ കഴിയുമ്പോൾ തൂത്തു വെളു പ്പിക്കാൻ മഞ്ഞ നിറത്തിൽ മാലിന്യവണ്ടി എത്തും. അവ തെരുവിൽ തലങ്ങും വിലങ്ങും നിരങ്ങുമ്പോൾ സൗഹൃദത്തിൽ വിരൽ തൊട്ട് പകൽ നീക്കിയവർ ഏതൊക്കെയോ ചുവരുകൾക്കുള്ളിൽ അവധിദിനം കഴിഞ്ഞതിന്റെ ആലസ്യ ത്തിൽ കൂർക്കം വലിക്കുകയാവും. 

മലയാളത്തിന്റെ രചനാപരിസരത്തൊന്നും ബത്ഹ ഇതുവരെ തലനീട്ടി വന്നി ട്ടില്ല. ബെന്യാമിന്റെ ആടുജീവിതത്തിൽ നജീബ് ബത്ഹയിൽ വരുന്നുണ്ട്. അത്ര മാത്രം.   
കുറിപ്പുകാരന്റെ 'ബത്ഹയിലേക്കുള്ള വഴി' എന്ന കഥയിൽ മൂന്നു മലയാളി കൾ മരുഭൂമിയിലെ ദുരിതത്തിൽ നിന്ന് രക്ഷതേടി എത്തിപ്പെടുന്നതും അവരെ മറ്റൊരു മലയാളി ചതിയിൽ പെടുത്തുന്നതും ബത്ഹയിൽ വെച്ചാണ്.

അനേകം മലയാളികളുടെ ജയപരാജയങ്ങൾക്ക് സാക്ഷിയാണ് ബത്ഹ. 
അതുകൊണ്ട് തന്നെ ബൃഹത്തായ ഒരു കൃതി എന്നെങ്കിലും ഒരു മലയാള ത്തൂലികയിൽ നിന്ന് പിറവികൊള്ളാൻ ബത്ഹയും ചെവിയോർക്കുന്നുണ്ടാ വുമെന്ന് കരുതാതെ വയ്യ.

ബത്ഹ പരിസരത്ത് കേരളമാർക്കറ്റിനെ പോലെ തന്നെ അതിനു തൊട്ടു പിറകി ലായി സ്‌ഥിതി ചെയ്യുന്ന യമനി മാർക്കറ്റും അതിനപ്പുറത്തെ ബംഗാളി മാർക്ക റ്റും തൊട്ടടുത്ത സുഡാനി മാർക്കറ്റും ബത്ഹ മെയിൻ റോഡിനു സമീപമുള്ള ഫൈവ് ബിൽഡിങ്ങിനു പിറകുവശത്തെ ഫിലിപ്പിനോ മാർക്കറ്റും ഷംസിയ കോംപ്ളക്സിനോട് ചേർന്ന് നിൽക്കുന്ന നേപ്പാളി മാർക്കറ്റും ബത്ഹ കൊമേർഷ്യൽ സെന്റരിലെ ശ്രീലങ്കൻ കോർണറും മലയാളിയെ കൂടാതെ തമിഴ രും കർണാടകക്കാരും ആന്ധ്രക്കാരും ഉത്തരേന്ത്യക്കാരുമെല്ലാം ഒത്തു കൂടുന്ന ഓരോരോ താവളങ്ങൾ ബത്ഹയിലെ തെരുവോരങ്ങളെ ജനനിബിഢമാക്കു ന്നു.

എന്നാലും മലയാളിക്ക് ബത്ഹ സ്വന്തം നാട്ടിലെ, ഏറ്റവും അടുത്തുള്ള അങ്ങാടി യാണ്. പല നിറങ്ങളുള്ള പല ഭാഷകൾ സംസാരിക്കുന്ന, വിഭിന്ന സംസ്കൃതി കളിൽ നിന്നും വന്നു ചേർന്നവർ കൂടിച്ചേരുന്ന അങ്ങാടി.
പ്രവാസി എന്ന ഒറ്റലേബൽ നെറ്റിയിലൊട്ടിച്ച അനേകം മനുഷ്യർ ഒഴുകുന്ന ഗ്ലോബൽ അങ്ങാടി.


****************************************

പ്രവാസി രിസാല, സെപ്റ്റംബർ - 2019 













Thursday, April 4, 2019

അറുംകൊലയുടെ മലയാളിത്തങ്ങൾ




കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നെഞ്ചു പൊള്ളിക്കുന്ന എത്ര വാർത്തകളാണ് നമ്മൾ വളരെ നിസ്സാരമായി വായിച്ചു തള്ളിയത്.

തിരുവല്ലയിലെ പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് ഇല്ലാതാക്കിയത് പ്രണയാഭ്യർത്ഥന നിരസിച്ചതിനാലാണത്രെ.
നടുറോഡിൽ വെച്ചായിരുന്നു ഈ പാതകം.

തൊടുപുഴയിൽ നിന്നും അടുത്ത ദിവസം തന്നെ അതിലും ക്രൂരമായ സംഭവം വാർത്തയായി.
ഏഴു വയസ്സുകാരനെ ചുമരിലിടിച്ചും തൂക്കിയെറിഞ്ഞും നെഞ്ചിൽ ചവിട്ടിയും അതിമാരകമായി പരിക്കേൽപ്പിച്ച യുവാവും പോലീസ് കസ്റ്റഡിയിലാണ്.

കൊല്ലം ഓയൂരിൽ നിന്ന് സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് ക്രൂരമായി പീഡിപ്പിച്ച ഭർത്താവും അമ്മയും ക്രൂരതയുടെ മറ്റൊരു പര്യായമായി മാറിയിരിക്കുന്നു.
മരണപ്പെട്ട യുവതിയുടെ തൂക്കം ഇരുപത് കിലോ മാത്രമേയുണ്ടായിരുന്നുള്ളൂ വത്രേ. ഒരു മനുഷ്യജീവിയോട് ഇത്ര മാത്രം ക്രൂരത കാണിക്കാൻ മറ്റൊരു മനുഷ്യന് എങ്ങനെ കഴിയുന്നുവെന്ന ചോദ്യം നമ്മൾ പരസ്പ്പരം ചോദിക്കുകയും അത് പഠന വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്.

ഏറ്റവുമൊടുവിൽ ഇപ്പോഴിതാ തൃശൂരിൽ നിന്നും ഒരു ദയാരഹിതമായ കൊലപാതക വാർത്ത കൂടി കേൾക്കുന്നു.

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തന്നെയാണത്രെ ഈ പാതകവും. പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചു ശേഷം പെട്രോളൊഴിച്ചു കൊലപ്പെടുത്തിയിരിക്കുന്നു എന്നതാണാ വാർത്ത.
ഇത്തരം വാർത്തകൾ പോലും നമ്മെ പിടിച്ചുലക്കുന്നില്ല എന്ന യാഥാർഥ്യം കൂടി ഇവിടെ ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു.

മലയാളി മാറുകയാണ്. കരുണയും ആർദ്രതയും അവനിൽ വറ്റുകയാണ്. ചോരക്കറ പുരണ്ട വാർത്തകൾ അവനിൽ നിന്ന് നിത്യേന പുറത്തു വരുന്നതിന്റെ ഹേതു എന്തെന്ന ചോദ്യത്തിന് ഇതല്ലാതെ മറ്റൊരു ഉത്തരം നമുക്ക് സാധ്യമല്ല തന്നെ


* * * * * * * * * *

Saturday, August 25, 2018

കാഴ്ച



ണ്ണുകൾ പാതി മാത്രമാണ് അടഞ്ഞിരുന്നത്.
ആരൊക്കെയോ കാണാൻ ബാക്കിയുണ്ട്. അതാണ് കണ്ണുകൾ പൂർണ്ണമായും അടയാതിരിക്കാൻ കാരണമെന്ന് മുതിർന്നവരിൽ ചിലരുടെ കണ്ടെത്തൽ വെള്ളത്തുണിക്കുള്ളിൽ കിടന്ന് ആസ്വദിച്ചു. 
അടക്കിപ്പിടിച്ച വർത്തമാനങ്ങൾ. വേർപാടിന്റെ വിതുമ്പിപ്പൊട്ടലുകൾ.

ഭൂമിയിൽ അയാളുടെ വീട്ടുമുറ്റത്തും അകത്തെ ഇരുട്ടിലും കണ്ണീരു പെയ്തു നിറഞ്ഞു. ലോകത്തിന്റെ വിവിധ കോണുകളിലുള്ള പരിചയക്കാരിൽ പലരും മരണവാർത്ത അറിഞ്ഞില്ലല്ലോ  എന്ന് സങ്കടപ്പെടുന്നത് നിശ്ചലമായി കിടക്കുമ്പോഴും ചെവിയിൽ കിരുകിരുപ്പായി തട്ടുന്നുണ്ട്.

സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു...
എൻ സ്വദേശം കാൺമതിന്നായ് ഞാൻ തനിയെ പോകുന്നൂ...

മരണനേരത്തും കുഴിയിലേക്കെടുക്കുമ്പോഴും സംഗീതസാന്ദ്രമാകണം അന്തരീക്ഷം. അയാൾ പലപ്പോഴായി പലരോടും പറഞ്ഞതാണ്. 
പിറവിദിനം തൊട്ട് ഇങ്ങ് അവസാനനാൾ വരെ നടന്നതും നടക്കാതിരുന്നതും എണ്ണിപ്പറഞ്ഞ് അലമുറയിടലിൽ വലിയ കഥയൊന്നുമില്ല.  വഴിയാത്രക്കാരും വഴിവക്കിൽ വെറുതെ നിൽക്കുന്നവരും അറിയാതെ ലയിച്ചു നിൽക്കണം. സംഗീതത്തിന്റെ താളക്കൊഴുപ്പിൽ ഉരുളുന്നത് ശവമഞ്ചമാണെന്ന തോന്നൽ പോലും കാഴ്‌ചക്കാരിലുണ്ടാവരുത്.

സെമിത്തേരിയുടെ കവാടം വരെ സംഗീതം നീണ്ടു.
മതിക്കെട്ടിനകത്തെ കല്ലുപേടകങ്ങളിൽ ഉള്ളിൽ എന്നോ ദ്രവിച്ചു പോയ ദേഹത്തെ ഓർമ്മിപ്പിക്കാൻ പേരും മരണനാളും കൊത്തിവെച്ചിരിക്കുന്നു. മരണക്കുടിൽ പോലെ അവിടെയും നിശ്ശബ്ദത മുനിഞ്ഞു. കല്ലറകൾക്കു മുകളിലൂടെ ജീവനുള്ള ഒരു കാറ്റ് ഇഴഞ്ഞുരുണ്ടു.

ശവമടക്ക് കഴിഞ്ഞ് ആളുകൾ പിരിഞ്ഞു. അവിടമാകെ പരന്നിരുന്ന വെയിലും മങ്ങി. 

ഇപ്പോൾ മണ്ണും മരങ്ങളുമില്ലാത്തൊരു മുനമ്പിലെത്തിയിരിക്കുന്നു അയാൾ.

കണ്ണെത്താദൂരം നീണ്ടു പുളഞ്ഞ്.. തിങ്ങിപ്പരന്ന മേഘങ്ങൾക്കിടയിൽലൂടെ  ഒറ്റയടിപ്പാത തെളിഞ്ഞു. ആ വിജനതയിലൂടെ ഏറെദൂരം യാത്ര ചെയ്തു. മേഘങ്ങളാൽ ചുറ്റപ്പെട്ട ഒരു തുരുത്തിലാണ് യാത്ര യവസാനിച്ചത്.

അവിടെ വിവിധ വർണ്ണങ്ങളിലുള്ള വസ്ത്രങ്ങൾ വെയിലത്ത് വെട്ടിത്തിള ങ്ങുന്നു. മറുഭാഗത്ത് കുറെ മനുഷ്യരുടെ നിഴലുകൾ.

പൊടുന്നനെ തെളിഞ്ഞ വെളിച്ചപ്പൊട്ടിൽ നിന്ന് അന്നേരം ഒരശരീരി ഉണ്ടായി.
'നീ കാണുന്ന വസ്ത്രങ്ങൾ നിനക്ക് മുമ്പേ മരിച്ചവരുടേത്. 
നിഴലുകൾ ഇനി   ജനിക്കാനിരിക്കുന്നവരുടേതും'

മരിച്ചവർക്കിനി ഉടയാടകൾ ആവശ്യമില്ലേ ?
ജനിക്കാനിരിക്കുന്നവർക്ക് നിഴലുകളുണ്ടാവ്വോ ?

ആരോടെന്നില്ലാതെ സംശയം അയാളുടെ ഉള്ളിൽ നിന്നും കുതറി.

'ഇത് മാത്രമാണോ നിനക്കിനി ബോധ്യപ്പെടാനുള്ളത്. പ്രപഞ്ചത്തിന്റെ സർവ്വ സത്യങ്ങളും അറിയാമെന്ന അഹങ്കാരമുണ്ടല്ലോ ആ വാക്കുകളിൽ..

പ്രകാശബിന്ദു തൊട്ടുമുമ്പിലെന്ന പോലെ കൂടുതൽ തിളങ്ങി. 
മേഘത്തൂവൽ അവിടമാകെ തെന്നിപ്പറന്നു. അയാൾ വെളിച്ചത്തിലേക്ക് കൂടുതൽ അടുത്തു നിന്നു.

മുമ്പേ മരിച്ചുപോയവർ നിന്നെ ഓർക്കുന്നില്ല. ജനിക്കാനുള്ളവർ നിന്നെ അറിയാനുമിടയില്ല. നിന്റെ നിസ്സാരത ഇപ്പോൾ തിരിച്ചറിയുന്നു, അല്ലെ?

അശരീരിയിൽ പരിഹാസധ്വനി. 
വെളിച്ചത്തിൽ നിന്നു മുഖം മറയ്ക്കാൻ  അയാൾ മേഘമറവിലേക്ക് ഒതുങ്ങി.

ഒളിച്ചു നിൽക്കാൻ ഇടം തേടുകയാണോ?

വെളിച്ചം പാലിനേക്കാൾ വെളുത്തു.

ഇവിടെയെത്തുന്നതിനു മുമ്പുള്ള ജീവിതം ഓർമ്മയുണ്ടോ?
ആരായിരുന്നു നീ..
എന്തായിരുന്നു നിന്റെ പത്രാസ്.
മനുഷ്യരെ അകറ്റാൻ ഓരോ കാരണങ്ങൾ പറഞ്ഞു, പല കളങ്ങൾ വരച്ച് എന്തൊക്കെയാണ് നീ ചെയ്തു കൂട്ടിയത്.
സ്വന്തം വീട്ടുമുറ്റത്തേക്ക് ഒന്ന് നോക്കൂ... സ്നേഹമെന്ന ഒറ്റവാക്കിനാൽ ചുറ്റിവരഞ്ഞിരുന്ന ഏതാനും ഹൃദയങ്ങൾ മാത്രം അവിടെ വിങ്ങിപ്പൊട്ടു ന്നുണ്ട്. 
നീ കെട്ടിപ്പൊക്കിയതൊക്കെ തോന്നലുകളായിരുന്നു.

അയാൾ കണ്ണുപൂട്ടി നിന്നു.
വെളിച്ചം മുഖത്തേക്ക് തെറിക്കുന്നത് അറിയുന്നില്ലെന്ന് ഭാവിച്ചു.

അന്നേരം തീച്ചൂട് തൊടുന്ന പോലൊരു കാറ്റ് മേഘപടലങ്ങൾക്ക് മുകളിലൂടെ വീശിയടിച്ചു.
വെളിച്ചം മങ്ങിത്തുടങ്ങി.

കണ്ണുതുറന്നു കൈകൾ കൂപ്പി, അയാളിൽ നിന്ന് പ്രാർത്ഥന പോലെ ചില വാക്കുകൾ ഇറ്റിവീണു.

മണ്ണിൽ ഇനിയൊരു ജന്മം സാധ്യമാണോ?

ഇനിയൊരു ജന്മമോ.. എന്തിന്?

മനസ്സിൽ നന്മ മാത്രം നിറച്ചു വെക്കാൻ.. മതിൽക്കെട്ടുകൾ നിർമ്മിക്കാതെ സകല മനുഷ്യരെയും സ്നേഹിക്കാൻ...

അയാൾ കൊതിയോടെ ഭൂമിയിലേക്ക് നോക്കി. മണ്ണിൽ വിവിധ പൂക്കൾ നിറഞ്ഞു നിൽക്കുന്നു. 
ജീവിച്ചിരുന്നപ്പോൾ കണ്ണിൽ പെടാതിരുന്ന കാഴ്ച.

'മണ്ണിൽ ഇനിയൊരു ജന്മം..'
അയാൾ ചോദ്യം ആവർത്തിച്ചു.

കടുകുമണിയോളം ചെറുതായ വെളിച്ചം പൊടുന്നനെ അണഞ്ഞു.
ഇരുട്ടുമൂലയിൽ അയാളുടെ ശബ്ദം ഒടുങ്ങി.
മുമ്പിലെ ഒറ്റയടിപ്പാത മേഘപ്പുറ്റുകൾ നിറഞ്ഞ്, കാഴ്ചയിൽ നിന്ന് മാഞ്ഞു. 

അനന്തരം, വസ്ത്രക്കൂനയുടെ മുകൾഭാഗത്ത് തന്റെ നിറമില്ലാത്ത കുപ്പായവും കാണുമെന്നയാൾ തീർച്ചപ്പെടുത്തി.



* * * * *

NB : ഇന്ന് തിരുവോണം.

ഇന്ന് പത്രം അവധി. നാളെ പത്രം ഉണ്ടാവില്ല. 
ആയതിനാലാവാം ഇന്നത്തെ (ശനിയാഴ്ച) പത്രത്തിനൊപ്പം 
ഞായർപേജ് വന്നത്.



Wednesday, August 15, 2018

സ്വാതന്ത്ര്യ ദിനം



അന്നൊരു പാതിരാ നേരത്തുദിച്ചു സ്വാതന്ത്ര്യത്തിൻ നവസൂര്യൻ 
വെള്ളിവെളിച്ച പ്പാരിന്നഴകായി പാറിവിളങ്ങി പുതുശോഭ 
ആളൊഴിഞ്ഞൊരു വീഥി പ്രകാശത്തിൽ നിവരുന്നു 
ആയിരങ്ങളന്നേരം പ്രാർത്ഥനയിൽ കൺചിമ്മുന്നു 

ദേശത്തിന്നഭിമാനം കാക്കാൻ വീരമൃത്യു പൂകിയ യോദ്ധാക്കൾ 
ആകാശദേശത്തിരുന്നവർ ചിരി തൂകി മൂവർണ്ണ പതാകയിൽ കൈതൊട്ടു 
എൻ രാജ്യമെൻ സോദരർ ... എന്റെ നിലാവും സ്വർഗ്ഗതുല്യമായൊരു മണ്ണും 
ഇതെന്റെ ദേശമിതെന്റെ ഭാഷയും, ഇതെന്റെ ജീവനിൻ സംഗീതസൗഭഗം 

ഇനി, നിങ്ങൾ നിർമ്മിക്കും ദേശത്തി ൻ ഭൂപടം
ഇനി മാറ്റിയെഴുതിക്കും നന്മ തന്നക്ഷരപ്പെരുമകളോരോന്നും 
മനുഷ്യരെ പലചതുരപ്പൊത്തിൽ ഒളിപ്പിക്കും 
ഒടുക്കം നിങ്ങളവർക്കായ് മുതലക്കണ്ണീരൊലിപ്പിക്കും 

ഇല്ല, ഞങ്ങൾ തോറ്റൂ തരില്ല, ജീവൻ വെടിഞ്ഞും ജയിക്കാൻ പ്രയത്നിക്കും ആശയായ് കൺമുമ്പിൽ തെളിയുമാം ജീവതേജസ്സ്‌ പിന്നെയും 
സ്വാതന്ത്ര്യമാണമൃതമെന്നോതിക്കൊണ്ടങ്ങനെ...
വട്ടക്കണ്ണട, പല്ലില്ലാത്തൊരു ചിരി, 
നിറമില്ലാകാഴ്ചയായ് വടികുത്തി നീങ്ങുന്നു 

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെജീവിതം 
പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം..
സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെജീവിതം 
പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം...!

********************************************************* 

Saturday, July 28, 2018

ഭാരതിയമ്മയുടെ രാജ്യം



പന്നിയങ്കര ശങ്കരവിലാസം സ്‌കൂളിലെ ക്ലാസ്സുമുറിയിൽ പിൻബെഞ്ചിനും പിറകിലെ ഇത്തിരിമൂലയിൽ കാൽമുട്ട് നിലത്തമർത്തി, വാനരഭാവഹാദികൾ മുഖത്ത് വരുത്തി സഹപാഠികളെ ചിരിപ്പിക്കുമ്പോൾ ഒരിക്കലും ദേഷ്യപ്പെടാത്ത സഗുണടീച്ചറുടെ ചുളിഞ്ഞ പുരികമുഖം എന്റെ മുൻപിൽ വന്നു നിൽക്കുന്നത് ഓർമയിൽ മങ്ങാതെ നിൽക്കുന്നു.

മുഖത്ത് ഭാവം വരുത്തേണ്ട കാര്യമില്ലെന്നും നീയൊരു 'കുരങ്ങൻ' തന്നെയാണെന്ന് പറഞ്ഞ് ചൂരലോങ്ങുകയും ചെയ്യുമ്പോൾ ക്ലാസ്സിൽ കൂട്ടച്ചിരിയാണ്.

ഞങ്ങളുടെ ക്ലാസ്സിന്റെ പിറകുവശത്തായിരുന്നു ഉപ്പുമാവ്പുര സ്‌ഥിതി ചെയ്തിരുന്നത്. ഉപ്പുമാവുണ്ടാക്കിയിരുന്നത് ഭാരതിയമ്മയും.
മെലിഞ്ഞു നീണ്ട്, നരച്ച സാരിയും ധരിച്ച് സ്‌കൂൾമുറ്റത്ത് ആദ്യമെത്തിയിരുന്നത് അവരായിരുന്നു.
ജീവിതത്തിന്റെ സർവ്വ വേവലാതികളും ആ മുഖത്തുനിന്നും വായിച്ചെടുക്കാം. അത്രയ്ക്ക് ദയനീയമായൊരു രൂപമായിരുന്നു അവരുടേത്.

ഉപ്പുമാവ് വാങ്ങാൻ എല്ലാ കുട്ടികളും വീട്ടിൽ നിന്നും പാത്രമെടുത്തു വരുമായിരുന്നു. എന്റെ വീട്ടിൽനിന്നും പാത്രം തരില്ല, എന്നുമാത്രമല്ല സ്‌കൂളിൽ നിന്ന് ഉപ്പുമാവ് വാങ്ങിക്കഴിക്കരുതെന്ന് താക്കീതുമുണ്ടായിരുന്നു.

കുട്ടികൾക്കെല്ലാവർക്കും ഉപ്പുമാവ് വിതരണത്തിന് നേതൃത്വം നൽകിയിരുന്നത് ഞങ്ങളുടെ അറബിമാഷായിരുന്നു. ഉപ്പുമാവ് വാങ്ങിക്കഴിച്ച് എല്ലാവരും അവിടം വിട്ടുപോയാലും ഭാരതിയമ്മയുടെ ജോലി തീർന്നിട്ടുണ്ടാവില്ല. പാത്രങ്ങളെല്ലാം കഴുകിവെച്ച് പരിസരമാകെ വൃത്തിയാക്കി പിന്നെയും ഏറെനേരം കഴിഞ്ഞേ ഭാരതിയമ്മ വീട്ടിലേക്ക് പോവുകയുള്ളൂ.

ചില ദിവസങ്ങളിൽ ഭാരതിയമ്മ അവധിയായിരിക്കും. അതിനു കാരണം എന്താണെന്ന് ഞങ്ങൾ കുട്ടികൾക്കറിയില്ല. മൂന്നുദിവസം തുടർച്ചയായി ഉപ്പുമാവില്ലാത്ത മധ്യാഹ്നങ്ങൾ ഞങ്ങളിലൂടെ കടന്നു പോയി. നാലാംദിവസം പതിവിലും നേരത്തെ എത്തിയ ഭാരതിയമ്മയെ കണ്ട് ഞങ്ങൾ സന്തോഷിച്ചു.

ക്ലാസ്സിൽ കയറി ആദ്യബെൽ മുഴങ്ങിയ ഉടനെത്തന്നെ സഗുണടീച്ചർ ഞങ്ങളെയെല്ലാം വരിയായി നിർത്തി സ്‌കൂളിന് പിറകിലെ വിശാലതയിലേക്ക് നടത്തിച്ചു.  ഇന്ന് അസംബ്ളിയുണ്ടെന്ന് ക്ളാസ്സ്‌ലീഡർ  പറഞ്ഞത് പല ചെവികൾ മറിഞ്ഞ് എന്റെയടുത്തുമെത്തി.
എല്ലാ ക്ലാസിലെയും കുട്ടികൾ മുറ്റത്ത് നിരയായി നിറഞ്ഞപ്പോൾ നാലാംക്ലാസ്സിലെ സുനിൽ ഞങ്ങൾക്കഭിമുഖമായി വന്നു.

'ഭാരതം നമ്മുടെ രാജ്യമാണ്..
ഭാരതീയരെല്ലാം നമ്മുടെ സഹോദരീ സഹോദരന്മാരാണ്..'

സുനിൽ ഉറക്കെ പറയുകയാണ്.
എല്ലാവർക്കുമൊപ്പം എന്റെ ശബ്ദവും.

'ഭാരതിയമ്മയുടെ രാജ്യമാണ്..'

അങ്ങനെ പറയുകയും ഭാരതിയമ്മയുടെ രാജ്യമേതായിരിക്കുമെന്ന് ഞാൻ ചിന്തിക്കുകയും ചെയ്തു.

അസംബ്ലി കഴിഞ്ഞു.
ക്ലാസ്മുറിയിലെത്തിയപ്പോൾ ഞാൻ പറഞ്ഞ ഭാരതിയമ്മയുടെ രാജ്യത്തെക്കുറിച്ച് സഗുണടീച്ചറോട് മജീദാണ് സൂചിപ്പിച്ചത്.
ക്ലാസിൽ കൂട്ടച്ചിരി ഉയർന്നു.
സഗുണടീച്ചർ മാത്രം ചിരിച്ചില്ല. അവരെന്റെ അടുത്തേക്ക് വന്നു.

'നീ പഠിക്കാനാണോ അതോ, കുരങ്ങു കളിക്കാനാണോ സ്‌കൂളിൽ വരുന്നത്?'

അധികമാരോടും ദേഷ്യപ്പെടാത്ത, കുട്ടികളെ തല്ലാത്ത സഗുണടീച്ചറുടെ കൈയിലെ ചൂരൽ എന്റെ കൈവെള്ളയിൽ മൂന്നുതവണ വന്നുവീ ണു.

അന്ന് ക്ലാസിൽ മുഖം കുനിച്ച് ഞാനിരുന്നു. ആരുടെ മുഖത്തേക്കും ഞാൻ നോക്കിയില്ല. ടീച്ചറുടെ മുഖഭാവവും എന്നെ അലട്ടിയില്ല.

ഏറെ വർഷങ്ങൾക്ക് ശേഷം പല വീടുകളിൽ താമസിച്ചൊടുവിൽ സഗുണടീച്ചർ എന്റെ വീടിനടുത്തേക്ക് താമസം മാറിവന്നു.
ഒരിക്കൽ  വീട്ടിനുമുന്പിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ ടീച്ചർ പറഞ്ഞതിങ്ങനെ :

"ഞാൻ പഠിപ്പിച്ച എല്ലാ കുട്ടികളും മുൻപിൽ വന്നു നിന്ന് ടീച്ചറേ എന്നു വിളിക്കുമ്പോൾ എനിക്കവരെ പെട്ടെന്നോർക്കാൻ കഴിയാറില്ല.
പക്ഷെ, നിന്നെ എനിക്കോർമ്മയുണ്ട്."


മാതൃഭൂമി ആഴ്ചപ്പതിപ്പ്
2018 ജൂലൈ 29 - ഓഗസ്ററ് 4, പുസ്തകം 96, ലക്കം 20 

*******************************************************************************